പുളിമാവ് ഗ്രാമം കാഞ്ഞിരപ്പള്ളിയിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ അകലെയാണ്. മാതാവിന്റെ grotto കഴിഞ്ഞു കൽപ്പടവുകൾ കയറി ആകാശത്തേക്ക് ഇരു കൈകളും വിടർത്തി നിൽക്കുന്ന യേശുവിന്റെ വലിയ പ്രതിമ സ്ഥാപിച്ചിരിക്കുന്ന വലിയ പള്ളിയുടെ ഇടതു വശത്തുള്ള സെമിത്തേരിക്ക് അപ്പുറമുള്ള ഇടുങ്ങിയ വഴിയിലൂടെ നടന്നു പടർന്നു വിടർന്നു തണൽ വിരിച്ചു നിൽക്കുന്ന വാക മരത്തിന്റെ വലതു വശം ചേർന്നു താഴേക്കു നടക്കുമ്പോൾ പള്ളിയുടെ വലിയ കോൺക്രീറ്റ് കമാനം. കാമനത്തിനു മുൻപിലുള്ള വഴി തമ്പക്കാട്ടേക്കാണ്. ആ വഴി മൃഗാശുപത്രിയും, വലിയ സിംഹങ്ങൾ വാ പൊളിച്ചു നിൽക്കുന്ന ലോഹത്തിൽ തീർത്ത സിംഹത്തിന്റെ വായിൽ കൂടു വച്ച് വാഴുന്ന തേനീച്ച കൂടുള്ള മാളിക വീടിന്റെ വലിയ കവാടത്തിന് അരികെയുള്ള പനിനീർ പൂതോട്ടവും, എപ്പോഴും ചാണകം മണക്കുന്ന വലിയ തൊഴുത്തും കടന്ന് മുന്നോട്ടു പോയാൽ തയ്യൽക്കാരി യുടെ വീടായി.


തയ്യൽകാരിയുടെ വീടിനടുത്തുള്ള ചെറിയ പുഴ. മീനച്ചിൽ ആറിന്റെ ചെറിയ കൈവഴിയായ ഈ പുഴയെ ഞാൻ ശോശപ്പുഴ എന്നാണ് വിളിച്ചിരുന്നത്. കാരണം ഞാൻ സ്കൂളിൽ പോകുമ്പോൾ എന്നും രാവിലെ പുളിമാവിൽ ഉള്ള ശോശ ചേടത്തി ഈ പുഴയിൽ കുളിക്കുന്നത് കാണുമായിരുന്നു. പുഴക്ക് പ്രത്യേകിച്ച് ഒരു പേര് ഉള്ളതായി എനിക്ക് അറിയില്ലാത്തതിനാൽ ഞാൻ പുഴയെ ശോശപുഴ എന്ന് വിളിച്ചു. എന്റെ പെങ്ങൾക്കും, കൂട്ടുകാരൻ ജോബി മാത്യുവിനും മാത്രമേ എന്നെ കൂടാതെ ഈ പേര് അറിവുണ്ടായിരുന്നുളൂ..


ശോശപുഴ കടന്ന് ചെറിയ കയറ്റം കയറി ചെന്നാൽ ഗ്രാമ സേവകന്റെ ആപ്പീസാണ്. ആഴ്ചയിൽ ഒരു ദിവസം ഗ്രാമ സേവകൻ വന്നിരിക്കുന്ന ആ പഴയ കെട്ടിടത്തിന് മുൻപിൽ വേനൽക്കാലത്തു പുളിമാവിലെ കിണറുകളിൽ വെള്ളം വറ്റുമ്പോൾ ഗ്രാമത്തിലെ ആളുകൾക്ക് കോരാൻ വലിയ ഒരു കിണർ നിർമ്മിച്ച് വച്ചിരുന്നു. അതിന്റെ ചുറ്റും വലിയ കരിങ്കൽ ഭിത്തിയും പണിതിരുന്നു. ശോശപ്പുഴയിൽ നിന്നെത്തുന്ന വറ്റാത്ത ഉറവകൾ കിണറിനെ എന്നും സമ്പുഷ്ടമായ ജല സ്രോതസാൽ നിറച്ചിരുന്നു.


ഗ്രാമ സേവകന്റെ ആപ്പീസ് കഴിഞ്ഞു അല്പം മുന്നോട്ടു പോയി വലത്തേക്ക് തിരിഞ്ഞാൽ പുളിമാവ് ഗ്രാമത്തിലേക്കുള്ള ചെമ്മൺ പാത തുടങ്ങുകയായി.. ഇടതു വശത്തു ഉയർന്നു നിൽക്കുന്ന കയ്യാല മുകളിൽ എപ്പോഴും പാരിജാത പൂക്കൾ വിടർന്നു വിലസിയിരുന്നു.. ആ പരിമളം പുളിമാവിന്റെ പ്രവേശന കവാടത്തെ ഒരു പൂക്കളുടെ ഗ്രാമമാണെന്നു തെറ്റിദ്ധരിപ്പിച്ചിരുന്നു.. മണമില്ലാത്ത മഞ്ഞ കോളാമ്പി പൂക്കളും, ആറുമാസ ചെടികളും (കൃഷ്ണ കിരീടം )പിന്നെ വൃത്തികെട്ട മണമുള്ള ആഴാന്ത മരത്തിന്റെ പൂക്കളും പുളിമാവിൽ ഏറെ ഉണ്ടായിരുന്നു.. എന്നാൽ വാവയും മേരിയും താമസിച്ചിരുന്ന വീട്ടിൽ നിറയെ പിച്ചകപ്പൂക്കൾ വർഷത്തിൽ എല്ലാദിവസവും പൂത്തുലഞ്ഞു നിന്നിരുന്നു.


പത്തേക്കറിൽ കൂടുതൽ വരുന്ന വലിയ ഒരു റബ്ബർ തോട്ടത്തിൽ ആണ് വാവയും ഭാര്യ മേരിയും താമസിച്ചിരുന്നത്. അവർ ആ തോട്ടത്തിലെ റബ്ബർ വെട്ടുകാരായിരുന്നു. തോട്ടത്തിനു കിഴക്കുവശം വലിയ ഒരു തടികൊണ്ട് നിർമിച്ച വീടുണ്ടായിരുന്നു. വലിയ തളങ്ങളും ഇളം തിണ്ണകളും ഉള്ള വീട്ടിൽ ആരും താമസം ഉണ്ടായിരുന്നില്ല. റബ്ബർ തോട്ടത്തിന്റെ മുതലാളി അമേരിക്കയിൽ നിന്നും വർഷത്തിൽ ഒരു തവണ മാത്രം അവിടെ വന്നിരുന്നു.
റബ്ബർ ഷീറ്റ് ഉണങ്ങിയത് എല്ലാമാസവും ജീപ്പിൽ വന്നുകൊണ്ടുപോകുന്നത് ടൈറ്റൻ സേവിയർ ആയിരുന്നു.


റബ്ബർ തോട്ടത്തിന്റെ പടിഞ്ഞാറെ മൂലയിൽ റബ്ബർ ഷീറ്റു ഉണക്കുന്ന പുകപ്പുരയോട് ചേർന്നുള്ള പഴയ പശുത്തൊഴുത്തു രൂപമാറ്റം വരുത്തി നിർമ്മിച്ച ഒരു വീട്ടിലാണ് വാവയും ഭാര്യ മേരിയും താമസിച്ചിരുന്നത്..
ഞാനും പെങ്ങളും എന്നും സ്കൂളിൽ പോകുന്നത് വാവയും മേരിയും താമസിക്കുന്ന റബ്ബർ തോട്ടത്തിന്റെ സൈഡിലുള്ള ഇടവഴിയിൽ കൂടിയായിരുന്നു. വഴിക്കു അടുത്തായുള്ള കിണറിനോട് ചേർന്നായിരുന്നു മേരി പിച്ചകവള്ളി നട്ടു നനച്ചതു.. അതിൽ കുലകുലയായി നല്ല സുഗന്ധം പടർത്തി എന്നും നിറയെ പിച്ചക പൂക്കൾ വിടർന്നു നിന്നിരുന്നു… പെങ്ങൾ ചിലപ്പോഴൊക്കെ പിച്ചകപ്പൂക്കൾ കയ്യെത്തിച്ചു പൊട്ടിക്കുമ്പോൾ വെളുത്ത ചട്ടയും മുണ്ടും ധരിച്ച മേരി ഓടി വരും. നന്നേ കറുത്ത മേരിയെ തൂവെള്ള ചട്ടയിലും മുണ്ടിലും കാണാൻ നല്ല ഭംഗിയായിരുന്നു. വെളുത്ത പേളുകമ്മലും, മാതാവിന്റെ പടമുള്ള കറുത്ത വെന്തിങ്ങവും ധരിച്ചു മേരി ഞങ്ങളെ കാണുമ്പോൾ പിച്ചകപ്പൂ വിടർന്നപോലെ ചിരിക്കും.. നല്ല വെളുത്ത പല്ലുകൾ കാട്ടി മേരി ചിരിക്കുമ്പോൾ പിച്ചകപ്പൂവിന്റെ മണം വരുന്നതായി തോന്നുമെന്ന്‌ ഞാൻ പെങ്ങളോട് പറയാറുണ്ടായിരുന്നു.. പെങ്ങൾക്ക് കൈ കുമ്പിൾ നിറയെ പിച്ചകപ്പൂക്കൾ നൽകുമ്പോൾ മേരി എന്നെ നോക്കി കണ്ണടച്ച് കാണിക്കും.. അപ്പോൾ ഞാൻ നാണിച്ചു ചിരിക്കും…..


വാവയെ ഞാൻ എന്നും ദൂരെ നിന്നെ കണ്ടിട്ടുള്ളു.. മേരി ഞങ്ങൾക്ക് പൂക്കൾ അടർത്തി തരുമ്പോൾ ചിലപ്പോൾ വാവ കിണറ്റുകരയിൽ കാണും. വാവ കറുത്ത് മെലിഞ്ഞ ഒരു മനുഷ്യനായിരുന്നു. വാവയുടെ തലയിൽ മുടി തീരെ ഇല്ലായിരുന്നു.. വാവക്ക് മേരിയേക്കാൾ ഒത്തിരി പ്രായവും കൂടുതൽ ആയിരുന്നു. മേരിയെ വാവ ദൂരെ ഏതോ അനാഥാലയത്തിൽ നിന്നും കല്യാണം കഴിച്ചു കൊണ്ടുവന്നതാണെന്നു ഗ്രാമത്തിൽ പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്… വാവയെ ഞാൻ വളരെ കുറച്ചു തവണ മാത്രമേ അടുത്ത് കണ്ടിട്ടുള്ളു.. വാവ അടുത്ത് വരുമ്പോളൊക്കെ ഉണങ്ങിയ ഓട്ടുപാലിന്റെ മണം ആയിരിക്കും..മേരിക്കാണെങ്കിൽ പിച്ചക പൂവിന്റെ മണവും… രണ്ടുപേരും റബ്ബർ വെട്ടുന്നവർ… എനിക്കതിന്റെ ഗുട്ടൻസ് ഒരിക്കലും മനസ്സിലായിരുന്നില്ല…
മേരിയും വാവയും ആ റബ്ബർ തോട്ടം വിട്ടു വളരെ അപൂർവമായേ പുളിമാവ് ഗ്രാമത്തിൽ ഇറങ്ങിയിരുന്നുള്ളൂ… അവർക്ക് വേണ്ടതൊക്കെ ടൈറ്റൻ സേവിയർ അവിടെ എത്തിച്ചു കൊടുത്തിരുന്നു….


ഒരു ക്രിസ്തുമസ് പരീക്ഷ സമയത്തു് മേരിയും വാവയും താമസിക്കുന്ന സ്ഥലത്ത് വലിയ ഒരു കാർ കിടക്കുന്നതു കണ്ടു. അവരുടെ മുതലാളി അമേരിക്കയിൽ നിന്നും വന്നതാകാം എന്ന് ഞാനും പെങ്ങളും ഊഹിച്ചു…ഞങ്ങൾ പരീക്ഷക്ക് പോകുകയും വരികയും ചെയ്യുമ്പോഴൊക്കെ മേരിയെ നോക്കി.. വാവയെ ഒരിക്കൽ കണ്ടതല്ലാതെ മേരിയെ ഒരിക്കലും പിന്നെ അവിടെ കണ്ടില്ല… ക്രിസ്തുമസ് അവധി കഴിഞ്ഞു ഞങ്ങൾ സ്കൂളിൽ പോയപ്പോൾ മേരിയുടെയും വാവയുടെയും റബ്ബർ തോട്ടത്തിന്റെ ഗേറ്റ് വലിയ താഴിട്ട് പൂട്ടിയിരുന്നു..അവിടെ ആരും ഉണ്ടായിരുന്നില്ല…

അവർ ക്രിസ്തുമസ് പ്രമാണിച്ച് അവരുടെ നാട്ടിൽ പോയിരിക്കാം എന്ന് ഞങ്ങൾ കരുതി…എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ പുതിയ രണ്ടു പേരെയാണ് ഞങ്ങൾ ആ തോട്ടത്തിൽ കണ്ടത്..മേരി നട്ടു നനച്ച പിച്ചക വള്ളികൾ എപ്പോഴേ കരിഞ്ഞുണങ്ങി പോയിരുന്നു. ഏറെ നാളുകൾക്കു ശേഷം ഞാൻ എന്റെ കൂട്ടുകാരൻ ഷക്കീറിനൊപ്പം ആ തോട്ടത്തിൽ ആളില്ലതിരുന്ന സമയത്തു് സപ്പോട്ടക്കാ പറിക്കാൻ കയറി…. അവിടെ ഉയർന്നു നിൽക്കുന്ന പുകപുരയും വലിയ പഴയ ചാണക കുഴിയും ചൂണ്ടി അവൻ പറഞ്ഞു… അതു കണ്ടോ അവിടെ ഒത്തിരി പേരെ കൊന്നു ആരും അറിയാതെ കുഴിച്ചിടുന്ന സ്ഥലമാ… അങ്ങോട്ട്‌ നോക്കണ്ട… അവിടെ പ്രേതങ്ങൾ കാണും…. അന്ന് അവൻ പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല…ഇന്നും പലതും മനസിലായിട്ടില്ല… എന്നാൽ മേരിയും വാവയും മണമുള്ള പിച്ചക പൂക്കളും… അതു ഞാൻ മറന്നിട്ടില്ല….. മറക്കുകയുമില്ല ഒരിക്കലും
(സുനു വിജയൻ )

By ivayana