” നിങ്ങൾ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ഏറ്റവും വല്യ പ്രശ്നത്തെക്കുറിച്ചു ഉപന്യസിക്കുക “
ചോദ്യ പേപ്പർ വായിച്ചിട്ടു മിഴുങ്ങസ്യാ എന്നിരിക്കാനെ അപ്പുവിന് സാധിച്ചുള്ളു , ഇതിപ്പോ 15 മാർക്കിന്റെ ചോദ്യവും, അതിനും വേണ്ടി വല്യ പ്രശ്നങ്ങൾ ഒന്നും ഞാൻ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല , നമുക്ക് നമ്മുടെ അനുഭവങ്ങൾ മാത്രേ എഴുതാൻ പാടുള്ളോ , അല്ലെ വേറെ ആരുടെയെങ്കിലും അനുഭവം എഴുതിയാലോ ,അപ്പുവിന്റെ സംശയങ്ങൾ ഇരട്ടിച്ചു , ക്ലോക്ക് സൂചി വളരെ വേഗം ചലിക്കുന്നതായിട്ടു അപ്പുവിന് തോന്നി , വിയർപ്പു തുള്ളി നെറ്റിയിൽ നിന്നും അവന്റെ ഡെസ്കിലേക്കു ഊർന്നു വീണു ,വേറെ ചോദ്യം വല്ലതും എഴുതാം ,
പക്ഷെ എന്നാലും അപ്പു ആശയക്കുഴപ്പത്തിലായി, 4 പര്യായ പദം, 2 ചോദ്യോത്തരം , 3 വിപരീതം, പിന്നെ ശൈലി ഒക്കെ കൂടി ശരിയായാലും 27 മാർക്കെ ആവൂ ,കുണ്ടാമണ്ടി ഉപന്യാസം എഴുതിയെ പറ്റൂ ജയിക്കാനായിട്ടു , ഒരു നിമിഷം ബെഞ്ചിൽ കൈയ്യ് കുത്തി തല ഒന്ന് ഉയർത്തി .ആലോചനയിൽ ..
അമ്പു പെരുന്നാളിന് അളിയനും പെങ്ങളും കൂടി വീട്ടിൽ വന്ന ദിവസം , അളിയന്റെ പെങ്ങളും കൂടെ ഉണ്ടായിരുന്നു, ചേച്ചിയെ കല്യാണം കഴിപ്പിച്ചിട്ടു 1 വര്ഷം ആയി ..അടുത്ത് വരുന്ന , അമ്പു പെരുന്നാളിന് അവരെ വിരുന്നിനു വിളിച്ചതാ വീട്ടിലേക്ക്, നാടൻ കോഴിയും താറാവും ഒക്കെ അപ്പൻ തന്നെ വാങ്ങി കൊണ്ട് വന്നു
എടി മേരിക്കുട്ടി താറാവ് കറി നല്ല കുരുമുളക് ഒക്കെ ഇട്ടു ഞാൻ തന്നെ വെക്കാം,
അയ്യോ അപ്പ അത് വേണ്ട , ‘അമ്മ വെച്ചാ മതി ,എന്ന് ഞാൻ പറഞ്ഞു
ഡാ ചെറുക്കാ നീ അപ്പുറത്തു എങ്ങാനം പോയിരുന്നു പഠിക്കാൻ നോക്ക് , നാളെ നിനക്കു പരീക്ഷയല്ലേ ,
അല്ല നിങ്ങൾക് താറാവ് ഒക്കെ വെക്കാൻ അറിയാവോ, ഒരു ചായ ചൂടാക്കാൻ പറഞ്ഞ ചെയ്യാത്ത ആളാണല്ലോ ,’അമ്മ അപ്പനോട് ചോദിച്ചു
എടി ഒന്ന് പതുക്കെ പറ അവരൊക്കെ അവിടെ ഇരിക്കുന്നു ..
അപ്പൻ ഇപ്പോഴും ഒരു മാറ്റവും ഇല്ലാലോ , എന്ന് പറഞ്ഞു ചേച്ചി ഇടിച്ചു കേറി അടുക്കളയിലോട്ടു വന്നു
എടി മോളികുട്ടി നിന്റെ കെട്ടിയോൻ അവിടെ ഇരിപ്പുണ്ടോ , എന്ന് ‘അമ്മ ചോദിച്ചു
ആ ഉണ്ട് ,
എങ്കിൽ പിന്നെ നീ എന്തിനാ ഇങ്ങോട് അടുക്കളയിലോട്ട് എഴുന്നള്ളിയത് , അതിയാനു ആര് കൂട്ടിരിക്കും,
ഡാ അപ്പൂസേ നിനക്കു ഏതാ പരീക്ഷ , ,ചേച്ചി എന്നോട് ചോദിച്ചതും മലയാളം ഫസ്റ്റാ , ഒന്നും പറയണ്ട ചേച്ചി ആ രാജി ടീച്ചർ ആ പഠിപ്പിക്കുന്നേ , ഒരു കുന്തവും മനസ്സിലാകത്തില്ല , അല്ല അതിനും വേണ്ടി മലയാളത്തിന് എന്താ ഒന്ന് മനസ്സിലാക്കാൻ ,
എടി മോളികുട്ടി നീ അവനു എന്തെങ്കിലും ഒന്ന് പറഞ്ഞു കൊട് , ഞാനും ഇങ്ങേരും കൂടി നിങ്ങൾക്ക് കഴിക്കാൻ എന്തേലും എടുക്കാം ,
അയ്യോ ‘അമ്മ ഞങ്ങൾക്ക് കഴിക്കാൻ ഒന്നും വേണ്ട, ചേട്ടൻ അധികം ഒന്നും കഴിക്കില്ല,
ആഹാ ഇവിടെ വന്നിട്ട് , ഒന്നും കഴിക്കത്തില്ലെന്നോ, പിന്നെന്തിനാ നിങ്ങളെ ഇങ്ങോട്ട് വിളിച്ചേ ,
നിങ്ങൾ അങ്ങൊട് പോയ് ആ ചെറുക്കനോട് എന്തേലും ഒന്ന് പോയ് മിണ്ടു എന്റെ മനുഷ്യ , ഇവിടെ പെണ്ണുങ്ങൾ വർത്തമാനം പറയുന്നത് കേട്ടോണ്ടിരിക്കുവാ ,നീയും പോടാ അപ്പൂസേ , പോയിരുന്നു പഠിക്ക് എന്ന് പറഞ്ഞു ‘അമ്മ ആ സമ്മേളനം പിരിച്ചു വിട്ടു .

എടാ ഉപന്യാസം എഴുതാൻ അറിഞ്ഞുകൂടെങ്കിൽ എഴുതണ്ട നീ പര്യായപദം , വിപരീതം ഒക്കെ പഠിക്ക്, അതൊക്കെ എഴുതിയാൽ തന്നെ പാതി മാർക്ക് ആയി ഇല്ലേ? ,
അപ്പൊ ബാക്കി പകുതിക്കു എന്നാ ചെയ്യും ചേച്ചി ,
ഉപന്യാസത്തിന്റെ ഗൈഡ് ഉണ്ട് , എന്റെ മുറിയിൽ കാണും , അവിടെ പോയ് എടുത്തോണ്ട് വാ ,
ശെരി ഞാൻ എടുത്തിട്ടു വരാം , നിനക്കു അത്രയ്ക്കു നിർബന്ധമാണെങ്കിൽ അതിൽ നോക്കി രണ്ടെണ്ണം കാണാതെ പഠിച്ചിട്ട് പോ ,

ചേട്ടാ ടീവി കണ്ടു ബോർ അടിച്ചിലെ ,ചേച്ചി ചായ കുടിക്ക് എന്ന് ഞാൻ പറഞ്ഞിട്ട് മുകളിലേക്ക് ഞാൻ കേറി പോയ് ,ബുക്ക് എടുക്കുന്നതിനടയിൽ ഗ്ലാസ് താഴെ വീഴുന്ന ശബ്ദം കേട്ട് ഞാൻ താഴേക്ക് ഓടി വന്നു

ചേച്ചിടെ കാലിൽ കൊള്ളാതെ നോക്കണേ , അപ്പു നീ അവിടെ എന്തെടുക്കുവാ,എന്ന് ‘അമ്മ ചോദിച്ചു, ഇങ്ങു വന്നു ആ ചൂല് എടുത്തോണ്ട് വാ ,ഇതങ്ങു തുടച്ചു മാറ്റട്ടെ ,അല്ല അമ്മേ ഇതെന്തു പറ്റിയത് ,
ഒന്നുമില്ലെടാ അപ്പു നിന്റെ പെങ്ങള് ഒരു കസർത്തു കാണിച്ചതാ , അളിയയ്ന്റെ മറുപടി കേട്ട് വീട്ടിൽ ഉള്ളവരൊക്കെ ഞെട്ടി , അപ്പോഴും പേടിച്ചു അവിടെ നിപ്പുണ്ടായിരുന്നു ചേച്ചി, അളിയന്റെ പെങ്ങൾ നിസ്സംഗതയായിട്ടു തന്റെ സാരീയുടെ ഞൊറി നേരെ ആക്കുന്നുണ്ട് ..

ഗ്ലാസ് തൂത്തു മാറ്റി കഴിഞിട്ടു ‘അമ്മ വിളിച്ചു പറഞ്ഞു ,
എടാ അപ്പുവേ മതി പഠിച്ചത് ,ഇനി കഴിച്ചിട്ട് ആവാം പഠിപ്പൊക്കെ , നീ ആ ഫ്രിഡ്‌ജിൽ ഇരിക്കുന്ന ആപ്പിളും മാതളവും ഇങ്ങു എടുത്തേ ,
ആ മേശയിൽ അളിയനും പെങ്ങളും ചേച്ചിയും അപ്പനും കൂടി ഇരുന്നു ,ആ മേശയിൽ നാലു പേരിൽ കൂടുതൽ ഇരുന്നു കഴിക്കാൻ പറ്റില്ല ,അമ്മയും ഞാനും അവിടെ കസേരയിൽ ഇരുന്നു കഴിക്കാൻ തുടങ്ങി ,
താറാവ് കറി നല്ല അസ്സലായിട്ടുണ്ട് എന്ന് അളിയൻ പറഞ്ഞതും
അത് പിന്നെ എന്റെ ഭാര്യ അല്ലെ വെച്ചത് മരുമോനെ
പക്ഷെ അമ്മയുടെ കൈപ്പുണ്യം ഒന്നും മോൾക്ക് കിട്ടിയിട്ടില്ല , അളിയൻ എന്തോ ദേഷ്യത്തിൽ ആണെന്ന് എനിക്ക് തോന്നി
ചേച്ചി അളിയനെ ഒന്ന് നോക്കിയത് ഞാൻ കണ്ടു
മോൾടെ മക്കടെ പേര് എന്താ
അത് ഷാനിയും ശോണയും
ഞങ്ങൾ ഗൾഫിൽ ആയിരുന്നപ്പോ ഞാൻ ഈ കറി ഒക്കെ …
പപ്പാ മതി ഇത് കല്യാണത്തിന് വന്നപ്പോ മുതൽ കേൾക്കുന്നതാ
അപ്പൊ നമ്മൾ പറഞ്ഞു വന്നത് എവിടാ
എന്റെ അളിയന്റെ മക്കൾ ഷാനിയും ശോണയും , പിന്നെ അവരൊക്കെ നല്ല കുടുംബത്തിൽ പിറന്നതായതു കൊണ്ട് നല്ല പോലെ അങ്ങ് വളർന്നോളും
അമ്മച്ചി ഒന്നും മിണ്ടണ്ട എന്ന് തലയാട്ടി അപ്പനോട് പറഞ്ഞു
ചേച്ചി ഭയന്നിരിക്കുവാണെന്ന് മേശയിൽ വിളമ്പി വെച്ചിരുന്ന കറി എടുക്കാൻ പോയപ്പോ എനിക്ക് മനസിലായി
കൈ കഴുകാനായി ചേച്ചി എഴുന്നേറ്റു
ആഹ് അപ്പോഴേക്കും എഴുന്നേറ്റോ ,പകുതി പോലും കഴിച്ചില്ലലോ എന്ന് അളിയന്റെ പെങ്ങൾ പറഞ്ഞപ്പോ ഇത്രെയും മതി ചേച്ചി എന്ന് പറഞ്ഞിട്ട് ചേച്ചി മുഖം കഴുകി
ഓ ശെരി.ശെരി . എങ്കിലേ ഈ മാതളം എങ്കിലും എടുത്തു കഴിക്ക്, കല്യാണം കഴിഞ്ഞു ഒരു വര്ഷമായില്ലേ , ഇത് വരെ വിശേഷം ഒന്നും ആയില്ലലോ , ഈ മാതളം അതിനൊക്കെ നല്ലതാ ..

ചേച്ചിക്ക് വിഷമം ആയി എന്ന് എനിക്ക് മനസിലായി, ചേച്ചിടെ മുറിയിലേക്ക് ധൃതിയിൽ ഓടി പോയ് ,
അവൾ ഞാൻ പറയുന്നത് കേൾക്കാതെ ഓടി പോയത് കണ്ടോ
നീ ഇവിടെ ഇങ്ങനെ ഇരുന്നോ, നിന്നെ എന്തിനു കൊള്ളാം എന്ന് അളിയന്റെ ചേച്ചി പറഞ്ഞത് ഞാൻ കേട്ടു.
അത് പറഞ്ഞു കേട്ടതും ചേച്ചീനെ ആ റൂമിൽ നിന്നും അളിയൻ ആ പടികളിൽ കൂടി വലിച്ചിറക്കി കൊണ്ട് വന്നു, ഇങ്ങോട്ടു വാടി , നീ ഇന്ന് ഇത് കഴിച്ചിട്ടേ ഇവിടുന്നു എഴുനേല്ക്കൂ എന്ന് അലറിയ അളിയൻ അറുക്കാൻ വാങ്ങിയ മൃഗത്തിന്നെ പോലെ പാവം ചേച്ചിയെ വലിച്ചോണ്ടു കസേരയിൽ ഇരുത്തി …

പരീക്ഷ സമയം തീരാറായി , അപ്പു എഴുതിയത് വെട്ടുന്നത് കണ്ടു ടീച്ചർ മുന്നോട്ടു വന്നു ചോദിച്ചു , അപ്പു നീ എന്താ ഈ കാണിക്കുന്നേ ,ഇത്രെയും നേരം കുത്തിയിരിന്നു എഴുതിയത് ഇങ്ങനെ വെട്ടി കളിക്കാനായിരുന്നോ?
അപ്പു എഴുതി വെച്ചത് അവന്റെ കണ്ണ് നീർതുള്ളി കൊണ്ട് തന്നെ മാഞ്ഞു തുടങ്ങിയിരുന്നു …

കുറച്ചു വർഷങ്ങൾക്ക് ശേഷം വേറൊരു അമ്പു പെരുന്നാളിന് ചേച്ചിടെ കുഞ്ഞിന്റെ മാമോദീസയ്ക്കു അപ്പുവിന്റെ കൂട്ടുകാരൻ ഫോട്ടോ എടുക്കാൻ വന്നു
എടാ നിന്റെ ചേച്ചിടെ സെക്കന്റ് മാര്യേജ് അല്ലെ ഇത് എന്ന് അവൻ ചോദിച്ചപ്പോ
ആണെടാ ആദ്യത്തെ ആൾ ഒഴിഞ്ഞു പോയ് , അത് കൊണ്ട് എന്താ ചേച്ചി ഇപ്പൊ കുഞ്ഞും ആയി ഇന്ന് സുഖായിട്ടു ജീവിക്കുന്നു
അപ്പു ഒന്ന് ശ്വാസമെടുത്തിട്ട് ആലോചിച്ചു , അന്ന് ആൾക്കാർ ഒക്കെ ചേച്ചീനെയും അളിയനെയും കുറ്റപ്പെടുത്തുവായിരുന്നു, നിങ്ങൾക്ക് എന്താ കുട്ടികൾ ഉണ്ടാവാത്തെ, നിങ്ങൾക്ക് രണ്ടു പേർക്കും ഒരു പ്രശ്നവുമില്ല എന്നല്ലേ ഡോക്ടർമാർ പറയുന്നേ, അമ്മച്ചി പോലും ഇതൊക്കെ ചേച്ചിയോട് ചോദിക്കുന്നത് കേട്ടിട്ടിട്ടുണ്ട്,പക്ഷെ എനിക്ക് പിന്നീട് മനസിലായി അങ്ങനെ ഒരു അളിയന്റെ കൂടെ ജീവിച്ചാൽ എങ്ങനാ എന്റെ ചേച്ചിക്ക് “വിശേഷം” ഉണ്ടാവുന്നെ , അയാളുടെ സാമീപ്യം കൂടുതൽ ഭയം എന്റെ ചേച്ചിയിൽ ഉണ്ടാക്കി , പേടിച്ചാൽ എങ്ങനെ കുട്ടികൾ ഉണ്ടാകാനാ, എന്തായാലും ആ ബന്ധം തുടരാതിരുന്നത് തന്നെ നല്ലതു, ഇപ്പൊ എന്റെ ചേച്ചി സന്തോഷായിട്ട് ഇരിക്കുന്നു ,
അപ്പുവിന്റെ കണ്ണ് നിറയുന്നത് കണ്ടു അവന്റെ കൂട്ടുകാരൻ ചോദിച്ചു നീ എന്താ കരയുവാണോ
ഹേയ് അല്ല ,
അപ്പു അതൊന്നും അവനോട് പറഞ്ഞില്ല…മൗനം പാലിച്ചു , ആ എഴുതി തീർത്ത ഉപന്യാസം വെട്ടിയത് പോലെ ,

ഒന്നുമില്ലെടാ ഓരോ കാര്യങ്ങൾ ഒക്കെ ഓർത്തപ്പോ…

ഞാൻ പന്തലിലേക്ക് നടന്നു..

അവിടെ ആ മേശയിൽ ഞാൻ വെച്ച താറാവ് കറി ആണെടോ എന്ന് പറഞ്ഞു വിളമ്പുന്ന ആ മനുഷ്യൻ തന്നെയാണ് ഈ വീടിന്റെ നായകൻ, ഒട്ടും പതറാതെ ,തന്മയത്വത്തോടെ അന്നത്തെ ആ സംഭവം കൈകാര്യം ചെയ്ത അപ്പുവിന്റെ അപ്പൻ തന്നെയാ ഈ വീടിന്റെ ലീഡർ , എന്റെ ചേച്ചി ഒരുപാട് സഹിച്ചിട്ടാ അളിയന്റെ കൂടെ ജീവിക്കുന്നേ എന്ന് ആദ്യം മനസിലാക്കിയത് എന്റെ അപ്പനാ,
ദയനീയമായി ‘അമ്മ അളിയനെ അമ്പു പെരുന്നാളിന്റെ അന്ന് നോക്കിയ നോട്ടം ഇന്നും എനിക്ക് ഓർമയുണ്ട് , എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന ഞങ്ങളുടെ ഇടയിലേക്ക് ,മോളെ നീ ഇനി അവന്റെ വീട്ടിലോട്ട് പോവണ്ട എന്ന് ധീരമായി പറഞ്ഞത് അപ്പനാ , അത് എനിക്കും എന്റെ അമ്മയ്ക്കും ചേച്ചിക്കും ഒരേ പോലെ നൽകിയത് തണലിലേക്ക് നടന്നടുക്കുന്ന പോലെ ഒരു അനുഭുതിയാ സമ്മാനിച്ചേ , അതെന്റെ അപ്പന്റെ കരുതലുള്ള ശബ്ദം ആയിരുന്നു …

ഇപ്പൊ എനിക്ക് തന്നെ തോന്നുന്നു എനിക്ക് കുറച്ചു ഒക്കെ ഉപന്യസിക്കാൻ അറിയാമെന്നു , അന്നത്തെ പരീക്ഷ പേപ്പർ ഇന്ന് കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഞാൻ തകർത്തേനെ !!!

By ivayana