1) തേപ്പു പെട്ടികൾ


എന്തു പ്രത്യേകതയാണ് എനിയ്ക്കവളിൽ കാണുവാൻ കഴിഞ്ഞത്..?!
യാതൊന്നും പറയാൻ ഇല്ലായിരുന്നെങ്കിലും പഠനവഴിയിൽ ദിനവും ഒരേയിടത്ത് വച്ച് കണ്ടുമുട്ടുമായിരുന്നു.. ആകസ്മികത മാത്രം.
പിന്നെപ്പിന്നെ മനസ്സിൽ വിരിഞ്ഞത് തിരിച്ചറിയാത്ത വെറുമൊരു ഇഷ്ടം. അപ്പോൾ തോന്നി ഒത്തിരിയെന്തൊക്കെയോ പ്രത്യകതകൾ.. അവളിലുണ്ടെന്ന്!
ഇഷ്ടം, സ്നേഹം, പ്രേമം, പ്രണയം ഇവയ്ക്ക് ഒരേ അർത്ഥമാണോ..? അത് നിർവ്വചിയ്ക്കാൻ കഴിയാതെ കുഴങ്ങി.
ഒന്നിനോടു തോന്നുന്ന “ഒരിത്” തന്നെയല്ലേ ഇഷ്ടം..
അപ്പോൾ സ്നേഹമോ..?
തിരികെ പ്രതീക്ഷിയ്ക്കാത്ത ഒരിഷ്ടം..
ആണോ..? എങ്കിൽ പ്രേമമോ..?
തനിയ്ക്ക് മാത്രം കിട്ടണം എന്നാഗ്രഹിച്ച് ഇഷ്ടപ്പെടുന്നതല്ലേ..?
അങ്ങനെയെങ്കിൽ പ്രണയമോ..?
സ്വന്തമാക്കണം എന്ന ചിന്തയോടെ ഇരുവശത്തു നിന്നും ഒരേ ഇഷ്ടത്തോടെ ആഗ്രഹിയ്ക്കുന്നതും, പരസ്പരം നേടിയെടുക്കുന്നതുമല്ലേ..?
എനിയ്ക്ക് തോന്നിയ വെറുമൊരിഷ്ടം.. അതിന് കാരണമായ യാദൃശ്ചികമായ കണ്ടുമുട്ടലുകൾ.. ഇതിനൊക്കെ എന്തായിരിയ്ക്കും കാരണം..?
അതിനാണോ “നിമിത്തം” എന്നു പറയുന്നത്…?
നിമിത്തങ്ങളിൽ വിശ്വസിച്ചു പോയതു കൊണ്ടാണോ ആയിഷ്ടം വളർന്ന് പ്രേമമായതും.. പിന്നെ പ്രണയമായതും..?
പിന്നിട്ട വഴികളിൽ തിരിഞ്ഞു നോക്കുമ്പോൾ.. ഇടവഴിയിലെ വെളുത്ത മണൽതരികളിലമർന്ന കാൽപ്പാടുകൾ വിദൂരതയിൽ നിന്നും തങ്ങളെത്തേടി പിറകേ വരുന്നതുപോലെ.
പ്രേമിച്ച് പ്രണയിച്ച് പരസ്പരം അകലാൻ കഴിയില്ല എന്നു തിരിച്ചറിഞ്ഞപ്പോൾ നഷ്ടപ്പെടുമോ എന്നൊരു ശങ്ക ഇരു കൂട്ടർക്കും.
ഇഷ്ടപ്പെട്ട് പുറകേ നടന്നതും, പിന്നീട് നഷ്ടപ്പെടരുത് എന്ന് വിചാരിച്ച് കഷ്ടപ്പെട്ടു കൂടെ നടന്നതുമൊക്കെക്കഴിഞ്ഞ് ഒടുവിൽ അത് വലിയ ഒരു സ്വാർത്ഥതയായി മാറി. തന്നിൽനിന്ന് അകലുമോ, മറ്റൊരാളിൽ ചേക്കേറുമോ എന്ന ചിന്ത മനസ്സിന്റെ പിരിമുറുക്കം കൂട്ടി.
സ്നേഹം സ്വാർത്ഥതയായി.. സ്വാർത്ഥത സംശയങ്ങൾക്ക് വഴിമാറി..
ചിന്തകൾ ചിലന്തിവല പോലെ കുടുക്കിട്ടു നിൽക്കേ നിലപാടുകൾ മാറ്റി പിറകേ ഒരു നിഴലായി മാറുവാൻ മനസ്സുറച്ചു.
ചതിച്ചിട്ടു പോകുമോ എന്നു ചിന്തിച്ച പഴമയിൽ നിന്നും, തേച്ചിട്ടു പോകുമോ എന്നു ചോദിയ്ക്കുന്ന ഇന്നത്തെ ശങ്കയിൽ നീയില്ലാതെ എനിയ്ക്കൊരു പുലരിയില്ല..
സ്നേഹം തുളുമ്പുന്ന ഈ മനസ്സിൽ കനലു വീഴ്ത്തിയിട്ട് നീ കടന്നു കളയരുതേ..
ജന്മം മുഴുവൻ ഉരുകിയാലും ഈ ആത്മാവിലെ തീ എരിഞ്ഞടങ്ങില്ല..

2) സ്നേഹത്തിന്റെ മുള്ളുകൾ


ആരാണ് സ്നേഹത്തിന് അതിരുകൾ ഇട്ടത്.?
കറുത്ത പെണ്ണേ കരിങ്കുഴലീ എന്ന് അവളെ നോക്കി സ്നേഹത്തോടെ നീട്ടി പാടിയതിന് അവൾ പരാതി കൊടുത്തു.
വർണ്ണ വിവേചനം കാട്ടിയെന്ന്, നിറം പറഞ്ഞ് താഴത്തിക്കെട്ടിയെന്ന്..!
പൊന്നു തരാം പുടവ തരാം എന്ന് പ്രണയ ഭാവത്തിൽ പാടിയതും പരാതിയിലുണ്ട്..
പ്രലോഭിപ്പിച്ചു എന്ന്.. വശീകരിയ്ക്കാൻ ശ്രമിച്ചു എന്ന്..!
മാനം നിറഞ്ഞ മഴക്കാറേ.. കോരിക്കെട്ടിപ്പെയ്യരുതേ.. എന്ന് കാവ്യ ഭാവനയിൽ പാടി..
പീഢിപ്പിയ്ക്കാൻ ലക്ഷ്യമിട്ട് കാറും കോളും ഉടനേ തീരരുതെന്ന് അപേക്ഷിച്ചത്രേ..!
സ്നേഹത്തിന് അതിരുകൾ വേണ്ടെന്നാണ് എന്റെ പക്ഷം..
പണ്ട് നിശ്ചയിച്ചിരുന്ന പല അതിരുകളും സ്നേഹത്തിന് വഴി തെറ്റാതിരിയ്ക്കുവാൻ ആയിരുന്നു.
പഴയ അതിരുകൾ.. വിലക്കുകൾ ഒക്കെ തൂത്തെറിഞ്ഞത്.. സമൂഹമാണ്.
എങ്കിൽ ഇന്നത്തേത്..?
പുതിയ അതിരുകൾ ഉണ്ടാക്കിയത് ഓരോരോ നിയമങ്ങളാണ്.. സമൂഹമാണ്.
അവസ്ഥ മോശം.. വ്യവസ്ഥ മോശം..
പറയുമ്പോഴും, ചെയ്യുമ്പോഴും ഒന്നു നോക്കുമ്പോൾപ്പോലും കുറഞ്ഞത് മൂന്നു വട്ടം ആലോചിയ്ക്കണം..

3)പ്രണയഗതി


പ്രണയം..
അത് പണയം വയ്ക്കാൻ പറ്റുമോ.? പിടിച്ച് വാങ്ങാനോ അടിച്ചു മാറ്റാനോ കഴിയുമോ..? കുടിച്ചു തീർക്കാൻ പറ്റുമോ..? അറുത്ത് അവസാനിപ്പിയ്ക്കാൻ പറ്റുമോ..?
പക്ഷേ..
പ്രണയത്തിന് മുന്നും പിന്നും ഇല്ല..! കണ്ണും മൂക്കും ഇല്ലെന്ന്..! കനവും കരളും ഉണ്ടാകുമോ?
എന്നാൽ..
കൈയ്യും അതിൽ കത്തിയുമുണ്ടാകാം..
പ്രണയം അടിമത്തമാണ്.. പാതിയിൽ പിന്തിരിയാനാകില്ല..!
അതു കൊണ്ട്..?
പ്രണയിച്ചവർ പിന്നെ വെറുക്കരുത്.. അടിമയാകുക. വെറുപ്പിച്ചാൽ കുത്തും.. ചിലപ്പോൾ കത്തിയ്ക്കും.. ഒന്നും പറ്റിയില്ലെങ്കിൽ.. മലമുകളിലെത്തിയ്ക്കും.. മലഞ്ചരുവിൽ കൊണ്ടുനിർത്തും.. പ്രകൃതിയുടെ വന്യ സൗന്ദര്യം ചൂണ്ടിക്കാട്ടും.. അനന്തമായ അടിവാര ഭംഗി കാട്ടിത്തരും..
എന്നിട്ട്..?
തള്ളി വിടും..
അപ്പോൾ..?
പോകണം.. ഒറ്റയ്ക്ക്..!
പ്രണയമേ..
ഒന്നുമറിയാത്ത നീ അപ്പോഴൊക്കെ ആ കരവലയത്തിന് കൊതിച്ച് കൈകൾ ചേർത്ത് പിടിച്ച് ഞെങ്ങിഞെരുങ്ങിയുരുമ്മി നിൽക്കാൻ കൊതിയ്ക്കും.. തഴുകി മായുന്ന ശീതക്കാറ്റിനെ ചുംബിയ്ക്കും. അപ്പോഴും നീയാ വിരൽത്തുമ്പിന്റെ കരുതലിനായ് കൊതിയ്ക്കും.
അപ്പോൾ..?
പിടികിട്ടില്ല നിനക്ക് ഒന്നും.. ഒരു ചുക്കും. ചിറകറ്റ ജഡായുവിനെപ്പോലെ ഗതിവിട്ട് വീഴും.. അഗാധഗർത്തത്തിൽ.. ചിന്തിയ്ക്കാൻ സമയം ഉണ്ടാകില്ല.. കനവുകൾ കാണാൻ മനസ്സുമുണ്ടാകില്ല.. എഴുന്നേറ്റ് നിൽക്കാൻ ശരിരമുണ്ടാകില്ല.. എല്ലാം തിരിച്ചറിയുമ്പോൾ നിനക്ക് ആകെയുളള ഹൃദയവും തകർന്നു പോകും.. നീ ജഡമായി മാറും.. വെറും ശവം.
പിന്നെ..?
അലയേണ്ടി വരും.. ഗതിയില്ലാതെ.. മോക്ഷമില്ലാതെ.. വെറുമൊരാത്മാവു മാത്രമായി.. ആരും ഭയക്കുന്ന.. വെറുക്കുന്ന ഒരു പ്രേതമായി..
ഒടുവിൽ..?
ആരെങ്കിലും ആവാഹിച്ച് ആണിയിൽ തറച്ചുപോയാൽ നിനക്ക് പിന്നെ ആത്മാവുമുണ്ടാകില്ല..

4)ചില പ്രണയചിന്തകൾ


പ്രണയം..
അതിന് ശരീരവും.. മനസ്സും.. ചിന്തകളും.. ഹൃദയവും.. അത്മാവും ഒന്നും ഇല്ല എന്നു പറഞ്ഞാൽ ശരിയാകുമോ..?
പ്രണയം ഒരു വികാരമാണ്.. ശരീരവും മനസ്സും ഹൃദയവും ചിന്തകളും ഒക്കെയുള്ള ജീവജാലങ്ങളിൽ ആ വികാരം ഉണ്ടാകും.
ദൈവം തൂണിലും തുരുമ്പിലുമുണ്ടെന്ന് പറയുന്നതു പോലെ സസ്യലതാദികളിലും ഈ പ്രണയം എന്ന കുന്ത്രാണ്ടമുണ്ടെന്നാ തോന്നുന്നേ..!
പ്രണയം എവിടെയുമുണ്ടാകാം.. അവിടങ്ങളിൽ നിന്ന് പലപ്പോഴും അത് നമ്മിലേയ്ക്ക് ആവാഹിയ്ക്കപ്പെടാം.. അറിയപ്പെടാതെ കടന്നു വരുന്ന പ്രണയം അറിയാതെ അവിഹിതമായും മാറാം.
പ്രണയം ഒരു പൊല്ലാപ്പാണ്. പ്രണയിയ്ക്കുന്നത് പാപമല്ല.. പ്രണയം എപ്പോഴും സുഖമാണ്.. ചിലപ്പോഴൊക്കെ നോവാണ്.. ചിലത് സുഖമുള്ള നോവ്.. സുഖദ നൊമ്പരം.
അകന്നു പോയാൽ അതൊരു വിരഹമാണ്. വിരഹി ആക്കാനും വിരോധി ആക്കാനും പക വളർത്താനും പ്രതികാരദാഹി ആക്കാനും ഒക്കെ പ്രണയനഷ്ടങ്ങൾക്ക് കഴിയും.
പ്രണയത്തിന് മരണമില്ല.. പക്ഷേ മരണത്തിലേയ്ക്ക് നയിയ്ക്കാൻ അതൊരു കാരണമാകാം..

5)പ്രണയം ഈ പ്രകാരം


പ്രിയതേ നിൻ വശ്യമാം അധരങ്ങൾ മൃദുവായി
പ്രഭതൂകി പുഞ്ചിരിപ്പരിമളം പകരവേ
പ്രകാശം പരത്തും നിൻ മിഴിനോക്കി നിൽക്കവേ
പ്രണയ ശീലുകളെന്റെ മൊഴികളിൽ തിരുകവേ
പ്രാണനിൽ ഒളിതൂകി പ്രണയമിന്നെരിയവേ
പ്രണയാഗ്നിനാളമെൻ ചൊടിമേലെ പടരവേ
പ്രണയ സ്വപ്നങ്ങളാൽ ചിത്തം തിളയ്ക്കവേ
പ്രണവം ഉണർന്നൊരു പ്രാർത്ഥന ചൊല്ലവേ
പ്രാണേശ്വരീ നിന്റെ വചനങ്ങളെന്നിലായ്
പ്രിയതരഗാനമായ് ഈണമിട്ടുണരവേ
പ്രിയമോടെ വർണ്ണങ്ങൾ വാരി വിതറവേ
പ്രിയസഖീ പാതിവഴി പിന്തിരിഞ്ഞെന്തിനായ്
പ്രളയമായ് അണപൊട്ടും പേമാരി പെയ്തുവോ
പ്രതിക്ഷകൾ അണുവിന്റെ പിടിയിൽ ഒടുങ്ങിയോ
പ്രകൃതിതൻ വികൃതിയെ പ്രാകി നിന്നീടുമ്പോൾ
പ്രണയ സല്ലാപങ്ങൾ പേക്കിനാവാക്കിയോ
പ്രണയിനീ ശോകത്തിൻ പെരുമഴ പെയ്യവേ
പ്രണയാർദ്രൻ എന്നെനീ വിരഹിയായ് മാറ്റിയോ
പ്രശ്നങ്ങൾ പ്രതികാരഹേതുവായ് തീർന്നുവോ
പ്രകടമതു പുകയുന്നു പക.. പ്രണയം ഈ പ്രകാരം
✍️

സന്തോഷ് വിജയൻ

By ivayana