രചന : കെ.ആർ.സുരേന്ദ്രൻ✍
ഒരു പനിനീർപ്പൂവ് വിടരുമ്പോലെയാണ്,
ചില പ്രഭാതങ്ങൾ പൊട്ടി വിടരുക.
സൂര്യൻ ഒരായിരം
ഇളംകരങ്ങളായി മന്ദഹാസത്തോടെ
പ്രകൃതിയെ പുണരും.
പക്ഷികൾ പുലരും മുമ്പേ ഉണരും.
പരസ്പരം സ്നേഹഭാഷണങ്ങൾ നടത്തും.
വൃക്ഷശിഖരങ്ങളിൽ ഒരുമിച്ചിരുന്ന്
കൊക്കുരുമ്മി പ്രണയം പങ്കിടും.
ഹരിതവനങ്ങളിൽ അവര്‍
ചിറകിട്ടടിച്ച് പാറി നടക്കും.
ശിഖരങ്ങളിലിരുന്ന് ഊഞ്ഞാലാടി
അവർ രസിക്കും.
ഈണത്തിൽ സംഗീതം പൊഴിക്കും.
ചീവീടുകൾ കൂടുതൽ
ഉത്സാഹികളായി അവരുടെ
സംഗീതാലാപനത്തിന് അകമ്പടിയാകും.
കാവിയും കറുപ്പുമണിഞ്ഞ
ഉപ്പനും വിരഹിണി രാധയും
പരസ്പരം പ്രണയസന്ദേശങ്ങൾ കൈമാറും.
പരിചിതരെങ്കിലും നിത്യേന
അപരിചിതത്വം നടിച്ച്
മുട്ടിയുരുമ്മി കടന്ന് പോകുന്ന
വഴിനടത്തക്കാര്‍ ആ ദിനങ്ങളിൽ
പരസ്പരം പുഞ്ചിരിച്ച്,
ക്ഷേമാന്വേഷണങ്ങൾ നടത്തും.
തെരുവീഥികളിലൂടെ
വാഹനങ്ങൾ മത്സരം മറന്ന്
സൗഹൃദത്തോടെ ഒഴുകും.
പൂന്തോട്ടങ്ങളിൽ ഹിമബിന്ദുക്കൾ
ആഭരണമാക്കിയ നാണംകുണുങ്ങികളായ
പൂക്കൾക്ക് മധുപന്മാർ
പ്രണയ ചുംബനങ്ങൾ നല്കും.
വർണ്ണത്തുമ്പികൾ പാറി നടക്കും.
പെൺകുട്ടികൾ കൗമാരസ്വപ്നങ്ങളിൽ
നീന്തും.
കൊലുസ്സിട്ട് വർണ്ണശലഭങ്ങളായി
അവർ പാറി നടക്കും.
മുതിർന്നവർ അവരുടെ
ആഹ്ളാദപ്രകടനങ്ങളിൽ മന്ദഹസിക്കും.
പ്രണയികൾ ആ ദിനങ്ങളിൽ
പ്രണയസന്ദേശങ്ങൾ കൈമാറും.
കാമുകൻ അവളിൽ പ്രണയത്തിൻ്റെ
*അധരസിന്ദൂരം ചാർത്തും.
ഒരു പനിനീർപ്പൂവ് വിടരുമ്പോലെയാണ്
ചില ദിനങ്ങളിൽ പ്രഭാതം പൊട്ടിവിടരുക.
വിരളമായി, വിരളമായി മാത്രം
സംഭവിക്കുന്ന ഒന്ന്…

