“പിന്നെയും പിന്നെയും പാടും കുയിലെ നിൻ
കണ്ഠമിടറുന്നുവല്ലൊ
പിന്നെയും പിന്നെയും പാടും കുയിലെ നിൻ
തൊണ്ട വരളുന്നുവെന്നൊ !
അന്തമില്ലാതെന്തിങ്ങനെ പാടുവാൻ
അന്തരംഗത്തിലെമോഹം !
ബന്ധം വരുന്നതെന്തിങ്ങനെ പാടുവാൻ
അന്തരംഗത്തിലെ ദാഹം !
നേരം പുലരുന്ന നേരത്തു നിർത്താതെ
നിൻസ്വരമിങ്ങനെ കേൾക്കാം
നേർത്തുവരുന്നതിൻ മുൻപെ നിനക്കല്പ
മാശ്വാസ വിശ്രമം വേണ്ടെ
തോരാതെ പേമാരി പെയ്യുന്ന നേരം നിൻ
സ്നേഹാർദ്രഗീതങ്ങളെത്തും
മഞ്ഞു പുതച്ച കൊച്ചുപുലരിയിൽ
കൊഞ്ചുന്ന പാട്ടുകൾ കേൾക്കാം
മഞ്ജിമ വാരിവിതറും വസന്തത്തിൽ
മഞ്ജീരഗാനമൊഴുകും
മഞ്ഞല തുള്ളിക്കളിക്കുന്ന സന്ധ്യക്ക്
മഞ്ജുഘോഷങ്ങളുയരും !
പിന്നെയും പിന്നെയും പാടും കുയിലെ നിൻ
കണ്ഠമിടറുന്നുവല്ലൊ !
പിന്നെയും പിന്നെയും പാടും കുയിലെ നിൻ
തൊണ്ട വരളുന്നുവെന്നൊ ! “
” ഉള്ളിലടിക്കുന്നയോളങ്ങളങ്ങനെ
കണ്ഠത്തിൽ മുട്ടിവിളിക്കെ
നാദങ്ങളായവ മുന്നോട്ടു തള്ളി ഞാ-
നാശ്വാസം കൊള്ളുകയല്ലൊ
ഉള്ളിൽ തുടിക്കുന്ന വർണ്ണ മയൂരങ്ങൾ
പീലികൾ മെല്ലെ വിടർത്തെ
ഗീതങ്ങളായവ മുന്നോട്ടൊഴുക്കി ഞാ-
നാനന്ദം കൊള്ളുകയല്ലൊ .

എം പി ശ്രീകുമാർ

By ivayana