അടുത്ത വീട്ടിലെ നായയാണങ്കിലും അതിനെ കൊണ്ട് രവിക്കും ഉപകാരമുണ്ട്.. ഒന്നോ രണ്ടോ ദിവസം വീടുംപൂട്ടി എങ്ങോട്ടെങ്കിലും പോയാലും ആ നായ ഒരു ധൈര്യമായിരുന്നു, കരുതലായിരുന്നു.. മതിലിന് അപ്പുറത്തുള്ള കൂട്ടിലാണ് രാത്രിയിൽ നായയുടെ കിടപ്പുമുറി.


മഴ പെയ്താലും നനയാത്ത മേൽക്കുരയുള്ള നല്ല നായവീട്.
ചെറിയ അനക്കം കേട്ടാൽ അവൻ ഉണർന്ന് കുരക്കാൻ തുടങ്ങും. അത് പ്രതിക്ഷേധമാണ് ഒരു തരത്തിൽ പ്രധിരോധവും.. കരുതലുമാണ്.
അടുത്തടുത്ത നാലഞ്ച് വീട്ടുകാർക്ക് മറ്റ് ഉപദ്രവങ്ങളൊന്നും ഇല്ലാതെനോക്കുന്നതും ഇവനാണ്. ഉയരം കുറഞ്ഞ മതിലായത്കൊണ്ട് ശശിയുടെ വീടിൻ്റെ വരാന്തയിൽ ഇരിക്കുന്ന മറ്റുള്ളവരെ കൃത്യമായി കാണാം.. സാധാരണ പോലെ അവരുമുണ്ട്..
സമാന്തരമായി അഞ്ച് വില്ല വീടുകൾ നിര നിരയായുണ്ട്. ബാക്കിയുള്ളവർക്കെല്ലാം ഉയരം കൂടിയ മതിലാണ്.


ശശി വീട്ടിലുള്ള നേരത്ത് ഗേറ്റിനുള്ളിൽ അഴിച്ചുവിടുമ്പോൾ നായക്ക് അഹങ്കാരം ഇത്തിരി കൂടുതലില്ലേ..
അലോചന അവന് ചുറ്റിലും ചുമ്മാ കറങ്ങി നടക്കുകയായിരുന്നു..
ഇന്ന് രാവിലെ മുതൽ നായ വെറുതെ കുരക്കുന്നത് രവി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അപരിചിതരായ ആരങ്കിലും ഇത് വഴി പോയാൽ നായ കുരക്കാറുണ്ട്. കുറുക്കനോ നായയോ പോയാലും ഒച്ച വെക്കും . ആ സമയങ്ങളിൽ മുരൾച്ചയുടെ ശബ്ദം മാറ്റമാണ്. ചെവികൾ രണ്ടും കുത്തനെ നിർത്തിയിട്ടാണ് കുരക്കുക..


രവി ഗേറ്റ് തുറന്ന് പുറത്തിറങ്ങി നോക്കി. റോഡിലോ വഴിയിലോ മറ്റൊന്നും കാണുന്നുമില്ല പിന്നെന്തിനാണ് നായ കുരക്കുന്നത് എന്നാണ് അലോസരപ്പെടുത്തുന്നത്.
പാമ്പിനേയോ കീരിയേയോ കണ്ടാലും നായ ഇതു പോലെ കുരച്ച് കൊണ്ടിരിക്കും ചിലപ്പോൾ അങ്ങിനെയെന്തെങ്കിലും ആവും..
അധിനിവേശത്തിനെതിരെയുള്ള പോരാട്ടം.
നായ അതിൻ്റെ പണിയെടുക്കട്ടെ..
രവി വീട്ടിനുള്ളിലേക്ക് നടന്നു.
ഞായറാഴ്ച ദിവസങ്ങളിൽ മറ്റ് പരിപാടികൾ ഒന്നുമില്ലങ്കിൽ ശശിയും വീട്ടിൽ തന്നെയുണ്ടാകും.. ലീവ് ദിവസങ്ങളിൽ കുറച്ച് നേരം കുശലാന്വേഷണത്തിൽ ഒതുക്കുന്ന സൗഹൃദമാണ്.. കമ്പനി കൂടുന്ന ആളല്ലന്നറിയാം വേറെ കൂട്ട് കെട്ടൊന്നും ഇതുവരെ നേരിട്ട് കണ്ടിട്ടില്ല .


എന്തെങ്കിലും അത്യാവശ്യമുണ്ടങ്കിൽ മാത്രം ഫോണിൽ സംസാരിക്കാറുണ്ട്.
ഇന്നലെ രാത്രി വരുമ്പോൾ രണ്ട് പേരും ലേറ്റായതു കൊണ്ട് കണ്ടിട്ടില്ല.
നായ ഇങ്ങിനെ കുരച്ചിട്ടും അവന് അസ്വസ്ഥത തോന്നുന്നുണ്ടാവില്ലേ.;!
പുറത്തൊന്നും ശശിയെ കാണുന്നില്ലല്ലോ
ചിലപ്പോൾ പുറത്ത് പോയിരിക്കും.. നല്ല ചങ്ങാതിമാരെന്ന് പറയാനാവില്ലങ്കിലും നല്ല അയൽക്കാരാണ്.
അന്ന് ഒരു ഞായറാഴ്ചയായിരുന്നു. രവിയുടെ വീട്ടിലേക്ക് ഓഫീസിൽ നിന്നും മാനേജറടക്കം കുറച്ച് പേര് വരുന്നുണ്ട്..


പുതിയ വിട്ടിൽ താമസമാക്കിയതിന് ശേഷം ആദ്യമായിട്ടാണ് അവരെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. ശശിയെയും അന്ന് വിളിക്കണമെന്ന് വിചാരിച്ചതാണ്. മൂന്ന് നാല് ദിവസമായി നേരിട്ട് കണ്ടിട്ടില്ല.
ഞായറാഴ്ച ഉച്ചഭക്ഷണം വീട്ടിലാക്കാം എന്ന് ഓഫീസിലുള്ളവരോട് മൂന്നാല് ദിവസം മുന്നെ പറഞ്ഞതാണ്. ആരെയും ഇതുവരെ കാണുന്നില്ലല്ലോ..!
സമയം പന്ത്രണ്ടരയാകാറായി.
ഉച്ചഭക്ഷണം കാറ്ററിങ്ങ് ടീo പന്ത്രണ്ട് മണിക്കേ എത്തിച്ചിട്ടുണ്ട്.


കല്യാണപ്പാർട്ടിയെ കാത്തിരിക്കുന്ന പെണ്ണ് വീട്ടുകാരുടെ അവസ്ഥയിലാണ് രവി.
എന്താണ് ആരെയും കാണാത്തത്…? ഫോൺ റിങ്ങടിക്കുമ്പോൾ വെപ്രാളത്തോടെ എടുക്കും. നാം ആരെയെങ്കിലും കാത്തിരിക്കുമ്പോൾ
ഓരോ ഇലയനക്കത്തിനും നെഞ്ചിടിപ്പ് കൂട്ടാനുള്ള ശക്തിയുണ്ടാകും.
ഇതൊന്നുമറിയാതെ നായയും കുരക്കുന്നുണ്ട്
എത്ര കുരച്ചാലും നായയോട് യജമാനന് വെറുപ്പുണ്ടാകില്ല.. ഭക്ഷണം കൊടുക്കാതിരിക്കില്ല..


അഥവാ വീട്ടിലെ ആരെയെങ്കിലും കടിച്ചാലും നായയുടെ കുറ്റമാണന്ന് ആരും പറയില്ല.
ശമ്പളവും പ്രമോഷനും തടയാനാവാത്ത പാവം ശശി .
നായയുടെ മുന്നിലെത്ര നിസ്സാരനാണ്.
ഇതുപോലെ ഏതെങ്കിലും മുതലാളിയോടോ മാനേജരോടോ ഒരാൾ വെറുതെ ഒരു തവണ ഒച്ച വെച്ചാൽ എന്താകും സ്ഥിതി…?
മനുഷ്യന് പോലുമില്ലാത്ത സ്വാതന്ത്ര്യവും ധൈര്യവും ഉള്ളവനാണ് നായ.
ഒരു പ്രശ്നവുമില്ലാതെ പേടിയില്ലാതെ ധൈര്യമായി ഉച്ചത്തിൽ ആരോടോ പ്രതിഷേധിക്കുന്നതാവും.


തൻ്റെ മേനേജർ വരുമ്പോഴും നായ കുരച്ച് കൊണ്ടിരിക്കുമായിരിക്കും..
ഓഫീസിലെ എന്തോ കാര്യം ഓർത്തിട്ടാവണം രവി ഒരു ദീർഘനിശ്വാസത്തിൽ കയറി ഒളിച്ചു.
ഓഫീസിലായാലും വീട്ടിലായാലും വാലാട്ടാൻ മാത്രം വിധിക്കപ്പെട്ട എത്രയോ മനുഷ്യരുണ്ട്. വെറുതെയൊന്ന് മുരളാൻ പോലും പറ്റാത്തവരുടെ അടിച്ചമർത്തുന്ന വികാരങ്ങൾ. ചില വേദികളിൽ അവർ ഇതുപോലെ ഒച്ചയുണ്ടാക്കുന്നതു കൊണ്ടാകാം ചിലർക് അവരോട് വെറുപ്പുണ്ടാക്കുന്നത്.
അപരിചിതരെ കാണുമ്പോൾ കുരക്കുന്നത് പോലെ ചിലപ്പോൾ ശശി വരുമ്പോളും നായ കുരക്കാറുണ്ട്.


കുണുങ്ങിക്കുണുങ്ങി വാലാട്ടിയിട്ടാണ് കുരക്കുക എന്ന് മാത്രം.
ഭാവവും സ്വരവും വേറെയാണ്.
ആടിനെ കണ്ടാലും ആനയെ കണ്ടാലും നായ കുരക്കും… ആളും തരവും നോക്കാതെ തൻ്റെ അവകാശത്തിന് മേൽ നിഴലാകുന്നതിനോട് പോലും പ്രതിഷേധിക്കുന്ന നായ.
ദൈവത്തിനെപ്പോലും പേടിയില്ലാത്ത ജീവിയാണെന്ന് ചന്ദ്രനിൽ നിന്നും അഹങ്കരിക്കുന്ന മനുഷ്യനോ..?
വാലാട്ടനല്ലാതെ കുരക്കാനാവാത്ത
എത്രയോ മനുഷ്യരുടെ ഭൂമികയിൽ
മുക്കലും മൂളലും പോലും അളിഞ്ഞു പോയിരിക്കുന്നു.
പാലം ഉത്ഘാടനത്തിന് മന്ത്രിയും പരിവാരങ്ങളും ഇത് വഴി പോകുമ്പോയും കറുത്ത നായ കുരക്കുന്നുണ്ടായിരുന്നു..


മന്ത്രിയെ നോക്കി കുരച്ചതിനും ഒച്ചയുണ്ടാക്കിയതിനും ഒരു കേസ്സും പോലീസ് എടുത്തില്ല . ഒരുഗതിയും പരഗതിയുമില്ലാതെ ജീവിക്കാൻ കഷ്ടപ്പെടുന്ന വിധേയന് പ്രതിഷേധിക്കാൻ പേടിയാണ് മുതലാളിയെ..
സ്ഥാപനത്തിനെ..
സമൂഹത്തിനെ…
എല്ലാത്തിനെയും പേടിയാണ്.
ഇവരെ എത്ര കഷ്ടപ്പെടുത്തിയാലും പ്രതിരോധമോ പരാതിയോ പ്രതിഷേധമോ ഇല്ലാത്തവരായത് എന്ന് മുതൽക്കാണ് …?
കുറെക്കാലമായി വാലാട്ടി നടന്ന് നടന്ന് ചില മനുഷ്യർ ഒച്ച വെക്കാൻ മറന്ന് പോയിരിക്കുന്നു..


എത്ര കുരച്ചാലും കേസ്സും പൊല്ലാപ്പും ഒന്നും നായക്ക് പേടിക്കണ്ടല്ലോ…!
അതിൻ്റെ ഭക്ഷണവും വെള്ളവും വായുവും ആരും തടയില്ല. അവയെ സംരക്ഷിക്കുന്ന നിയമങ്ങളുണ്ട്.. ഒരു പരാതി എതെങ്കിലും നായ കൊടുത്താൽ മതി…നിയമം പിന്നാലെ വാലാട്ടി വരും.
മുഖ്യമന്ത്രിയെ കണ്ടാലും പ്രധാനമന്ത്രിയെ കണ്ടാലും രാജാവിനെ കണ്ടാലും കുരക്കുന്ന നായക്കാണ് ഈ നാട്ടിൽ സ്വാതന്ത്ര്യവും
സംരക്ഷണവും കിട്ടുന്നത്.
കടികൊള്ളുന്നവർക്കില്ലാത്ത നിയമ സംരക്ഷണം..
എവിടെയും കയറി ആരെയും കടിക്കാം മനുഷ്യർക്കില്ലാത്ത ധൈര്യവും സ്വാതന്ത്ര്യവുമുള്ള ജീവിയെ
മനുഷ്യർ കളിയാക്കി വിളിക്കുന്നത് നായിൻ്റെമോനേ’ന്ന്…
ഒരു ഇന്നോവ കാർ വീടിൻ്റെ മുന്നിൽ വന്ന് നിർത്തി..
ആലോചനയിൽ മുങ്ങിപ്പോയ രവി എണീറ്റു ചിരിച്ച് കൊണ്ട് മുറ്റത്ത് ഇറങ്ങി ഗേറ്റിനടുത്തേക്ക് നടക്കുമ്പോഴും നായ കുരക്കുന്നുണ്ടായിരുന്നു.

മധു മാവില

By ivayana