‘രാവിലെ ഇടപ്പള്ളിയിൽ നിന്നുമെടുത്ത ട്രിപ്പ് കറങ്ങിത്തിരിഞ്ഞ് ഉച്ചയോടെ അവസാനിച്ചത് കടവന്ത്രയിലായിരുന്നു, പിന്നെ അടുത്തട്രിപ്പിന് കാത്തുകൊണ്ട് അവിടെത്തന്നെയിരുന്നു…
കുറച്ചു സമയം കഴിഞ്ഞപ്പോൾ വിശക്കാൻതുടങ്ങി, ഏഴുമണിക്ക് രണ്ടുപുട്ടും കടലയും കഴിച്ചതാണ്..ഊബർ ഓഫ് ചെയ്ത് അടുത്തുകണ്ട ഹോട്ടലിൽനിന്നും ഊണുകഴിച്ച് കാറിൽക്കിടന്ന് മയങ്ങാൻതുടങ്ങി…
സൈഡ് ഗ്ലാസിൽ തട്ടിവിളിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്.കറുത്തു മെലിഞ്ഞൊരു പെണ്ണ് കാറിനുസമീപം നിൽക്കുന്നു….
ഞാൻ വിൻ്റോ ഗ്ലാസ് താഴ്ത്തി…
“ഏട്ടാ കൈ നോക്കണോ, ഭാവിഫലം പറഞ്ഞുതരാം”…
“വേണ്ട”….
“കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഏട്ടന് നല്ല കാലമാണ് വരാൻ പോകുന്നത്, നൂറ്റമ്പതുരൂപ തന്നാൽമതി എല്ലാം പറഞ്ഞുതരാം”…
“ഒരു പൈസയും തരേണ്ട നിൻ്റെഭാവി ഞാൻപറഞ്ഞുതരാം, ഇവിടെ നിന്നിട്ട് കാര്യമൊന്നുമില്ല സമയം കളയാതെ വേറെ ആളെനോക്ക് “….
ഞാൻ വീണ്ടും കണ്ണുകളടച്ചു, ഇന്നലെ ഒരുമണിക്കാണ് റൂമിലെത്തിയത്, ഉറക്കം ശരിയായിട്ടില്ല..വീണ്ടും അവളുടെ ശബ്ദംകേൾക്കാൻ തുടങ്ങി…
“എട്ടാ നൂറുമതി, നൂറുരൂപ തന്നാൽമതി”…
ഇതെന്തൊരു ശല്ല്യമാണ് ഒന്നുറങ്ങാനും സമ്മതിക്കില്ലേ… ഞാനെഴുന്നേറ്റിരുന്നു….
“ശരി..നിനക്ക് ഞാൻ നൂറ് രൂപതരാം, എൻ്റെ പേര്, നാള്, വയസ്, നാട്, വീട്, ഞാനേതുവരെ പഠിച്ചു എന്നൊക്കെ പറയൂ”….
“അതൊന്നും പറയാൻ പറ്റില്ല, ഏട്ടൻ്റെ മുഖം കണ്ടാലറിയാം നല്ലമനസ്സാണ്, ദൈവാനുഗ്രഹമുള്ളയാളാണ് അതുകൊണ്ട് ഒരപടകവും പറ്റില്ല, ഏട്ടനെ ഇഷ്ടപ്പെടുന്നവരൊക്കെയുണ്ട്”…
അവൾ മർമ്മത്ത് പിടിച്ചാണ് കളിക്കുന്നത്,
“ആരാണ് എന്നെയിഷ്ടപ്പെടുന്നത്, നിനക്കെന്നെ ഇഷ്ടമാണോ “….
“ഞാൻ വെറുതേപറഞ്ഞതല്ല ഒരുപാടുപേർ ഏട്ടനെ ഇഷ്ടപ്പെടുന്നുണ്ട് എല്ലാം പറഞ്ഞുതരാം അൻപതുരൂപ തന്നാലും മതി”…
അവൾ പോകുന്ന ലക്ഷണമൊന്നും കാണുന്നില്ല നൂറ്റൻപത് അൻപതായി കുറഞ്ഞിരിക്കുന്നു….
“ശരി നീ ഭാവിമാത്രമെപറയൂ അല്ലേ, എന്നാൽ എനിക്ക് അടുത്ത ഓട്ടംകിട്ടുന്നത് എങ്ങോട്ടാണെന്ന് പറയാമോ, ശരിയായാൽ ഇരുന്നൂറുരൂപ തരും”…..
അവളൊന്നും മിണ്ടാതെ നിൽക്കുകയാണ്…
“എന്താ പറ്റില്ലേ അതെൻ്റെ ഭാവിയിലെ കാര്യമാണ് “….
“എട്ടാ രാവിലെ ഒരു ചായ മാത്രമാണ് കഴിച്ചത് വിശക്കുന്നു എനിക്ക് ഭക്ഷണം വാങ്ങിത്തരുമോ, അവളുടെ കണ്ണു നിറഞ്ഞിരുന്നു”….
എൻ്റെ കോപം ശമിച്ചു മനസ് തണുത്തു ,വിശപ്പിനേക്കാൾ വലിയൊരു സത്യവും ഭക്ഷണത്തേക്കാൾ വലിയൊരു ദൈവവും ഈ പ്രപഞ്ചത്തിലില്ല…..
“എന്നാൽ ആദ്യം അതുപറയണ്ടേ, കൈ നോക്കാനൊന്നും ഇനിയുള്ള കാലം ആരെയും കിട്ടിയെന്നുവരില്ല പുതിയതെന്തെങ്കിലും കണ്ടു പിടിക്കേണ്ടിയിരിക്കുന്നു, മനസിലായോ”…
എഴുപത് രൂപയെടുത്ത് അവൾക്ക് കൊടുത്തു,
“അതാ ആ കാണുന്ന ഹോട്ടലിൽ പോയി ഊണ് കഴിച്ചോളൂ, എഴുപത് രൂപമതി, ഞാനിപ്പോൾ കഴിച്ചതേയുള്ളൂ”….
അവൾ കൈകൂപ്പി….
“ഞാൻ പറഞ്ഞില്ലേ ചേട്ടന് നല്ല മനസാണെന്ന്, നന്നായിവരും, ചേട്ടനെ ദൈവം അനുഗ്രഹിക്കും”…
ഞാനും അവളുടെനേരെ കൈകൂപ്പി, ദയവു ചെയ്ത് അനുഗ്രഹം ചൊരിയുരുത്, അനുഗ്രഹങ്ങളെല്ലാം ശാപമായാണ് എനിക്കപ്പോഴും ഫലിക്കാറ് അതുകൊണ്ട്, നിങ്ങൾ നശിച്ചുപോകും, ഒരിക്കലും ഗുണംപിടിക്കില്ല, ഈ എറണാകുളത്ത് തെണ്ടിത്തിരിഞ്ഞ് നടക്കേണ്ടിവരും എന്നൊക്കെ ശപിക്കൂ, ചിലപ്പോൾ ഞാൻ നന്നായാലോ….
“അയ്യോ…ഞാനതുപറയില്ല, എനിക്ക് ഭക്ഷണം കഴിക്കാൻ കാശുതന്ന ഏട്ടനെയോ, ഞാൻ പറയില്ല”….
അവൾ വേഗം നടന്നകന്ന് ഹോട്ടലിലേക്ക് കയറുന്നത് കണ്ണാടിയിലൂടെ കണ്ടു, ഞാൻ വീണ്ടും കിടന്ന് കണ്ണുകളടച്ചു…
മയക്കം പിടിച്ചു വരുമ്പോഴാണ് ഊബറിൻ്റെ ബെല്ലടിച്ചത്, എഴുന്നേറ്റിരുന്ന് ട്രിപ്പെടുത്തു, കടവന്ത്രയിൽനിന്നും ഫോർട്ട് കൊച്ചിയിലേക്കാണ് പോകേണ്ടത്…
ഞാൻ കസ്റ്റമറെ തിരഞ്ഞ് യാത്രയായി ഒരു യുവാവും യുവതിയുമാണ് എന്നെ കാത്തുനിന്നത്ത്…
അവരെയും എടുത്ത് ഫോർട്ട് കൊച്ചി ലക്ഷ്യമാക്കി യാത്രതിരിച്ചു. കാറിൽ കയറിയിരുന്നത് മുതൽ അവർ ഇംഗ്ലീഷിൽ എന്തെല്ലാമോ സംസാരിക്കാൻ തുടങ്ങി, മലയാളം അറിയില്ലെന്ന് തോന്നുന്നു,…
ഫോർട്ട് കൊച്ചിയിലേക്ക് പോകാൻ എനിക്കിഷ്ടമാണ് അവിടെ ബീച്ചിനു സമീപം പ്രാവുകളുണ്ട് അമ്പലപ്രാവുകളാണധികവും ചിലപ്പോൾ വെള്ളപ്രാവുകളും കൂട്ടത്തിലുണ്ടാകും, അവിടെ കടലവറുക്കുന്ന ഉന്തുവണ്ടി കാണാം കടലയുടെ കൂടെ പൊട്ടുകടലയുടെ പാക്കറ്റും കാണാറുണ്ട്,….
ഇരുപതു രൂപയാണ് പാക്കറ്റിൻ്റെ വില, മുന്നോ നാലോ പാക്കറ്റ് വാങ്ങി എനിക്ക്ചുറ്റും വിതറിയിടും, ബാക്കിയുള്ളത് രണ്ടു കൈവെള്ളയിലും വെച്ച് നിവർത്തിപ്പിടിക്കും…
പ്രാവുകൾ പറന്നുവന്ന് എനിക്കു ചുറ്റും നടന്നുതിന്നാൻ തുടങ്ങും ചിലത് പറന്നുവന്നെൻ്റെ കൈത്തണ്ടകളിൽ നിന്ന് രണ്ടുകയ്യിലുള്ളതും കൊത്തിത്തിന്നും, കുറേസമയം അവരുമായി സല്ലപിച്ച് ഞാനവിടെയങ്ങനെ നിൽക്കും…..
കാറ് തോപ്പുംപടി പാലവും കടന്ന് മുന്നോട്ടുകുതിച്ചു. ഫോർട്ട് കൊച്ചി എത്താറാകുമ്പോഴാണ് എൻ്റെ കാറിനുമുന്നിലേക്ക് എന്തോ ചാടിയതുകണ്ടത്, പെട്ടന്നുതന്നെ ബ്രേക്കിൽചവിട്ടി,
പിന്നിലെസീറ്റിൽനിന്നും മുന്നോട്ട് തെന്നിവീഴാൻ പോയരണ്ടുപേരും മൂന്നിലെ സീറ്റിൽപ്പിടിച്ച് നേരെയിരുന്നു…
അവരെന്തെല്ലാമോ എന്നോട് ചോദിക്കുന്നുണ്ട്,കാറിൽനിന്നും ഞാനിറങ്ങി മുന്നിൽ വന്നുനോക്കി ഒന്നുംകണ്ടില്ല… കാറിനടിയിലേക്ക് നോക്കിയപ്പോൾ ഒരു ബോൾ കിടക്കുന്നതു കണ്ടു….
എഴുന്നേറ്റപ്പോൾ റോഡിനരികെ മണ്ണെടുത്തു നിരപ്പാക്കിയ കളിസ്ഥലത്തുനിന്നും കുറച്ചു കുട്ടികൾ ഓടിവന്ന് കാറിനുചുറ്റുംനിന്നു, ചിലർ കാറിനടിയിലേക്ക് കുനിഞ്ഞുനോക്കി, നിലത്തുകിടന്ന് ഒരു കുട്ടി ബോളെടുക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല…
കാറ് പിന്നോട്ടെടുത്തപ്പോൾ ബോള് പുറത്തുവന്നു. കുട്ടികൾ ബോളുമായി അൽപ്പം മുന്നോട്ട് നടന്ന് നിന്നു. അവർചുറ്റും കൂടിനിന്ന് ബോള് പരിശോധിക്കുകയാണ്….
ഞാനവരെ വിളിച്ച് ബോള് വാങ്ങിനോക്കി കാറിനടിയിലെവിടെയോ കുടുങ്ങി പൊട്ടിയ അടയാളം കണ്ടു അതിലൂടെ കാറ്റ് പുറത്തേക്കു പോകുന്നുണ്ട് ബോളിന് ഒരുപാടു കാലത്തെ പ്രായമുണ്ടെന്ന് തോന്നുന്നു…അതെൻ്റെ കയ്യിൽക്കിടന്ന് അവസാനശ്വാസവും വിട്ട് മരണംവരിച്ചു….
ഇനിയെന്തു ചെയ്യണമെന്നറിയാതെ ഞാൻ കുട്ടികളെ നോക്കി, പിന്നിലിരുന്നവർ എന്നോട് എന്തല്ലാമൊ പറയുന്നുണ്ട്….
കുട്ടികൾ എന്നെത്തന്നെ ഒന്നും മിണ്ടാതെ നോക്കിനിൽക്കുകയാണ്, തെറ്റും ശരിയും ഇഴകീറി നോക്കിയിട്ട് കാര്യമില്ല കുട്ടികളാണ് അവരെന്തു പിഴച്ചു, കൈ നോട്ടക്കാരിയുടെ അനുഗ്രഹം ഫലിച്ചിരിക്കുന്നു….
കാറ്റൊഴിഞ്ഞ ബോൾ തിരികെ കൊടുത്തശേഷം പേഴ്സുതുറന്ന് അഞ്ഞൂറ് രൂപയും കൂടി അവർക്ക് കൊടുത്തു…
“പുതിയൊരു ബോള് വാങ്ങിക്കോളൂ”…
അവരെല്ലാം കൂടി താങ്ക്സ് ഏട്ടാ എന്നുച്ചത്തിൽ പറഞ്ഞ് സന്തോഷത്തോടെ ഗ്രൗണ്ടിലേക്കുകയറി നടന്നു.എൻ്റെ പിന്നിലിരുന്ന യുവാവ് എൻ്റെ പുറത്തുതട്ടി ഇംഗ്ലീഷിൽ എന്തെല്ലാമോ പറഞ്ഞു, പിന്നീട് അവരുടെ ചർച്ച എന്നെപ്പറ്റിയാണെന്ന് മനസിലായി…
കുട്ടികൾക്ക് പൈസ കൊടുക്കാനാണ് എനിക്കപ്പോൾ തോന്നിയത് അഞ്ഞൂറ് രൂപയേക്കാൾ വലുത് എനിക്കെൻ്റെ മനസമാധാനമായിരുന്നു, …
കസ്റ്റമറെ ഹോട്ടലിന് മുന്നിലിറക്കിയപ്പോൾ അവരെനിക്ക് അൻപതു രൂപടിപ്പ് തന്നു, ഇറങ്ങിപ്പോകുമ്പോൾ യുവതി കാറിന് മുന്നിൽവന്ന് കൈവീശി മനോഹരമായ ഒരു ചിരിയോടെ യാത്രപറഞ്ഞാണ് പോയത്…
പിന്നെ നേരെവിട്ടത് ബീച്ചിലേക്കാണ്, ഉന്തുവണ്ടിക്കാരൻ കടല വറുത്തുകൊണ്ട് അവിടെ നിൽക്കുന്നതുകണ്ടു. രണ്ടുപാക്കറ്റ് പൊട്ടുകടല വാങ്ങി പ്രാവുകൾക്ക് കൊടുത്തു…
അതുതിന്ന് തീർത്തശേഷം പിന്നെയും പ്രാവുകൾ കുറുകിക്കൊണ്ട് എൻ്റെ പിന്നാലെ നടക്കുകയാണ്, രണ്ടു പാക്കറ്റുകൂടിവാങ്ങി നിലത്ത് വിതറിയശേഷം കാറിൽ വന്നിരുന്നു,ഫോൺ കാറിനുള്ളിലാണുള്ളത് പുറത്തുനിന്നാൽ ട്രിപ്പ് വന്നാലറിയില്ല…
ചേട്ടന് നല്ലമനസാണ് ,നന്നായി വരും, ദൈവം അനുഗ്രഹിക്കും, കൈനോട്ടക്കാരിയുടെ വാക്കുകൾ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു…
അതെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു ഉള്ളിലുയർന്ന ചിരിയൊടെ പ്രാവുകൾ കടല കൊത്തിത്തിന്നുന്നതും നോക്കി സീറ്റിൽ ചാരിയിരുന്നു….

രാജേഷ് കൃഷ്ണ

By ivayana