ചുറ്റിലും വെറുക്കാൻ
പാകത്തിന് മനുഷ്യരുണ്ടാകുന്നു.
പതിവ് തെറ്റിച്ച് സന്ധ്യക്ക് കാക്കകരയുന്നു..
ഉമ്മറത്തെ കത്തിച്ചുവെച്ച നിലവിളക്കിൽ കരിന്തിരിയെരിയുന്നു.
അമ്മ, ചാവടുക്കാറായെന്ന്..
പിറുപിറുക്കുന്നു..
അത്താഴത്തിന് അടുപ്പിൽ വെച്ച അച്ചിങ്ങതോരൻ
അടിയിൽ പിടിച്ച് കരിഞ്ഞഗന്ധം പടരുന്നു…
ഈറൻമുടിയിൽ നിന്ന് വെള്ളമിറ്റി വീഴുന്ന എന്നെനോക്കി..
വാവടുക്കാറായെന്ന്..
പെണ്ണിന് പിന്നെയും ഭ്രാന്തായെന്ന്, അമ്മ അടക്കം പറയുന്നു…
ഞാൻ കടൽ
കടൽ
കടലെന്ന് മാത്രം പറയുന്നുണ്ടായിരുന്നു…
ഇന്നലെ സന്ധ്യക്ക്..
എന്നെ പോലൊരുവൾ
കടലിൽ മുങ്ങി മരിച്ചത്രേ..
അടിയൊഴുക്കിൽപ്പെട്ട്..
തിരയെടുത്ത ദേഹം മുഴുവൻ ഉപ്പ്തീണ്ടിയ മണലായിരുന്നുവെന്ന്..
ചുരുണ്ട നീണ്ട മുടിയിഴകളിൽ മുഴുവൻ..
മണ്ണ്, പറ്റിയിരുന്നുവെന്ന്..
തിരവന്ന് കടലിലേക്കാഴ്‌ന്ന് പോകുമ്പോഴും നിലവിളിച്ചിരുന്നില്ലെന്ന്..
കടൽ
കടലെന്ന്
ആവർത്തിച്ചാവർത്തിച്ച്
മന്ത്രിച്ചിരിക്കണം..
പിന്നെയും പിന്നെയും ഞാൻ
കടലെന്ന് ആവർത്തിക്കുന്നു..
എന്നെ ഉപ്പ് മണക്കുന്നു…
എനിക്കുറങ്ങണം
കടൽ തിരകൾക്ക്
കാതോർക്കാതെ..
കടലെന്ന് ഓർക്കുമ്പോൾ
എന്റെ ദേഹം
ഉപ്പ് മണക്കുന്നു… 💜

By ivayana