മലനിരകൾ തഴുകുന്ന മലയാളനാട്ടിലെ
മലയാളമേ നീയെത്രധന്യ !
മധുരാക്ഷരങ്ങളാം സ്വര,വ്യഞ്ജനങ്ങളാൽ
മധുമാരിതീർക്കുന്ന മല്ലാക്ഷി നീ

അമ്പത്തിയൊന്നു വർണ്ണങ്ങൾ നിൻശക്തി
അക്ഷയം അക്ഷരമെന്നെന്നുമേ
ചില്ലും അനുസ്വാര,വിസർഗ്ഗവും നിന്നിൽ
ചെന്താമരപോൽ വിരിഞ്ഞുനിൽപ്പൂ

കുഞ്ചനും തുഞ്ചനും പെരുമപ്പെടുത്തിയ
കാവ്യകല്ലോലിനി മലയാളഭാഷ.
പച്ചയാംജീവിതം വാറ്റിപ്പകർന്ന വയൽ
പാട്ടും മഴപ്പാട്ടും നിറഞ്ഞ ഭാഷ.

തിരുശംഖിൽ നിന്നെത്തുമമൃതതീർത്ഥംപോലെ
തെളിവോടെയെത്തുന്ന മലയാളമേ
ഇനിയെന്റെ കൈപിടിച്ചെന്നോടുകൂടി വ-
ന്നിഴപിരിയാതേ നടന്നീടു നീ

അരുകിൽ ഞാനെത്തുമ്പോളോടിയൊളിക്കല്ലേ
അരുതേ ഹതാശനായ്മാറ്റിടല്ലേ.
അരുവിപോലൊഴുകിയെൻ ഭാവനാമണ്ഡലം
അഭികാമ്യമാക്കുക അഗ്രപീഠേ!

മധുരിതമോഹിനി! മലയാളമേ ഹൃത്തിൽ
മൃദുലം വിളങ്ങുക കാമ്യസൗരഭ്യമേ.
മധുരമൊഴിസുന്ദരി! പരിപൂതഭാഷിണി!
മമ മലയാളമേ നീയെത്ര ധന്യ!

ശിവരാജൻ കോവിലഴികം

By ivayana