ഉച്ചയ്ക്കു കിട്ടുന്ന ഉപ്പുമാവിൻ രുചിയോർത്തന്ന്
സ്കൂളിൽ ഞാൻ പോയ കാലം,
ഒരു നേരമെങ്കിലും പൊരിയുന്ന
വയറിലേക്കാശ്വാസമായ് കിട്ടിയൊരുപ്പുമാവ്
മറക്കുവാനൊക്കുമോ ദുരിതങ്ങൾ താണ്ടി
കടന്നുപോയോരെന്റെ ബാല്യകാലം .
അമ്മതൻ വാത്സ്യല്യം എന്തെന്നറിയാതെ
അച്ഛനും ഞാനും കഴിഞ്ഞനാളിൽ,
ഏറെ നാൾ സന്തോഷo നീണ്ടു നില്ക്കും മുൻപേ,
എന്നെ തനിച്ചാക്കി പോയിതച്ഛൻ.
എത്രയോ രാവുകൾ അച്ഛൻ വരുന്നതും
കാത്തിരുന്നു ഞാനാ വീട്ടിനുള്ളിൽ .
പട്ടിണിമാത്രം കൂട്ടിനായ് തന്നിട്ട്,
എവിടെയോ പോയി മറഞ്ഞിതച്ഛൻ.
ഒട്ടിയ വയറുമായ് തുന്നിയുടുപ്പിട്ട്,
പള്ളിക്കൂടത്തിൽ ഞാൻ പോയ കാലം,
പൊട്ടിയ സ്ലേറ്റിന്റെ മുലയിലന്നു ഞാൻ
അക്ഷരം കുത്തിക്കുറിച്ച നേരം,
പൊട്ടനന്നെന്നെ വിളിച്ചിട്ട് കുട്ടികൾ,
ആർത്തുചിരിച്ചതുo ഓർത്തു പോയി.
കേറിക്കിടക്കാൻ കൂരയില്ലാത്ത ഞാൻ
ബസ്സ്സ്റ്റാന്റിലെ തിണ്ണയും മെത്തയാക്കി.
തെരുവിളക്കിന്റെ വെള്ളിവെളിച്ചത്തിൽ
പാഠങ്ങൾ നന്നായ് പഠിച്ചു ഞാനും .
ആരുമില്ലെന്നുളള സങ്കടം മാറ്റി
ഞാൻ ഒന്നാമനായി പഠിച്ചു വന്നു.
കൂട്ടുകാരെല്ലാം സന്തോഷംകൊണ്ടെന്നെ
വാരിപ്പുണർന്നവർ കൂടെ നിന്നു.
എന്നാലും എന്നിലെ അച്ചന്റെ ഓർമ്മകൾ
നീറുന്ന നൊമ്പരമായിരുന്നു.
ഇന്നു ഞാൻ സ്കുളിലെ മാഷായി തീർന്നപ്പോൾ
പണ്ടത്തെ കഷ്ടപ്പാടോർത്തു പോയി.

സതി സുധാകരൻ

By ivayana