വീട്ടിലേക്ക് വരുമ്പോൾ
പിന്നെയും,
എന്തോ
മറന്നതായ് തോന്നുന്നു,
ഓർക്കാത്തതെന്തോ,
ഇനിയുമുള്ളതായ്
തോന്നുന്നു.
വീട്ടിലേക്ക് വരുമ്പോൾ,
വീണ്ടും നിന്നെ –
കാണുവാൻ തോന്നുന്നു,
പറയാതെ മാറ്റി വച്ചതെന്തോ –
പങ്കുവയ്ക്കുവാൻ തോന്നുന്നു.
വീട്ടിലേക്ക് വരുമ്പോൾ,
ഞാൻ തന്നെ എനിക്ക് –
ആതിഥേയനാകുന്നു ,അതിഥിയും
വാതിലുകൾ മെല്ലെ എനിക്കായ്
തുറക്കുന്നു.
വീട്ടിലേക്ക് വരുമ്പോൾ,
പുറംകാഴ്ച്ചയ്ക്ക് നിത്യംതുറക്കും
ജനാലകൾ,
അത് എന്നെത്തന്നെ
കാഴ്ചവയ്ക്കുന്നു.
വീട്ടിലേക്ക് വരുമ്പോൾ,
അടക്കിപ്പിടിച്ചൊരു തേങ്ങലായ് –
വീട്മാത്രം നിൽക്കുന്നു.
വീട്ടിലേക്ക് വരുമ്പോൾ ,
വേഷങ്ങളോരോന്നുമഴിയുന്നു,
നഗ്നത – നിത്യസത്യത്തിൽ
വസ്ത്രമാകുന്നു.
എന്നെ അണിഞ്ഞുനടന്നൊരുടലിനെ,
ആദ്യകാഴ്ചയിലെന്നപോൽ കാണുന്നു.
ഞാൻ എന്നെ കുളിപ്പിക്കുന്നു,
രതിമൂർച്ചതൻ തല്പത്തിലെന്നപോലെ,
ജലമെന്നെച്ചുറ്റി ചുഴിയിലേക്കെറിയുന്നു.
വീട്ടിലേക്ക് വരുമ്പോൾ,
ഇത്രനാളൊത്തു നടക്കാത്തകാലുകൾ,
ഒരു നേർത്ത തുണിക്കുള്ളിലമർത്തി –
ചുംബിക്കുന്നു.
കെട്ടിവരിയുവാൻ –
പെരുവിരൽ പിടയുന്നു.
ഒരു ദീർഘവേഴ്ച്ചയ്ക്കൊടുവിലെന്നപോൽ,
ഒരു പട്ടുകച്ചയിൽ ഞാൻ താനേതളരുന്നു.
വീട്ടിലേക്ക് വരുമ്പോൾ,
വേർപാടിൻ മുഖച്ചാർത്തണി-
ഞ്ഞാരൊക്കെയോ കരയുന്നു.
“ഇനി എടുക്കാം ….”
പാതികേട്ടത്രയും തിരക്കുള്ള കാലുകൾ
എന്നെയുമേറ്റി നടന്നു പോകുന്നു.
ഇപ്പോൾ,
ഭാരമില്ലാത്തൊരു
ബാല്യമോർക്കുന്നു,
കയ്യടിച്ചൊന്നുചിരിക്കാൻ തോന്നുന്നു.
ഒടുവിൽ,
ഞാൻ നട്ട ചെമ്പകച്ചോട്ടിലെത്തുന്നു,
ആദ്യ പുഷ്പത്തെ മണക്കുവാൻ വെമ്പുന്നു.
”ഇനി കാണുവാനാരെങ്കിലും …”
പക്ഷേ,
എനിക്ക് നിന്നെ വീണ്ടും
കാണാൻ തോന്നുന്നു…
വീട്ടിലേക്ക് വരുമ്പോൾ ….
ചങ്കു കത്തിയിട്ടില്ലെന്നൊരാൾ,
ഒത്തിരി സ്വപ്നങ്ങളുള്ളൊരുവന്റെ
ഉള്ളു കത്തുന്നതെങ്ങനാണ് ?
വീട്ടിലേക്ക് വരുമ്പോൾ !
നെഞ്ചുകത്തുന്നതും കാത്ത്
വീട് മാത്രം നിൽക്കുന്നു.
കത്തിതീർന്ന ചിതയ്ക്കൊപ്പം
ഓർമ്മ മാത്രം നിൽക്കുന്നു.
വീട്ടിലേക്ക് വരുമ്പോൾ ….

By ivayana