ഭാഗ്യക്കുറി.. എനിയ്ക്കും അതൊരു ബലഹീനതയാണ്. ഭാഗ്യമില്ലാത്തവന്റെ ഭാവിയിലേയ്ക്കുള്ള പ്രതീക്ഷ. അതേ.. പ്രതീക്ഷകൾ തന്നെയാണ് ജീവിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നത്. ഇതു കൂടി ഇല്ലായിരുന്നെങ്കിൽ.. ഹോ..!
കുടിയൻമാരും, ടിക്കറ്റെടുപ്പുകാരും കൂടിയാണ് ഇപ്പോൾ നാടിന്റെ സമ്പദ് സ്ഥിതി താങ്ങി നിർത്തുന്നത്. പക്ഷേ കുടിയൻമാരെ പുച്ഛിയ്ക്കുന്നതു കൂടാതെ ടിക്കറ്റെടുപ്പുകാരെയും പലർക്കും കണ്ടുകൂടാ. അദ്ധ്വാനിച്ചു നേടിയ പണം അന്യാധീനപ്പെടുത്തി സ്വയം നശിയ്ക്കുന്നവരാണ് അവർ എന്നാണ് പൊതുവെ അഭിപ്രായം. അങ്ങനെ നോക്കിയാൽ ശരിയാണ്. എങ്കിലും തനിയ്ക്ക് അപ്രാപ്യമായ അകലത്തിലുള്ള സാമ്പത്തിക സ്ഥിരതയിലേയ്ക്ക് പ്രതീക്ഷ നട്ട് ഒരു ടിക്കറ്റെടുത്താൽ അതിൽ എന്താണ് തെറ്റ്?
ഇങ്ങനെ പലപ്പോഴായി എടുക്കുന്ന ടിക്കറ്റിന്റെ പൈസാ എല്ലാം കൂട്ടിയാൽ ഒരു വീടു വയ്ക്കാമായിരുന്നുവത്രേ.. എന്തു ചെയ്യാം.. എന്റെ മുന്നിൽ ഇതേയുള്ളു വഴി.
വണ്ടിയ്ക്ക് ദാഹമുണ്ട്. പിണക്കിയാൽ ചിണുങ്ങി വഴിയിൽ കിടക്കും. ടൗണിലെ പമ്പിൽ ചെന്നു. പുല്ലു മേയുന്ന പോത്തിന്റെ കാൽക്കീഴെ കീടം വരുന്നത് നോക്കിയിരിയ്ക്കുന്ന ഒറ്റക്കാലൻ കൊറ്റിയെപ്പോലെ അതാ ഒരു ലോട്ടറിക്കാരൻ. രണ്ടു കാലുമുണ്ടല്ലോ.. വൈകല്യം ഇല്ല.. ചുറ്റി നടന്നു ലോട്ടറി വിൽക്കാതെ, ഇവിടെ വരുന്നവരുടെ നേർക്ക് കഴുകൻ കണ്ണുകളുമായിങ്ങനെ.. അവജ്ഞയാണ് തോന്നിയത്. ഒരു ടിക്കറ്റ് എടുക്കണമെന്നുണ്ടായിരുന്നു. എങ്കിലും മുന്നിലേയ്ക്ക് നീട്ടിയപ്പോൾ അല്പം പുച്ഛത്തോടെതന്നെ വേണ്ടെന്ന് പറഞ്ഞു. കൂടുതൽ നിർബന്ധിയ്ക്കാതെ ഒരു ദയനീയ ഭാവത്തിൽ അയ്യാൾ ടൈല് പാകിയ പടിയിലിരുന്നിട്ട് ഇരുമ്പ് തുണിലേയ്ക്ക് ചാരി. ആ കാഴ്ച കണ്ണുകളിൽ ഉടക്കി. മനസ്സിൽ ഒരു സഹതാപം.. ഏറ്റവും വലിയ ബലഹീനതയാണല്ലോ മറ്റുളളവന്റെ ദുഃഖം കാണുമ്പോൾ മനസ്സലിയുന്നത്.
“ശരി.. ഒന്നിങ്ങു തരൂ..”
ടിക്കറ്റ് വാങ്ങി പൈസാ കൊടുത്തു. പെട്രോളടിയ്ക്കുന്ന പയ്യൻ വക ഒരു കമന്റ്. “ഇന്നത്തേയ്ക്ക് കുറേ വിറ്റല്ലോ.. എന്തൊരഭിനയമാണ്.. സമ്മതിയ്ക്കണം”.
അതുവരെയുളള ദയനീയ ഭാവം മാറിയിട്ട് പോടായെന്ന് പറഞ്ഞ് അയ്യാൾ പയ്യന് നേരേ ചീറി. അവർക്കിടയിൽ താൻ പറ്റിയ്ക്കപ്പെട്ടതു പോലെ.. ആഹാ.. ഇദ്ദേഹത്തിന്റെ ആ ഇരിപ്പ് കണ്ടാണ് ഞാനും ഒന്നെടുത്തത്.. ആളു മോശമല്ലല്ലോ. പറഞ്ഞിട്ട് എണ്ണക്കാശ് കൊടുത്തു. പിറുപിറുത്തു കൊണ്ട് ബൈക്കെടുത്തു. മനസ്സു പ്രക്ഷുബ്ദമായ്.. സഹതാപം വിറ്റ് പണമുണ്ടാക്കുന്നവർ. ബാക്കിയെല്ലാം സഹിയ്ക്കാം.. പക്ഷേ ചീറ്റിംഗ്.. ദേഷ്യം കടിച്ചമർത്തി വണ്ടി വേഗത്തിൽ തന്നെ വിട്ടു.. മുന്നിലുള്ള പെരുവഴിയിലേയ്ക്ക്.
പാണ്ടി ലോറിയുടെ ഹോണും ഡ്രൈവറുടെ തെറിയും ഒരുമിച്ച് കേട്ട് വണ്ടി വെട്ടിച്ചു മാറ്റി.. തെറ്റു തന്റെ ഭാഗത്താണെങ്കിലും കിട്ടിയ തെറി ഇരട്ടിയായി തിരികെ കൊടുക്കേണ്ടത് തന്റെ ബാദ്ധ്യതയാണല്ലോ.. പക്ഷേ അതു കേട്ടു നിൽക്കാൻ ആ വണ്ടിക്കാരനു സമയമില്ല.. വായിൽ വന്ന തെറിയൊക്കെ തൊണ്ടയിൽ കുരുങ്ങി.. വിമാന വേഗത്തിൽ പാണ്ടിവണ്ടി അതിന്റെ വഴിയ്ക്കു പോയി. വാഹനങ്ങൾ ഹോണടിച്ച് ചീറിപ്പായുന്നു. ആളുകൾ നോക്കിക്കൊണ്ട് നടന്നകലുന്നു. എടുത്താണ്ട് പോടേയ്.. പറഞ്ഞിട്ട് സൈക്കിളുകാരൻ ആഞ്ഞ് ചവുട്ടിക്കടന്നു പോകുന്നു. ഇരട്ടി ക്ഷീണത്തോടെ ഇളിഭ്യനായി വണ്ടിയെടുത്തു. അടുത്തുള്ള കടയിലെ തന്റെ കൂട്ടുകാരൻ ഓംകാർ ശ്രീകുമാർ കണ്ടു കാണുമോ.? പടനായർകുളങ്ങര അമ്പലക്കെട്ടിനുള്ളിലെത്തി വണ്ടിയൊതുക്കി. വെറുതേ വഴിയേ പോയവന്റെ വായിലിരുന്ന തെറി കേട്ടു.. മല തുരന്നു മറിച്ച ക്ഷീണമുണ്ട്. മനസ്സ് കുറച്ചു ശാന്തമാകട്ടെ..
അടുത്തുള്ള പുക്കടകളിൽ മാല കെട്ടുന്ന തിരക്കായിരുന്നു.. ജമന്തിയുടെയും പിച്ചിയുടെയുമൊക്കെ ഗന്ധമേറ്റ് മനസ്സ് ശാന്തമായി വരുന്നു. മോനേ ഒരു ടിക്കറ്റെടുക്കൂ.. ശബ്ദം കേട്ട് നോക്കി. ദേ വന്നിരിക്കുന്നു അടുത്തയാൾ.. വെറുതേ ഭ്രാന്ത് കയറ്റാൻ. ലോട്ടറി ടിക്കറ്റ് തന്റെ തോഴനാണെങ്കിലും ഇതിനകം വെറുത്തു പോയിരിയ്ക്കുന്നു. വേണ്ടെന്ന് പറഞ്ഞത് ദേഷ്യത്തിൽ തന്നെയാണ്.. ഒരണ്ണമെടുക്കൂ മോനേ എന്ന ആ പ്രായമുള്ള അമ്മയുടെ യാചന ദേഷ്യം ഇരട്ടിപ്പിച്ചു. ദഹിപ്പിയ്ക്കുന്ന നോട്ടമെറിഞ്ഞു. ലോട്ടറിക്കാരനും ലോറിക്കാരനും കൊടുക്കാൻ കഴിയാതെ പോയ തെറികളിൽ ചിലത് വീര്യം കുറച്ച് മനസ്സിൽ പിറുപിറുത്തിട്ട് വണ്ടി എടുക്കുമ്പോൾ ആ അമ്മയും നോക്കി ദയനീയമായ ഒരു നോട്ടം. “ഇനിയാരുടെയും തെറി കേൾക്കരുതേ..” ശ്രദ്ധിച്ച് വണ്ടി വിട്ടു.
സിഗ്നൽ കടന്ന് വീട്ടിലേയ്ക്ക് ലക്ഷ്യം വച്ചു. ആ അമ്മയുടെ മുഖം.. ആ മുഖത്തെ ദയനീത മനസ്സിൽ തെളിഞ്ഞു വരുന്നു. പാണ്ടിക്കാരന്റെ തെറിയുടെ പുളിപ്പ് മാറിയില്ലെങ്കിലും ആ അമ്മയുടെ രൂപം ഒരു നൊമ്പരമായി മനസ്സിലൂറുന്നു. മക്കളുടെ തണലിൽ വീട്ടിൽ വിശ്രമിയ്ക്കേണ്ടവർ എന്തിനായിരിയ്ക്കും ഈ വയസ്സുകാലത്ത് ഇങ്ങനെ കഷ്ടപ്പെടുന്നത്..? ഇനി മക്കൾ ഇല്ലായിരിയ്ക്കുമോ..? മരിച്ചു പോയിക്കാണുമോ..? അതോ അവർ അടിച്ചിറക്കി കാണുമാ…? എന്റെ അമ്മയാണിങ്ങനെ നടന്നതെങ്കിൽ..? ഹോ.. ചിന്തിയ്ക്കാൻ കൂടി വയ്യാ. അവർ ക്ഷീണിതയായിരുന്നു. വിശപ്പും ദാഹവുമെല്ലാം സഹിയ്ക്കാൻ അവർക്ക് കഴിയുന്നുണ്ടാകുമോ..? വണ്ടി ആ അമ്മയിൽ നിന്ന് വളരെ അകലുകയാണെന്ന തിരിച്ചറിവ്.. കൈകൾ അയഞ്ഞു.. വേഗം കുറഞ്ഞു. തിരിച്ചു പോകണമെന്ന് തോന്നി.
ഒരു ടിക്കെടുക്കണം.. കാശു കൈയ്യിലുണ്ടെങ്കിൽ ദിവസം ഒന്ന് എന്നതാണ് കണക്ക്. ആ അമ്മയുടെ കൈയ്യിൽ നിന്നുകൂടി ഒന്നു വാങ്ങണമെന്ന് ഒരാഗ്രഹം.. ലോട്ടറിക്കാരി അമ്മയ്ക്കു മുന്നിൽ മനസ്സിൽ പിറുപിറുത്ത ചെറു തെറികൾ തന്നെ തിരിഞ്ഞു കൊത്തുന്നു. വണ്ടി തിരിച്ചു വിട്ടു. നേരത്തേ നിന്നിടത്തേയ്ക്ക് – അമ്പലത്തിന്റെ പിറകുവശത്തെ നടയിലെത്തി. ആൾക്കൂട്ടത്തിൽ എവിടെയും പരതി.. അവരെ കാണുന്നില്ല.
മഴ പെയ്യുമ്പോളെങ്കിലും പള്ളിക്കുടത്തിന്റെ വരാന്തയിൽ കയറി നില്ക്കാത്തവൻ എന്ന് ചിലരെ പറഞ്ഞു കേട്ടിട്ടുണ്ട്.. അതുപോലെ അമ്പലത്തിൽ കയറാത്തവൻ ഇന്നു കയറി.. എല്ലായിടവും തിരഞ്ഞു. ആ അമ്മയെ കണ്ടെത്തിയില്ല. പ്രദക്ഷിണ വഴി തെറ്റിച്ച് ചെരുപ്പിട്ടു കൊണ്ട് മുന്നോട്ടു നടന്നപ്പോൾ മനസ്സു പറഞ്ഞു.. “ആചാരങ്ങൾ”. തിരക്കിനിടയിൽ ശ്രീകോവിലിനു മുന്നിലെത്തി നിന്നപ്പോൾ വെറുതെ പ്രാർത്ഥിച്ചു.. ദൈവമേ ആ അമ്മയെ കാട്ടിത്തരണേ.. തിരിഞ്ഞു നോക്കിയപ്പോൾ കുറച്ചകലെ കണ്ടു അമ്മയെ. ദൈവത്തിനു മനസ്സിൽ നന്ദി പറഞ്ഞ് താലത്തിൽ നിന്നും ചന്ദനം തോണ്ടിയിട്ട് ആ അമ്മയെ നോക്കി നടന്നു. അമ്മ മടിച്ച്മടിച്ച് ആർക്കൊക്കെയോ ടിക്കറ്റ് നീട്ടുന്നു. അവരൊക്കെ അതു ശ്രദ്ധിയ്ക്കാതെ നടന്നു നീങ്ങുന്നു. താൻ ഉൾപ്പെടെയുള്ള ഓരോരുത്തരുടെയും പുച്ഛ ഭാവങ്ങൾ കണ്ടുകണ്ട്, ടിക്കറ്റ് വില്ക്കാനുള്ള ഇവരുടെയൊക്കെ താല്പര്യം നഷ്ടപ്പെടുകില്ലേ.. ശാരീരികമായും മാനസ്സികമായും അവശരാകില്ലേ.. ജീവിതം മുന്നോട്ടു നീക്കുവതെങ്ങിനെ പാവങ്ങൾ..?
കയ്യിലുളള എല്ലാ ടിക്കറ്റും വാങ്ങി അവരെ സഹായിയ്ക്കണമെന്ന് തോന്നി. പക്ഷേ കീശയിൽ കാശില്ലാത്തവൻ എന്തു ചെയ്യാൻ..? നോക്കി മുന്നാട്ടു നടക്കവേ തൊഴുകയ്യുമായി എനിയ്ക്കു മുന്നിൽ നില്ക്കുന്ന സുഹൃത്ത്. ഒരു നിമിഷം തെറ്റിദ്ധരിച്ചു.. പക്ഷേ എന്നെയല്ല തൊഴുതത്.. അത് മഹാദേവരെയാണ്. എങ്കിലുമവൻ എന്നോട് ചോദിച്ചു.. എന്താ പതിവില്ലാതെ..?
“ഒന്നു വരണമെന്നു തോന്നി..”
അതു പറഞ്ഞിട്ട്, ആരെയോ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയെന്നോണം ഇടയ്ക്ക് തോണ്ടിയ ചന്ദനം നെറ്റിയിൽ കോറിയിട്ട് മുന്നോട്ട് നടന്നു.
ആ അമ്മ എങ്ങോട്ടോ മറഞ്ഞു പോയിരിയ്ക്കുന്നു. ആൾക്കൂട്ടത്തിൽ കണ്ണെറിഞ്ഞ് അലഞ്ഞപ്പോൾ ഒരു ഫോൺ കോൾ. വീട്ടിൽ നിന്നും.. അമ്മയാണ്. “മോനേ.. ഇന്ന് ഒന്നും വാങ്ങണ്ടാ.. കുറച്ചൊക്കെ ഇവിടെയുണ്ട്.. മോന്റെ കയ്യിൽ കാശ് കാണില്ലല്ലോ..” രോഗാവസ്ഥയിൽ അമ്മയ്ക്ക് പതിവുള്ള പഴവർഗ്ഗങ്ങൾ വേണ്ടെന്ന്..! എന്റെ കീശ സംരക്ഷിയ്ക്കാൻ അമ്മയുടെ കരുതൽ..🙏🏻

സന്തോഷ് വിജയൻ

By ivayana