കുടുംബവുമൊത്തു ഒരു യാത്രപുറപ്പെടുവാൻ ഇറങ്ങുമ്പോഴാണ്
ഗേറ്റ് കടന്ന് ആരോ വരുന്നത് അയാൾ
കണ്ടത്.
തലമുടിയും, താടിയും വെള്ളിക്കെട്ട് പോലെ നരച്ച്,ഒരു ലുങ്കിയും, മുഷിഞ്ഞ ഷർട്ട്‌മാണ് വേഷം.ഒരു പരിചയവും തോന്നിയില്ല.സാധാരണ അവധിക്ക് നാട്ടിൽ വരുമ്പോൾ ചില ചില്ലറ സഹായങ്ങൾ തേടി ആരെങ്കിലുമൊക്കെ വരുന്ന പതിവുണ്ട്, അങ്ങനെ ആരെങ്കിലും ആകുമെന്നാണ് കരുതിയത്!.
സമയം പതിനൊന്നുമണിയെ ആയിട്ടുള്ളുവെങ്കിലും വെയിലിനു നല്ല ചൂടുതോന്നിയിരുന്നു.
വന്നയാൾ നന്നായി വിയർത്തിരുന്നു.അയാൾ വളരെ ദൂരം നടന്ന് ക്ഷീണിച്ചുള്ള വരവാണെന്ന് കണ്ടാൽ അറിയാം.
“കുടിക്കാൻ ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ?”വന്നയാൾ ആവശ്യപ്പെട്ടു.
‘ഈ ശബ്ദം എവിടെയോ കേട്ട് മറന്നതാണല്ലോയെന്ന് രവിക്ക് തോന്നി ‘.
“മോളെ കുടിക്കാൻ ഒരു കപ്പ് വെള്ളം “‘രവി അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു.
വിശപ്പും ദാഹവും അയാളെ നന്നായി തളർത്തിയിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ തന്നെ രവിക്ക് മനസ്സിലായി.
കുടിക്കുവാൻ കൊടുത്ത ഒരു കപ്പ്‌ വെള്ളവും ആർത്തിയോടെ കുടിക്കുന്നത് നോക്കി നിൽക്കുമ്പോഴും, ഈ മനുഷ്യൻ ആരാണ് എന്ന ചോദ്യം രവിയുടെ മനസ്സിനെ വേട്ടയാടികൊണ്ടിരുന്നു.
“ഞാനിവിടെ ഒന്നിരുന്നോട്ടെ?!”അങ്ങനെ
വന്നയാൾ ചോദിച്ചു.അനുവാദം കിട്ടുവനൊന്നും കാത്ത്‌ നില്കാതെ അയാൾ കൈവരിയിൽ ഇരുന്നു.
“എവിടെയോ പുറപ്പെടാനുള്ള ഒരുക്കത്തിനിടയിൽ ഞാനൊരു ശല്യമായി അല്ലെ?”.
ആ ശബ്ദം അയാളുടെ ആത്മാവിലെവിടെയോ മറ്റൊലി കൊണ്ടു..
ഇത് ജമാലിക്കയുടെ ശബ്ദം തന്നെ…”
“രവി എന്താ ആലോചിക്കുന്നത്.. ഇത് ഞാൻ തന്നെ, നിങ്ങളുടെ പഴയ ജമാലിക്ക.
“എന്റെ ഈ കോലം കണ്ടാൽ മുൻപ് കണ്ടിട്ടുള്ളവരാരും ഇന്ന് തിരിച്ചറിയൂല്ല “.
“എന്റെ ജമാലിക്ക, നിങ്ങളെ കാണാൻ ഒരുപാട് തവണ നിങ്ങളുടെ വീട്ടിൽ വന്നിരുന്നു.. അപ്പോഴെല്ലാം നിങ്ങളുടെ വീട്ടുകാർ പറയും നിങ്ങള് അജ്മീർ തീർത്ഥാടനത്തിന് പോയെന്നാണ് “.
രവി പറഞ്ഞത് കേട്ട് അയാളുടെ മുഖത്തു ഒരു ചെറു ചിരി വിരിഞ്ഞു.
“ശരിയാ രവി… ഒരു സമയം കഴിഞ്ഞാൽ പിന്നെ ഒരു തീർത്ഥാടനം തന്നെയാ നല്ലത്, അവസാനം പടച്ചോനല്ലാതെ ആരും തുണയായിട്ടുണ്ടാവില്ല”.
ജമാലിക്കയുടെ വാക്കുകളിൽ വല്ലാതെ നൈരാശ്യം നിറഞ്ഞിരുന്നു.
അകത്ത് നിന്നും സരോജം ചെറുതായ് മുരടനക്കി, വെയിലത്ത് നോക്കിയിരുന്നതിനാൽ തിരിഞ്ഞുനോക്കുമ്പോൾ അവളുടെ നിഴൽ അവ്യക്തമായിരുന്നു.കണ്ണിൽ നിറയെ ഇരുട്ടായിരുന്നു.
“പിന്നേയ് പുള്ളിക്കാരൻ ഒന്നും കഴിച്ചു കാണില്ല, കണ്ടാലറിയാം,ആഹാരം കഴിഞ്ഞിട്ടാവാം ഇനി വിശേഷം തിരക്കലൊക്കെ “. അവൾ വളരെ പതുക്കെയാണ്, തനിക്ക് മാത്രം കേൾക്കാൻ വേണ്ടിയാണ് പറയുന്നതെങ്കിലും, ജമാലിക്കയും അത് കേട്ട് കാണുമെന്ന് രവിക്ക് തോന്നി.
ചിലപ്പോൾ അല്ല പലപ്പോഴും അവൾക്ക് തന്നെക്കാൾ പ്രായോഗിക ബുദ്ധിയുണ്ടെന്ന് തോന്നാറുണ്ടെങ്കിലും, അതങ്ങിനെ ഒരിക്കലും സമ്മതിച്ചു കൊടുത്തില്ല.കാലങ്ങളായി കൈവശം വെച്ചിരിക്കുന്ന എന്തോ ഒന്ന് നഷ്ടപ്പെടുമെന്ന വിചാരം വിലക്കികൊണ്ടിരുന്നു.
ജമാലിക്ക ആഹാരം കഴിക്കുന്നത് നോക്കിയിരിക്കുമ്പോൾ, എത്രയോ വർഷം തനിക്ക് ആഹാരം വെച്ച് വിളമ്പിയ ആ മനുഷ്യന്റെ, ഉൾകൊള്ളാൻ കഴിയാതെ വേഷപകർച്ചയിൽ മനസ്സ് പതറി പോകുന്നുണ്ടായിരുന്നു.
“എന്ത് പറ്റി ജമാലിക്ക നിങ്ങക്ക്?.വീട്ടുകാരുമായി എന്തെങ്കിലും പ്രശ്നം..?”.
“ഏയ്‌ ഒന്നുല്ല രവി… ജീവിതമല്ലെ, ഓടിത്തളരുമ്പോൾ ഇങ്ങനെയൊക്കെ ആയിരിക്കും. നമ്മൾ വിചാരിക്കുന്ന പോലെയൊന്നും നടക്കില്ല. ഒക്കെ പടച്ചോൻ നിരൂപിച്ചിട്ടുണ്ട്, അതുപോലെയേ നടക്കൂ,അങ്ങനെ വിചാരിക്കുമ്പോഴാ ഒരു സമാധാനം “.
ഇരുവശവും ഈന്തപ്പനതോട്ടങ്ങൾ തണൽ വിരിക്കുന്ന വഴിയിലൂടെ റൂമിലേക്ക് നടക്കുമ്പോൾ മിക്കവാറും ജമാലിക്കയെ കാണാറുണ്ടായിരുന്നു. ആദ്യമൊക്കെ സലാം പറച്ചിലും, ചെറു ചിരിയും മാത്രമായിരുന്നു. പിന്നെ ചെറിയ കുശലങ്ങൾ, പിന്നെ പിന്നെ നല്ല ചങ്ങാതിമാരായി. വ്യാഴാഴ്ച റൂമിലെ സ്ഥിരം സന്ദർശകനായി, വ്യാഴവും, വെള്ളിയും കിച്ചന്റെ ഇൻചാർജ്ജ് സ്വയം ഏറ്റെടുക്കും. ഫ്ലാറ്റിൽ എല്ലാവരുടെയും ജമാലിക്കയായ് മറുവാൻ അധികനാൾ വേണ്ടി വന്നില്ല.
ലേബർക്യാമ്പിലെ പരിമിതികൾക്കുള്ളിൽ പരുവപ്പെടുത്തിയ മനസ്സായിരുന്നു ജമാലിക്കയുടേത്,സൗകര്യങ്ങളെക്കാൾ അസൗകര്യങ്ങൾ മാത്രമുള്ള ക്യാമ്പിൽ നിന്ന് ഒരു രക്ഷപ്പെടൽ കൂടിയാണ് എല്ലാ വ്യാഴാഴ്ചയുമുള്ള ഈ കൂടുമാറ്റം.
“ഒത്തിരി വർഷമായില്ലേ ഇക്കാ ഇവിടെ
? ഇനി നാട്ടിൽ പോയി സെറ്റിലായിക്കൂടെ?”.
ഒരിക്കൽ റൂമിൽ വെച്ച് ഹംസയാണ് ജമാലിക്കയോട് അപ്രതീക്ഷിതമായി അങ്ങനെ ചോദിച്ചത്!.അല്ലെങ്കിലും ഹംസ അങ്ങനെയാണ്. സ്ഥലകാല ബോധമില്ലാതെ വാക്കുകളെ തുറന്ന് വിടും.
അത് വേണ്ടിയിരുന്നില്ലെന്ന് തനിക്കും മറ്റുള്ളവർക്കും തോന്നി. ഈ ചോദ്യങ്ങൾ പഴയ പ്രവാസികളെ കാണുമ്പോൾ പുതിയവർ ചോദിക്കുന്നതാണെങ്കിലും എന്തോ ഒരസ്വസ്ഥത പോലെ. എങ്കിലും ജമാലിക്ക വളരെ ലാഘവത്തോടെ മറുപടി പറയുന്നത് കേട്ടപ്പോൾ ആശ്വാസം തോന്നി.
“വേണം.. വേണം നാട്ടിൽ പോയി നിൽക്കണോന്ന് ഇവിടെ നില്കണ ആരാ ആഗ്രഹിക്കാത്തത്?, നാട്ടിൽ പോകുമ്പോഴൊക്കെ അവിടെ പിടിച്ച് നിൽക്കാൻ വല്ല വഴിയുമുണ്ടോന്ന് നോക്കും, അവസാനം അവളെ കെട്ടിപിടിച്ച് കരഞ്ഞോണ്ട് വീണ്ടും ഇങ്ങോട്ട് തന്നെ പോരും, എല്ലാരെയും കരയ്ക്കെത്തിക്കുമ്പോൾ നമ്മട മയ്യത്തെടുക്കണ നേരാവൂന്നാ എനിക്കിപ്പോ തോന്നണേ “.
“എന്റെ ജമാലിക്ക ‘എല്ലാത്തിനും അതിന്റെതായ സമയമുണ്ടെന്ന്’ ഒരു സിനിമയിൽ പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ.. നമുക്കും വരും ഇക്കാ നമ്മുടേതായ ഒരു സമയം”. ഹംസ പറഞ്ഞപ്പോൾ ജമാലിക്കയുടെ മുഖത്ത് പ്രകാശം കുറഞ്ഞതെങ്കിലും ചിരി വിടർന്നു.
“അതിലൊന്നും ഒരു ബേജാറും ഇല്ല .. വെറും പാസ്സ്പോർട്ടും കൈപിടിച്ച് വന്ന് ഇതുവരെ എത്തിയില്ലേ.. പിന്നെന്താ പഹയാ പേടിക്കണത് “.
പിന്നെയും എഴെട്ട് കൊല്ലം കഴിഞ്ഞുകാണും, പതിവുപോലെ, പതിവിലും നേരത്തെ വ്യാഴാഴ്ച റൂമിൽ വന്ന് എല്ലാവർക്കും ഓരോ സുലൈമാനിയും ഇട്ടുകൊണ്ട് കൊടുത്തിട്ട് ജമാലിക്ക തന്റെ കട്ടിലിൽ വന്നിരുന്നു..
സുലൈമാനി ഊതിയാറ്റി കുടിക്കാൻ തുടങ്ങിയതേയുള്ളു. അപ്പോഴാണ് ജമാലിക്ക ആദ്യത്തെ വെടി പൊട്ടിച്ചത്.
“ഞാൻ നാട്ടിലേക്ക് മടങ്ങുകയാണ്, എത്രയാന്ന് വെച്ചാ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നത്?. മടുത്തു, ഇനി വയ്യാ..”
ചുണ്ടോടുപ്പിച്ച ഗ്ലാസ്സ് ഒരു നിമിഷം അറച്ചുനിന്നു. എല്ലാവരുടെ നോട്ടവും ജമാലിക്കയിലേക്ക്. ആ മുഖത്ത് വല്ലാത്ത നിസ്സoഗത തളം കെട്ടി നിന്നിരുന്നു.
“എന്താ എല്ലാരും കൂടെ ഇങ്ങനെ നോക്കുന്നത്, ഞാൻ വളരെ ആലോചിട്ട് തന്നെയാ… ബീയ്യാത്തുവിനും ഇത് ഒത്തിരി സന്തോഷമായി. ഓളെ ഒരിക്കലെങ്കിലും ഇങ്ങോട്ട് കൂട്ടണമെന്ന് ആശയുണ്ടായിരുന്നു. ഈ ഇത്തിരി ശമ്പളത്തില് നമ്മള് കൂട്ടിയാ കൂടില്ല്യാന്ന് ഓൾക്കും അറിയാം. അടുത്ത വീട്ടിലുള്ളവരൊക്കെ ഇങ്ങോട്ട് വരുമ്പം ഓൾക്ക് ഒത്തിരി നിരാശ തോന്നിക്കാണും.പോട്ടെ സാരമില്ല “.
ചുമരിലെ കലണ്ടർ കാറ്റിൽ പറന്ന് കലപില ശബ്ദമുണ്ടാക്കികൊണ്ടിരുന്നു. പിന്നെയും കേൾക്കുവനായി കാതുകൾ കൂർപ്പിചിരിക്കുവാനേ അന്നേരം എല്ലാർക്കും കഴിഞ്ഞുള്ളൂ..
“ഞാനും, ബീയ്യാത്തുവും കൂടി എത്ര നാളായി ആലോചിക്കണതാ, ഇളയവളുടെ നിക്കാഹ് കൂടി കഴിയാൻ കാത്ത് നിന്നതാ.. ഒരു സങ്കടോല്ല, സന്തോഷമായി തന്നെയാ നമ്മള് മടങ്ങണത് “.
മൗനത്തെ മുറിച്ചത് ഇത്തവണയും ഹംസ തന്നെയാണ്.
“അല്ല ജമാലിക്ക നാട്ടിൽ ചെന്നിട്ട് എന്ത് ചെയ്യാനാ.. ബാങ്കിൽ കിടക്കണത് എടുത്ത് ചെലവാക്കിയാൽ മൂന്നിന്റന്ന് തീരും “.
ഒഴിഞ്ഞ സുലൈമാനി ഗ്ലാസ്സുകൾ തട്ടത്തിൽ പെറുക്കി വെയ്ക്കുകയായിരുന്നപ്പോൾ ജമാലിക്ക.
“എന്തെങ്കിലും ചെയ്യണം,കുറച്ചോസം ഓളെയും കൂട്ടി എങ്ങോട്ടെങ്കിലും ഒന്ന് കറങ്ങണം. അതിന് ശേഷമെ ഉള്ളൂ എന്തും.ഓരോ പ്രാവശ്യം നാട്ടിൽ ചെല്ലുമ്പോഴും അവിടെപോണം, ഇവിടെപോണം എന്നൊക്കെ ഓള് വലിയ ആഗ്രഹത്തോടെ പറയും, ഒന്നും നടക്കില്ല. ഇത്തവണ ഓളെ പരാതി തീർക്കണം “.
ജമാലിക്കയുടെ മുഖത്തപ്പോൾ മടങ്ങിപോകുന്നതിന്റെ വിഷാദഛായയല്ല, മറിച്ച് ആത്മസംതൃപ്തിയുടെ പ്രകാശം പരന്നിരുന്നു.
യാന്ത്രികമായ പ്രവാസജീവിതത്തിന്റെ കെട്ടുപാടുകളിൽ നിന്ന് ഒരാൾ രക്ഷപെടുന്നതിന്റെ ആശ്വാസം എല്ലാവരുടെ മുഖത്തും, എങ്കിലും കുടുംബത്തിൽ നിന്ന് ഉറ്റവരായ ഒരാൾ ഇറങ്ങിപോകുന്നതിന്റെ നൊമ്പരവും.
ജമാലിക്ക നാട്ടിൽ എയർപോർട്ടിൽ യാത്രയാക്കുവാൻ എല്ലാവരും പോയിരുന്നു. അങ്ങനെ ഒരു പതിവ് ഇല്ലാത്തതാണ്. എല്ലാപതിവുകളും ചിലപ്പോൾ തെറ്റിക്കേണ്ടി വരുമെന്ന് പറയുന്നത് വളരെ ശരിയാണെന്ന് തോന്നുന്നു.
പിന്നെ വ്യാഴാഴ്ചകൾ പലതും വിരസമായി തോന്നിയെങ്കിലും, പതിയെ പലരുടെയും ഓർമ്മകളിൽ നിന്നും ജമാലിക്ക ഇറങ്ങി പോയി.
അതിന് ശേഷം താൻ നാട്ടിൽ വന്നപ്പോൾ ഒന്നോ രണ്ടോ പ്രാവശ്യം ജമാലിക്കയെ കാണാൻ പോയെങ്കിലും, കാണാൻ കഴിഞ്ഞില്ല.പിന്നെ വരുമ്പോഴൊന്നും ഓരോ തിരക്കിനിടയിൽ പോകാനും കഴിഞ്ഞില്ല.
അല്ലെങ്കിലും നാട്ടിലേക്ക് മടങ്ങി പോകുന്നവരെ വിസ്‌മൃതിയിൽ ഉപേക്ഷിക്കുന്ന ശീലം പ്രവാസിക്ക് സ്വന്തം.
ആഹാരം കഴിച്ചെണീറ്റ് കൈകഴുകി വന്നപ്പോൾ ജമാലിക്ക പറഞ്ഞു.
“നല്ല വിശപ്പായിരുന്നു.. നിങ്ങളുടെ അത്താഴത്തിനുള്ളത് കൂടി ഞാൻ കഴിച്ചെന്ന് തോന്നുന്നു”.
പൂമുഖത്ത് ഫാനിന്റെ താഴെ കസേരനീക്കിയിട്ടുകൊടുത്തെങ്കിലും ഇക്ക കൈവരിയിൽ തന്നെ പോയിരുന്നു.
മുറ്റത്തെ വിശാലമായ പുൽത്തകിടിയും, പൂന്തോട്ടവുമൊക്കെ വീക്ഷിച്ച് കൊണ്ട് അല്പം നേരത്തെ ആലോചനയ്ക്ക് ശേഷം ഇക്ക പറഞ്ഞു.
“രവീ നീ കഴിയുന്നത്രയും കാലം അവിടെ പിടിച്ച് നില്ക്കണം . ഇവിടെ വന്ന് രക്ഷപ്പെടാമെന്ന് കരുതി മടങ്ങി വരരുത്, പറ്റില്ല. എന്തോരം കഷ്ടപ്പെട്ടാലും ഒന്നും മിച്ചമുണ്ടാകില്ല, അവസാനം ആരും കാണില്ല ഒരു നല്ല വാക്ക് പറയാൻ കൂടി,എല്ലാവരും തള്ളിപ്പറയും, ഞാമ്പറയണത് എന്റെ അനുഭവത്തീന്നാ, അഞ്ച് പൈസാ അനാമ്പത്ത് ചെലവാക്കിയില്ല.എങ്കിലും ഒക്കെ നമ്മള് നശിപ്പിച്ചൂന്ന് പറയണകേക്കുമ്പോ ചങ്ക് പൊട്ടിപോകും “.
മുറ്റത്ത് വെയിലിന് ചൂടേറിയിരുന്നു. ഫാനിന് കീഴെ ഇരുന്നിട്ടും വിയർപ്പ് പൊടിഞ്ഞു. ജമാലിക്ക കയ്യിൽ തടഞ്ഞ മാസികയെടുത്ത് വീശി.
“എന്ത് പറ്റി ജമാലിക്ക?. കഷ്ടപ്പെട്ട കാശെല്ലാം ആരെങ്കിലും വാങ്ങിയിട്ട് ചതിച്ചോ? എന്താ നിങ്ങക്ക് പറ്റിയത്? ഇതെന്തൊരു കോലമാ ഇക്കാ നിങ്ങളുടേത്?”.
ഏയ് ആരും പറ്റിച്ചിച്ചതല്ല,അങ്ങനെ പറേണത് ശരിയുമല്ല. ഒക്കെ എന്റെ കുഴപ്പം തന്നെയാ, നാട്ടിൽ വന്നിട്ട് എങ്ങനെ വെറുതെ നില്ക്കും? അങ്ങനെയാ ഒരു കച്ചോടം തുടങ്ങിയത്? ഒരു ബേക്കറി, ആദ്യം നല്ല കച്ചോടം ഒണ്ടായിരുന്നു.
കച്ചോടം തുടങ്ങി കുറെ നാള് കഴിഞ്ഞപ്പോൾ ഇവിടെ നോട്ട് നിരോധനം വന്നപ്പോ കച്ചവടം പെട്ടെന്ന് കുറഞ്ഞു. പിന്നെ കോവിഡ് കൂടി വന്ന് എല്ലാം തൊലച്ചു. നാട്ടിൽ എവിടേങ്കിലും ഷവർമ്മ കഴിച്ച് ആരെങ്കിലും മയ്യത്തായാല് ആകെ പൊല്ലാപ്പാണ്, പിന്നെ എല്ലാ കടയിലും പരിശോധനയോട്, പരിശോധനയല്ലെ? അതുകൂടി കാണുമ്പോ വന്നോണ്ടിരുന്ന ആളുകളും പിന്നെ അങ്ങോട്ട് വരാണ്ടാവും,
.കട തുടങ്ങി നമ്മളിപ്പോ കയ്യിലുള്ളതും പോയി വെറും കടക്കാരനായി… എന്തിനാ നീ വേണ്ടാത്ത പണിക്ക് പോയി മുതല് ഇല്ലാണ്ടാക്കിയെന്നാ എല്ലാരും ചോദിക്കണത്, ആളുകള് വിചാരിക്കണത് നമ്മള് നശിപ്പിച്ചെന്നാ. ബീയ്യാത്തു ഉണ്ടായിരുന്നെങ്കിൽ അവക്ക് നമ്മടെ സങ്കടം മനസ്സിലായനെ, അവള് ഇതൊക്കെ കണ്ട് സങ്കടപ്പെടുന്നുണ്ടാവും.ഇതിപ്പോ ചുറ്റിനും കുറ്റപ്പെടുത്താൻ മാത്രമെ ആളുള്ളൂ “.
“മാഫി മുഷ്കിൽ ജമാലിക്ക..അള്ളാക്കരീം,, പോയതൊക്കെ പോട്ടെ നിങ്ങൾ വിഷമിക്കാതിരിക്ക്!”.
ആശ്വാസത്തിന്റെ വാക്കുകൾ ആദ്യമായ് കേൾക്കുന്നത് പോലെ ജമാലിക്ക തന്നെ നോക്കി.
“രവീ നീ എന്നെ ക്കൂടെ എങ്ങനെയെങ്കിലും കൊണ്ട് പോകണം, എന്നെ കൊണ്ടാവില്ല ഇനി ഇവിടെ നില്കാൻ,”. കരളിലെ സങ്കടപ്പുഴ നീന്തികയറി വന്ന വാക്കുകൾ കേട്ട് രവി ശരിക്കും ഞെട്ടിപ്പോയി.
ഒരിക്കൽ പ്രവാസി ആയാൽ പിന്നെ നാട്ടിൽ വേരോട്ടം കിട്ടാൻ വലിയ പാടാണ് .ഉള്ള് പൊള്ളുമ്പോഴും ആരോടും മിണ്ടാതെ ചിലർ സ്വയം എരിഞ്ഞടങ്ങും. അതൊക്കെ അറിയാഞ്ഞിട്ടല്ല, ഇക്കയെ ഈ പ്രായത്തിൽ അങ്ങോട്ട് കൊണ്ട് പോകുന്നതെങ്ങനെ? നോ പറയാനും വയ്യാത്ത ധർമ്മസങ്കടത്തിന്റെ നടവിലാണ് താനെന്ന് രവിക്ക് തോന്നി.
“ഇക്കാ ഇനി അവിടെ വന്നിട്ട് എന്ത് ജോലിയെടുക്കാനാ നിങ്ങള്?. അല്ലെങ്കിൽ ഈ പ്രായത്തിൽ ആര് ജോലിതരാനാ?ഇതൊക്കെ ഇക്കയ്ക്കു ഇപ്പോഴത്തെ വിഷമം കൊണ്ട് തോന്നണതാ, അല്ലെങ്കിലും ഉള്ള കാലമത്രയും നമുക്കവിടെ നില്കാൻ പറ്റ്വോ, എന്നായാലും ഒരു ദിവസം മടങ്ങേണ്ടി വരില്ലേ?”.
“എനിക്കറിയാം രവീ.ആരും ജോലി തരില്ല.എന്നാലും ഇവിടെ നില്കാൻ എന്നെ കൊണ്ടാവില്ല, അവിടെ വന്നാൽ ഞാൻ നിങ്ങൾക്ക് ആഹാരം വെച്ച് തരാം. എനിക്ക് ശമ്പളമൊന്നും വേണ്ട. ഒരു പക്ഷെ അവിടെ കെടന്ന് മയ്യത്തായാലും ഇങ്ങോട്ട് കൊണ്ട് വരണ്ടാ.അവിടെ ഖബറടക്കിയാൽ മതി”.
പിന്നെ കുറെ നേരം ഒന്നും മിണ്ടാതെ ജമാലിക്ക വെയിലിൽ കരിഞ്ഞുണങ്ങുന്ന പുൽതകിടിയിലേക്ക് നോക്കിയിരുന്നു.
“രവീ ഒരു ഗ്ലാസ്സ് വെള്ളം കൂടി വേണം,എന്തൊരു ചൂടാ…വല്ലാത്ത ദാഹം “.
“സരോജം… ആ വെള്ളവുംജഗ്ഗുമിങ്ങെടുത്തോ “.
വെള്ളം കുടിച്ച് കഴിഞ്ഞ് ജമാലിക്ക കൈവരിയിൽ നീന്ന് എഴുന്നേറ്റു.
“എന്നാ നമ്മള് ഇറങ്ങട്ടെ രവീ…വെറുതെ നിന്നെ കൂടെ ഞാൻ വന്ന് വെഷമിപ്പിച്ചു. പടച്ചോൻ നിരീക്കണതെ നടക്കൂ “.
പ്രതീക്ഷകൾ നഷ്ടപ്പെട്ട്, പടിയിറങ്ങാനൊരുങ്ങുന്ന ജമാലിക്കയെ രവി തടഞ്ഞു.
ഇതെന്ത് പോക്കാ ഇക്കാ?ഇതിനാണോ നിങ്ങൾ ഇത്രയും ദൂരം താണ്ടി എന്നെ കാണാൻ വന്നത്?”.
ജമാലിക്ക തന്റെ കൈകൾ പിടിച്ച് ഹൃദയം കൊണ്ട് മുത്തമിട്ടപ്പോൾ ഉള്ള് അറിയാതെ ഒന്ന് പിടഞ്ഞു.
“മാഫി മുഷ്കിൽ ജമാലിക്ക നമുക്ക് നോക്കാമെന്നേ…”.
“അത് മതി.. എനിക്ക് നിന്നെ വിശ്വാസമാ”.
സന്തോഷത്തോടെ തന്റെ കൈപിടിച്ച് കുലുക്കി യാത്ര പറഞ്ഞിറങ്ങുന്ന ജമാലിക്കയെ നോക്കി നില്കുമ്പോൾ മനസ്സിൽ ചുട്ടുപഴുത്ത മണൽക്കാറ്റ് വീശി അടിക്കുകയായിരുന്നു.

മോഹൻദാസ് എവർഷൈൻ

By ivayana