വെറുതെ സൗഹൃദം എന്ന് ഒന്നുണ്ടോ? ഉണ്ടായിരിക്കാം. അയാൾ സ്വന്തം അനുഭവങ്ങളുടെ വീഞ്ഞപ്പെട്ടികൾ കുടഞ്ഞിട്ട് നോക്കി
ചില ലാഭനഷ്ടങ്ങളുടെ അടി സ്ഥാനത്തിലാണ് സൗഹൃദത്തിന്റെ തുടക്കവും ഒടുക്കവും.


കൊടുക്കൽ വാങ്ങലുകൾ, അതിര് തർക്കങ്ങൾ, ജാമ്യം നിൽക്കൽ, മറ്റു ചില സാമ്പത്തിക ഇടപാടുകൾ ഇവയൊക്കെ സൗഹൃദങ്ങളിൽവിള്ളൽ വീഴ്ത്താറുണ്ട്.
അയാൾ ഓർത്തു. മാധവൻ ഈയിടെയായി തന്നോട് നല്ല അടുപ്പത്തിലാണ്. ഇക്കുറിയും തന്നെ പറ്റിക്കാനുള്ള ചില മുന്നൊരുക്കങ്ങൾ അവൻ വിദഗ്ധമായി ആസൂത്രണം ചെയ്യുന്നുണ്ട്.


പ്രസവം അടുത്ത പശുവിനെ അല്പം മുൻപ് തൊഴുത്തിൽ കൊണ്ട് കെട്ടി. തന്റെ ഭാര്യയെ വിളിച്ച് അവൻ ഇങ്ങനെ പറഞ്ഞു.
‘ ചെല്ലമ്മേടത്തി…ഇതിനി അടുത്തമാസം പ്രസവിക്കും. കറവ തീരും വരെ രാവിലെ അരലിറ്റർ പാല് തരണം. കറവ തീരുമ്പോൾ കുട്ടിയെ നിങ്ങൾ എടുത്തോ’
‘ എന്താ മാധവാ ഇപ്പോ… ഇങ്ങനെ? നിങ്ങൾക്ക് കച്ചിയും തുറുവും ഇല്ലേ? പിന്നെന്താ പാട്?’
‘ എന്റെ വീട്ടിൽ ഒരുത്തിക്ക് എന്ത് ചെയ്താലും കണക്ക് പറച്ചിലാ. അവൾക്കൊന്നും ചെയ്യാനും കഴിയില്ല. കുറെ അരി അളന്നു അടപ്പത്തിടണം. മൂക്ക് മുട്ടെ ഇത്തിരി ചമ്മന്തിയും കൂട്ടി തിന്നണം.


അത്രതന്നെ ‘
മാധവനെന്തിനോ ചില കരുക്കൾ നീക്കുകയാണെന്ന് അയാൾക്ക് തോന്നി
‘ ചെല്ലമ്മേ അവന് നമ്മളെ പറ്റിക്കാൻ എന്തോ ഉദ്ദേശ്യമുണ്ട്. അല്ലെങ്കിൽ നാലഞ്ച് കിടാക്കളും കറവക്കാരനും ഉള്ളവന് എന്താ ഇതിന്റെ ആവശ്യം?’
‘ കറവക്കാരനെന്നും വരുത്തില്ലെന്ന് പങ്കജവല്ലി ഞായറാഴ്ച അമ്പലത്തിൽ വച്ച് കണ്ടപ്പോൾ പറഞ്ഞു. പിന്നെ എല്ലാത്തിനെയും അവൾ തന്നെ കറക്കണംന്ന് ‘
‘ അവളെപ്പോലെ ഇത്രയും ഉത്സാഹം ഉള്ള ഒരുത്തിയെ ഞാൻ കണ്ടിട്ടില്ല.നേരം വെളുത്താ ഇരുട്ടും വരെ എന്തേലും ചെയ്തുകൊണ്ടി രിക്കും. പോച്ച പറിക്കുക…മുറ്റം അടിക്കുക. മുറി തേച്ചു കഴുകുക… തൊഴുത്ത് വൃത്തിയാക്കുക…’
‘ മാധവൻ പറേന്നത് അവൾക്ക് എല്ലാത്തിനും മടിയാന്നാ’
‘ അതൊക്കെ അവന്റെ ഒരു കൗശലമാ ‘
‘ തർക്കത്തിനൊന്നും പോകണ്ട.


നിങ്ങൾ എത്ര തവണ മാധവനെ വഴക്ക് പറഞ്ഞിട്ടുണ്ട്. മാധവന് ഒരു പിണക്കവുമില്ല. കഴിഞ്ഞമാസം ഇവിടെക്കിടന്നു നെഞ്ചുവേദന എടുത്ത് പുളഞ്ഞപ്പോൾ അവനാ ഹോസ്പിറ്റലിൽ ആക്കിയത്. നാളെ ചെക്കപ്പിനു പോകണം. ചെറിയൊരു ബ്ലോക്ക് അല്ലേ ഉള്ളൂ എന്ന് പറഞ്ഞിരിക്കണ്ട. മരുന്നു കഴിച്ചോ?’
‘ ഓ അങ്ങനങ്ങ് പേടിക്കണ്ട. പള്ളിക്കല് ഭാർഗവന് അഞ്ചു ബ്ലോക്ക് ഉണ്ടെന്ന് പറഞ്ഞിട്ട് അഞ്ചുകൊല്ലം കഴിഞ്ഞിരിക്കുന്നു.


അറക്കണം കീറണം എന്നൊക്കെ ആശുപത്രിക്കാര് പറഞ്ഞു. രണ്ടേകാൽ ലക്ഷം കെട്ടിവയ്ക്കണമെന്ന്. എന്നിട്ട് ഭാർഗവൻ ഒന്നും കെട്ടി വെച്ചില്ല. രണ്ടുനാൾ കിടന്നതിന്റെ കാശു കൊടുത്തിട്ട് അവൻ പൊടീം തട്ടി ഇങ്ങു പോന്നു.
അവൻ ഇന്നലെയും പാടത്ത് വാഴ നടാൻ പണകോരുന്നുണ്ടായിരുന്നു.’
അവർ കാര്യം പറഞ്ഞിരിക്കെ മാധവൻ ഒരു നേന്ത്രക്കുല മുറ്റത്ത് കൊണ്ടു വച്ചു.
‘ ഇക്കുറി ആദ്യത്തെ കുലയാ. എനിക്ക് ഇത്തിരി ധൃതിയുണ്ട് ‘
അത്രയും പറഞ്ഞ് അവൻ പോയി.
അപ്പോൾ ചെല്ലമ്മ വീണ്ടും വഴിക്കാര്യം പറഞ്ഞു.


‘ അവന് നാല് സെന്റ് വഴിക്ക് അങ്ങ് കൊടുത്തൂടെ?’ നാലു ലക്ഷം തരാമെന്ന് പറഞ്ഞു .’
‘ ചെല്ലമ്മേ നിനക്കറിയോ… അപ്പുറം സെന്റിന് രണ്ട് ലക്ഷം വച്ചല്യോ പോയത്? മാത്രവുമല്ല നാല് സെന്റ് കൊടുത്താൽ നമ്മൾക്ക് അവിടെ പിന്നെ രണ്ടു മുറി കടവയ്ക്കാൻ ഇടവുമില്ല ‘
‘ നമ്മക്കെന്തിനാ കട?’
‘ നീയിപ്പോ…മാധവിനു വേണ്ടി എന്തിനാ ഇത്ര വക്കാലത്ത് പിടിക്കണത്?രണ്ടടി വീതിയിൽ നടപ്പാത മാത്രമുള്ള സ്ഥലം അവൻ എത്ര ചുളുവിലയ്ക്കാ വാങ്ങിയത്?
അതും നാല്പത് സെന്റ്. നമ്മുടെ കയ്യിന്ന് വഴിക്ക് സ്ഥലം കിട്ടിയാൽ
അവനത് ലോട്ടറിയടിച്ച ഫലം.’
‘ ഞാൻ എത്ര തവണ അത് വാങ്ങെന്ന് പറഞ്ഞതാ… കേട്ടില്ല.
അവിടെ ആദായമില്ല തരിശാണ് കുറ്റിക്കാടാണ് സർപ്പക്കാവാണ് അപ്പുറം പള്ളിയും സിമിത്തേരിയും ആണ് ‘
‘ ഓ അതൊക്കെ എന്തിനാ പറേന്നത്?’
അയാൾ ദേഷ്യപ്പെട്ടു.
രണ്ടു നാൾ കഴിഞ്ഞു.
കർക്കിടകം തോരാതെ പെയ്യുന്നു.
പശു തീറ്റ എടുക്കുന്നില്ല. മാധവനോട് പറഞ്ഞിട്ടും ഫലമില്ല.
ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ പശു ചത്തു.


‘ മാധവാ…എന്താ നഷ്ടപരിഹാരം?’
‘ ഒന്നും വേണ്ട. ഏട്ടന് നെഞ്ചിന് വേദന എങ്ങനുണ്ട്?
‘ ഇന്നലെ രാത്രി കുറെ നേരം നന്നായി നൊന്തു.’
അയാൾ പറഞ്ഞു.
‘ ചെല്ലമ്മയേടെത്തിയെ?’
മാധവൻ ഉറക്കെ വിളിച്ചു.
അവർ ഉമ്മറത്തേക്ക് വന്നു
‘ എനിക്ക് വീടിന് ലോൺ കിട്ടി.
വഴിക്ക് സ്ഥലം കിട്ടിയില്ലേൽ പണി നടക്കില്ല. ഇപ്പോ… നിങ്ങൾ രണ്ടാളും ഉണ്ട്. നിങ്ങടെ കാലം കഴിഞ്ഞാ പിന്നെ മക്കളാ. ഒന്നും നടക്കില്ല.
ഞാൻ അമ്പതിനായിരം കൂടി തരാം.’
‘ മാധവാ എട്ടുലക്ഷം കിട്ടില്ലേ?’
അയാൾ ചോദിച്ചു.
‘ നീയൊരു അഞ്ചു ലക്ഷം തന്നേര് ‘
ചെല്ലമ്മ കച്ചവടം ഉറപ്പിച്ചു.
അയാൾക്ക് മറുത്തൊന്നും പറയാനുണ്ടായില്ല.നെഞ്ചിനകത്ത് കുത്തിവലിക്കുന്ന വേദന!!
————-

By ivayana