രാവേറേ ചെന്നിരുന്നെങ്കിലും കുട്രാമന്റെ ആലയിൽ തീയണഞ്ഞിരുന്നില്ല. പത്തി വിടർത്തിയാടുന്ന സർപ്പക്കൂട്ടങ്ങളെ പോലെ ചുവപ്പ് നിറം പൂണ്ട് നാവു നീട്ടിയാടിയ ഉലയിലെ തീനാമ്പുകൾ ചുറ്റുമുള്ള ഇരുളിനെ കീറി മുറിച്ച് ആളിപ്പടർന്നു കൊണ്ടേയിരുന്നു.
ഇന്ന് തീർത്ത് കൊടുക്കേണ്ട കൊടുവാളുകളാണെന്ന ബോധ്യത്തിൽ അയാളുടെ കൈകളുടെ ചലനത്തിന് വേഗത കൂടി.മറ്റൊന്നും ശ്രദ്ധിക്കാതെ കൈമെയ് മറന്ന് ഇരുമ്പിനോട് മല്ലിട്ടു കൊണ്ടേയിരിക്കെ രണ്ടടി നീളത്തിലുള്ള കാരിരുമ്പ് കഷ്ണങ്ങൾ അലറിയാർക്കു ന്ന തീയിൽ പുളഞ്ഞ് പഴുത്ത് സ്വർണ വർണം പൂണ്ടു.
കൊടിലിൽ കുരുക്കിയ ലോഹദണ്ട് കൽതൊട്ടിയിലേക്ക് പൂഴ്ത്തിയപ്പോൾ “ശീ” എന്ന സീൽക്കാത്തോടെ വെള്ളം പുറത്തേക്ക് തെറിച്ചു. അയാളത് പുറത്തെടുത്ത് ഇരുമ്പു മുട്ടിയിൽ വെച്ച് എക്കും മുക്കും നോക്കി വലിയ ചുറ്റിക കൊണ്ട് ആരോടൊക്കേയുള്ള ദേഷ്യം തീർക്കാനെന്ന മട്ടിൽ ആഞ്ഞടിച്ചു. പിന്നെ രാകി രാകി കത്തിക്ക് പതം വരുത്തി. വീണ്ടും വീണ്ടും വാളുകൾ ഒരോന്നെടുത്ത് മൂർച്ച പരിശോധിച്ചു.
ഒടുവിൽ പണി തീർന്ന സംതൃപ്തിയിൽ കുട്രാമൻ ഉലയിലേക്ക് പാനയിലെ വെള്ളം കോരിയടിച്ചു.. ആളിയാർത്ത അഗ്നി മുരണ്ടു ചീറ്റി.കീഴടങ്ങുന്ന മട്ടിൽ വെള്ളം കുടിച്ച് പത്തി പിൻവലിച്ച് ഉലയമർന്നപ്പോൾ സ്വസ്ഥമായി. അയാളൊരു ബീഡിക്ക് തീകൊളുത്തി. അയയിലെ മുണ്ടെടുത്ത് പുറത്തും നെഞ്ചത്തും ചാലുകീറിയ വിയർപ്പുകണങ്ങൾ തുടച്ചു. മൺകൂജയിൽ നിന്ന് തണുത്ത വെള്ളമെ ടുത്ത് “ഗ്ലാ ഗ്ലാ” എന്ന് ദാഹം തീരുവോളം വലിച്ചു കുടിച്ചു് ഷാജിയേയും കാത്ത് മര ബെഞ്ചിൽ നടു ചായ്ച്ചു.
അമ്മിണിയും കുട്ടികളും കൂർക്കം വലിച്ചുറങ്ങുന്ന ശബ്ദം കേട്ട് അയാൾ അവിടെ നിന്നെണീറ്റ് കള്ളനെ പോലെ പതുങ്ങി ചായ്പിലേക്ക്കയറി. മുള വിട്ടത്തിന്റെ മുകളിൽ ചാക്കിനുള്ളിൽ ഒളിപ്പിച്ച റാക്ക് കുപ്പി തപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തി.
അർദ്ധ ബോധത്തിലും പതിവുകാരെ കാണാത്തതിലുള്ള പരിഭവത്തിൽ അയാൾ പിറുപിറുത്തു. ഒറ്റക്കുള്ള ആ ഇരുത്തം പന്തിയില്ല എന്ന് മനസ് പറഞ്ഞു.നാട് മുഴുവൻ കലഹമാണ്.ഒരർത്ഥത്തിൽ കത്തിക്ക് ഓർഡർ കിട്ടിയത് തന്നെ കലഹം കാരണമാണെന്ന് ഓർത്തപ്പോൾ അയാൾ വല്ലാതായി.ഇന്നലേയും പാടത്തെ കുളത്തിൽ നിന്നും ഒരു ശവം കിട്ടിയത് അവനറിഞ്ഞിരുന്നു. പക്ഷെ ലഹരി അയാൾക്ക് ധൈര്യം നൽകി.മദ്യത്തിന്റെ ആലസ്യം കൺപോളകളെ ത്രസിക്കാൻ തുടങ്ങിയപ്പോഴാണ് കള്ളൻമാരെ പോലെ പതുങ്ങിപ്പതുങ്ങി അവരെത്തിയത്.
കണക്കിലധികം അവരുടെ ശബ്ദം പൊങ്ങിയപ്പോൾ കുട്രാമൻ താക്കീതെന്നോണം ചുണ്ടിൽ കൈവെച്ചു വിലക്കി.ചാക്കിൽ പൊതിഞ്ഞുവെച്ച ആയുധങ്ങൾ അവർ തിരിച്ചും മറിച്ചും നോക്കി മൂർച്ച പരിശോധിച്ചു. കുട്രാമനത് പൊതിഞ്ഞു കെട്ടി നിധി കൈമാറുന്ന മട്ടിൽ ഷാജിയുടെ കൈകളിലേക്ക് വെച്ചു കൊടുത്തപ്പോൾ അവരുടെ മുഖം തെളിഞ്ഞു. ഷാജി അരയിൽ നിന്ന് മടക്കി വെച്ച കാശെടുത്ത് കുട്രാമന് കൈമാറി.അയാളത് എണ്ണുക കൂടി ചെയ്യാതെ ട്രൗസറിന്റെ പോക്കറ്റിൽ തിരുകി. താൻ പ്രതീക്ഷിച്ചതിലും കൂടുതൽ പണമതുണ്ട് എന്ന് അയാൾക്ക് മനസിലായിരുന്നു. കഴിഞ്ഞാഴ്ച പ്രായം തികഞ്ഞ ദിവ്യമോൾക്ക് ഒരു പവന്റെ ആഭരണം വാങ്ങണം എന്നയാളുടെ മനസ് പറഞ്ഞു.
“ഇതിൽ പാതി ശങ്കരനെ ഏൽപ്പിക്കണം” കത്തികൾ കൈമാറേണ്ട വരെക്കുറിച്ച് ഷാജി സ്വരം താഴ്ത്തി കൂട്ടുകാർക്ക് വിശദീകരിച്ചു കൊടുത്തു.
“-ബാക്കി ഹൈദ്രസിനെ ഏൽപ്പിക്കണം ,അവൻ
രാമൻ നായരുടെ കുളവക്കത്ത് കാത്തുനിൽപ്പുണ്ട് ഇന്നത്തെ ആവശ്യത്തിനുള്ളതാണ് ,പെട്ടെന്ന് അവിടെയെത്തിക്കണം. “
അവർ രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് ഇരുളിൽ മറഞ്ഞപ്പോൾ കുട്രാമൻ കട്ടിലിൽ നിന്നെണീറ്റ്
വേച്ച് വേച്ച് പാടത്തേക്ക് നടന്നു. ചുറ്റും കുറ്റാക്കൂരിരുട്ട്. തോട്ടിലൊന്ന് മുങ്ങി നിവരണം. ലഹരിയവന് ഊന്നുവടിയായി. കയ്യിൽ കരുതിയ കുപ്പിയിലെ അവസാന തുള്ളിയും അവൻ അണ്ണാക്കിലേ
ക്കൊഴിച്ച് ലോകമേ തറവാട് മട്ടിൽ പാടത്തേക്കിറങ്ങി.
ആകാശത്ത് നക്ഷത്രങ്ങൾക്കിടയിൽ ചന്ദ്രിക അവനെ നോക്കി പുഞ്ചിരിച്ചു. അവ്യക്ത ഭാഷയിൽ അവൻ നിലാവിനോട് സല്ലപിച്ചുകൊണ്ടിരിക്കെ കറുത്ത കാർമേഘം ചന്ദ്രികക്ക് മൂടുപടമിട്ടു. ഇപ്പോൾ ബോധം ഇരുളിന്റെ ശൂന്യതയിലേക്ക് കൂപ്പുകുത്തി. എവിടെ നിന്നോ കാലൻ കോഴി നീട്ടി കൂവി.ഇരുളിന്റെ മറവിൽ നിന്ന് കുറേ വന്യജീവികൾ പാടത്തിന്റെ വിജനതയിലേക്കിറങ്ങിയത് കുട്രാമനറിഞ്ഞില്ല.
പിറ്റേന്ന് ചിതറിക്കിടന്ന നോട്ടുകൾക്കിടയിൽ കുട്രാമന്റെ ഉടലിൽ നിന്ന് വേർപ്പെട്ട ശരീരം തോട്ടിൻ
കരയിൽ അനാഥമായിക്കിടന്നു. കബന്ധത്തോട് ചേർന്ന് വേർപെടാനാവാത്ത ആത്മബന്ധത്താ ലെന്ന വണ്ണം ഒരു പുത്തൻ കൊടുവാൾ അവനെ പുണർന്നു കിടക്കുന്നത് നാട്ടുകാർ കണ്ടു.

ഗഫൂർ കൊടിഞ്ഞി .

By ivayana