അയാളുടെ മരണം നാട്ടിൽ ഒരു ചലനവും സൃഷ്ടിച്ചിരുന്നില്ല. അല്ലെങ്കിലും
ഇക്കാലത്ത് ഒരു മരണമൊക്കെ എന്ത് പ്രതികരണമുണ്ടാക്കാനാണ്.അത്രമാത്രം സങ്കടപ്പെടാനൊന്നും അതിലില്ല എന്ന് ആളുകൾക്ക് തോന്നിയിരിക്കണം. എങ്കിലും സോഷ്യൽ മീഡിയയിൽ പോലും അയാളുടെ ഒരു ഫോട്ടോയോ രണ്ടു വരി ചരമ കുറിപ്പോ ആരും പങ്കു വെച്ച് കണ്ടില്ല. ഒരു പക്ഷെ എൻ്റെ പഴയൊരു സുഹൃത്തെന്ന നിലക്ക് എനിക്ക് ഈ മരണത്തിലുള്ള ആധി എല്ലാവർക്കും ഉണ്ടാവണമെന്നുമില്ല.
ഒരു പഴുത്തില വീണ ലാഘവത്തിൽ ആളുകൾ ആ മരണം അവഗണിച്ചത്
ഒരു വേദനയായി എന്ന് മാത്രം.


ആളുകളെ പറഞ്ഞിട്ട് കാര്യമില്ല.
കുറേ നാളായി അയാൾക്ക് കടന്നൽ കുത്തിയ മുഖമായിരുന്നു. പൗർണ്ണമി പരിലസിച്ചിരുന്ന ആ മുഖത്ത് പൊടുന്നനെയാണ് അമാവാസിയുടെ കാർമേഘം മൂടിക്കെട്ടിയത്. ആളുകൾ അയാളെ കാണാത്ത മട്ട് നടിച്ചതിൽ
അവരെ കുറ്റപ്പെടുത്തുന്നതെങ്ങനെ? ഈഗോ എന്നത് മനുഷ്യ സഹചമായ വികാരമാണല്ലോ. അയാൾക്ക് മാത്രമല്ലല്ലോ.മറ്റുള്ളവർക്കും ഈഗോ ഉണ്ടാവാമല്ലോ.
അയാൾ ചിരിച്ചു ഇടപഴകുന്ന പഴയ ചിത്രങ്ങൾ ജനങ്ങളുടെ ഓർമ്മയിൽ നിന്ന് പോലും മാഞ്ഞ് പോയിരിക്കണം. എന്തോ മുൻ വൈരാഗ്യം ഉള്ള പോലെയാണ് അയാൾ ആളുകളോട് കുറേ കാലമായി ഇടപെട്ടിരുന്നത്.


പഴയ സൗഹൃദങ്ങൾ അയാൾക്ക് നഷ്ടപ്പെടുകയോ അയാൾ സ്വയം നഷ്ടപ്പെടുത്തുകയോ ചെയ്തു.
അതു കൊണ്ടാവണം ചിരപരിചിതർ പോലും അയാളെ വഴി മാറി നടന്നത്.
മുമ്പൊന്നും അയാൾ ഇങ്ങനെ ആയിരുന്നില്ല. എല്ലാവരേയും സൗഹൃദ
പൂർവ്വം അയാൾ ചേർത്ത് പിടിച്ചിരുന്നു.
സ്നേഹത്തോടെ മന്ദഹസിച്ചിരുന്നു. ആളുകളോട് മണിക്കൂറുകളോളം ചിരിച്ചും സല്ലപിച്ചും ചിലവഴിക്കുമായിരുന്നു. എല്ലാ ‘ കാര്യത്തിലും അയാൾ ഇടപെട്ടിരുന്നു. സങ്കീർണ്ണമായ നാട്ടുപ്രശ്നങ്ങൾ പോലും പരിഹരിക്കാൻ അയാൾ മുന്നിലുണ്ടായിരുന്നു.
എനിക്കയാളോട് സവിശേഷമായ സുഹൃദ് ബന്ധമാണുണ്ടായിരുന്നത്. ഞങ്ങൾ പുഴവക്കത്തും പാടവരമ്പിലും ചില വൈകുന്നേരങ്ങളിൽ സംസാരിച്ച് ഇരിക്കുമായിരുന്നു. ജീവിതത്തിൻ്റെ നിരർത്ഥകതയെക്കുറിച്ച് പറഞ്ഞാണ് പലപ്പോഴും അയാൾ തുടങ്ങുക.നാട്ടിലെ ദുശിപ്പുകളെക്കുറിച്ച് അയാൾക്ക് വലിയ അമർഷമായിരുന്നു . സമൂഹത്തിലെ വിരോധാഭാസത്തെക്കുറിച്ചുള്ള പ്രതിഷേധവും വെറുപ്പും അയാൾ എനിക്ക് മുന്നിൽ തുറന്നും വെക്കും.
ഈ സമൂഹത്തോട് ഒത്തു പോവാൻ ആവാത്തതിൻ്റെ നിസ്സഹായത
വെളിപ്പെടുത്തും.രാഷ്ട്രീയക്കാരുടെ
കാപഢ്യങ്ങളെക്കുറിച്ചും മതത്തിൻ്റെ പേരിലുള്ള മുതലെടുപ്പുകകളെക്കുറിച്ചും
പറഞ്ഞു കൊണ്ടേയിരിക്കും.


“അതെല്ലാം ശരിയാണെങ്കിലും ഒരു സമൂഹമെന്ന നിലക്ക് നമ്മൾ അവരെ പിണക്കാതെ മുന്നോട്ടു നീങ്ങുന്നതല്ലേ ബുദ്ധി? ഇവിടെ ഒരു വിട്ടുവീഴ്ചാ മനോഭാവമല്ലേ പ്രസക്തം?” ഞാൻ ചോദിക്കുമ്പോൾ എൻ്റെ സുഹൃത്തിൻ്റെ മുഖത്ത് പുച്ചം നിഴലിക്കും.
എന്നെ അലട്ടുന്ന പല സങ്കീർണ പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിച്ചത് അയാളായിരുന്നു.
എന്നെ പോലെ പലർക്കും അയാൾ തണലായിരുന്നു.എങ്കിലും പിന്നെ പിന്നെ എല്ലാവരേയും പോലെ അയാൾ എന്നേയും അവഗണിച്ചു.
അതിനടക്കാണ് അയാളുടെ ഈ മാറ്റം എന്ത് കൊണ്ടാണ് എന്ന ശങ്ക എൻ്റെ ചിന്താമണ്ഡലത്തെ ഭ്രമണം ചെയ്ത് തുടങ്ങിയത്. അതിന് വ്യക്തമായ ഒരു കാരണം ഉണ്ടാവാതിരിക്കില്ല.

ഒടുവിൽഒരു ദിവസം ഞാൻ അയാളുടെ വീട്ടിൽ മുന്നറിയിപ്പില്ലാതെ കേറിച്ചെന്നു. സിറ്റൗട്ടിലെ ചാരു കസേരയിൽ കണ്ണടച്ച് കിടക്കുകയാണ് അയാൾ. ഞാൻ വന്ന വിവരം അയാൾ അറിഞ്ഞിരുന്നില്ല. കൂറ്റനക്കിയപ്പോൾ അസ്വസ്ഥനായി തട്ടിപ്പിടഞ്ഞ് അയാൾ എണീറ്റു. പണിപ്പെട്ട് ഒരു പുഞ്ചിരി മുഖത്ത് വിടർത്താൻ ശ്രമിച്ച് അയാൾ ദയനീയമായി പരാജയപ്പെടുന്നത് ഞാൻ ശ്രദ്ധിച്ചു. എങ്കിലും ഞാൻ വിട്ടില്ല.സലാം പറഞ്ഞ് കൈനീട്ടി.അയാളുടെ മുഖത്ത്അപ്പോഴും അപരിചിതത്വത്തിൻ്റെ കാർമേഘം മൂടിക്കിടന്നു.കൈ തരാൻ മടിച്ച് ഒരുതരം സംശയ ദൃഷ്ടിയോടെ എന്നെ നോക്കിയപ്പോൾ ഞാൻ ചോദിച്ചു.


“എന്താ ചെങ്ങാതീ നീ എന്നോടൊന്ന് കേറിയിരിക്കാൻ പോലും പറയാത്തത്.
ഇത്രമാത്രം നീ എന്നിൽ നിന്ന് അകലാൻ
കാരണമെന്താണ്?”
ഞാൻ മുൻ സൗഹൃദത്തിൻ്റെ ബലത്തിൽ തമാശ മട്ടിലാണത് ചോദിച്ചത്. ക്രമേണ അയാളുടെമുഖം വിവർണ്ണമായി. എൻ്റെ
മുഖത്തേക്കയാൾ സൂക്ഷിച്ചു നോക്കി. ആ കണ്ണുകളിൽ ഉറവുകൾ ചാലിട്ടു. അയാൾ എൻ്റെ കൈ കോർത്ത് പിടിച്ചു. പൊടുന്നനെ ഒരത്താണി കണ്ടെത്തിയ
പോലെ എൻ്റെ തോളിലേക്ക് തല ചായ്ച്ച്അയാൾ തേങ്ങിക്കരയാൻ തുടങ്ങി. ആ മിഴിനീർ എൻ്റെ കുപ്പായത്തെ കുതിർത്തു. ഞാൻ അയാളുടെ പുറത്ത് തട്ടി സാവധാനം സാന്ത്വനിപ്പിച്ചു.


അതിനിടക്കാണ് ടീപ്പോയിലിരുന്ന അവൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങിയത്. ഫോണിലേക്ക് എൻ്റെ കണ്ണ് നീണ്ടു. ആ നമ്പരിലേക്കും എൻ്റെ മുഖത്തേക്കും അയാൾ മാറി മാറി നോക്കി. എന്തോ അവനത് അറ്റൻ്റ്ചെയ്യാൻ മടിച്ചു നിൽക്കുകയാണെന്ന് മനസിലായപ്പോൾ. ഞാൻ അത് കാര്യമാക്കാത്ത മട്ടിൽ
“നീ ഫോണെടുക്ക് ” എന്ന് പറഞ്ഞു. അയാൾ അർദ്ധ മനസോടെ ഫോണിൽ വിരൽ കൊണ്ട് വരച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി.ഞാനാ വാക്കുകൾ കേൾക്കുന്നതിനെ അയാൾ ഭയപ്പെട്ടു എന്ന് വ്യക്തമായിരുന്നു. അപ്പുറത്ത് നിന്ന് വരുന്ന ഓരോ സംസാരത്തോടും ഒരു ഭീരുവിൻ്റെ മട്ടിലാണ് അയാൾ മറുപടി പറഞ്ഞിരുന്നത്. മിനിറ്റുകൾ നീണ്ട
ആ സംസാരത്തിനൊന്നും മറുപടി പറയാനാവാതെ അയാൾ വിതുമ്പുന്നുണ്ടായിരുന്നു. ഒടുവിൽ ആസംസാരം അവസാനിച്ചപ്പോഴേക്കും അയാളുടെ മുഖം കൂടുതൽ വികൃതമായിരുന്നു. അയാൾക്ക് എൻ്റെ മുഖത്ത് നോക്കാൻ പോലും പേടിയുള്ള പോലെ.
“നമുക്ക് പിന്നീട് സംസാരിക്കാം എനിക്ക്
ഇപ്പോൾ പുറത്ത് പോകേണ്ടതുണ്ട്”
പറഞ്ഞു കൊണ്ടയാൾ നേരെ മുറ്റത്തെആക്റ്റീവക്കടുത്തേക്ക് നടന്നു.” എന്താണ് പ്രശ്നം ” എന്ന് ഞാൻ ചോദിച്ചില്ല. അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് പോകുമ്പോൾ മറ്റൊരു സമയത്ത് വന്ന് എല്ലാം ചോദിച്ച് ഇതിനൊരു പരിഹാരം ഉണ്ടാക്കാം എന്ന് കരുതി ഞാനും ഗേറ്റ് കടന്ന് വീട്ടിലേക്ക്-നടന്നു.
പിറ്റേന്ന് രാവിലെ അയാൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത വാർത്ത ഭാര്യ എന്നെ അറിയിച്ച നേരംഞാൻ ഞെട്ടിയില്ല. മറിച്ച് അയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ച സമസ്യകൾപൂരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചു കൊണ്ടിരുന്നത്.

ഗഫൂർ കൊടിഞ്ഞി

By ivayana