അങ്ങനെ ഒരു പ്രണയ ദിനം കൂടി കടന്നുപോയി. ആഘോഷം അതിന്റെ പാരമ്യതയിൽ തന്നെ നിറവേറ്റി. അതിന് ഞാൻ അവളോട് കടപ്പെട്ടിരിയ്ക്കുന്നു.
എങ്കിലും അതിന്റെ പൂർണ്ണമായ അംഗീകാരം എനിയ്ക്ക് തന്നെ വേണം. ഞാനാണവൾക്ക് ധൈര്യം കൊടുത്തത്. എല്ലാത്തിനും പിറകിലേയ്ക്ക് മാറുന്ന അവളെ എന്തിനും ഏതിനും വലിച്ചിഴച്ചത് ഞാനാണ്.. എന്നിലേയ്ക്കും.
ഒരു പക്ഷേ എന്നെ “ശരിയ്ക്ക് ” അറിയാമായിരുന്നതു കൊണ്ടാകാം അവൾ പലപ്പോഴും മടിച്ചു നിന്നത്. എന്തും നമ്മൾ ആഘോഷമായിട്ട് ആസ്വദിയ്ക്കണമെന്നാണ് എന്റെ അഭിപ്രായം. ജീവിതം ഒന്നല്ലേയുള്ളൂ.. ജീവിച്ചിരിയ്ക്കുമ്പോൾ.., ആരോഗ്യം ഉളളപ്പോൾ.., സമ്പത്ത് കൈകാര്യം ചെയ്യാൻ കഴിയുമ്പോൾ.. അപ്പോഴൊക്കെ അവസരങ്ങൾ നഷ്ടമാക്കരുത്.. ജീവിതം ആഘോഷിച്ച് തീർക്കേണ്ടത് തന്നെ.
പക്ഷേ ഇടയ്ക്കിടെയുള്ള അവളുടെ കുത്തുന്ന വാക്കുകൾ മാത്രം എന്നെ നോവിക്കാറുണ്ട്. “നിന്റെ പണമല്ലല്ലോ.. നിന്റപ്പന്റെ പെട്ടിയിൽ നിന്നും നീ അടിച്ചു മാറ്റുന്നതാകുമല്ലോ ആഘോഷിയ്ക്കാനായ് നീ പൊടിയ്ക്കുന്നത്” എന്നാണ് ആ ദുഷ്ടത്തി പറയാറ്.


മോളേ നീ പ്രാക്ടിക്കലായിട്ടു ചിന്തിയ്ക്കണം.. ന്യായാന്യായങ്ങൾ നോക്കി അറച്ചു നിന്നാൽ കാലം അതിന്റെ വഴിയ്ക്ക് പോകും.
“ഇങ്ങനെ പ്രാക്ടിക്കലായിട്ടങ്ങു പോയാൽ മതിയോ..? താൻ എന്നെ കെട്ടുമോ?” എന്ന അവളുടെ ചോദ്യത്തിന് ഇതുവരെ ഉത്തരം കൊടുത്തിട്ടില്ല. അതിനാൽ ഇത്രയും നാൾ അവളും അവളുടെ വഴിയിൽ പ്രാക്ടിക്കലായിട്ട് ചിന്തിച്ചു മാറി നടക്കുകയായിരുന്നു. ഓരോ ദിനങ്ങളെയും തള്ളി ആഴ്ചകളും, ആഴ്ചകളെത്തള്ളി മാസങ്ങളും മറിഞ്ഞു വീഴുന്നു.. എങ്കിലും ആ പ്രണയദിനത്തിന്റെ മധുരോർമ്മകൾ..💞
ഞാൻ ഏറെ ആഗ്രഹിച്ച.. എന്നാൽ അവൾ ആഗ്രഹിയ്ക്കാതിരുന്ന സംഭവമായിരുന്നു എന്റെ തിരക്കഥയിൽ അന്ന് നടന്നത്. പ്രണയദിന സമ്മാനത്തിനായി പ്രതീക്ഷയോടെ കാത്തുനിന്ന അവളെ.., അതു വാങ്ങി തരാം എന്നു പറഞ്ഞ്, വാടകയ്ക്കെടുത്ത കാറിൽ നിർബന്ധിച്ചു കയറ്റുകയായിരുന്നു. അവളെന്റെ ‘ലൈൻ’ ആണെങ്കിലും, പലപ്പോഴുമെന്റെ ഇത്തരം ശ്രമങ്ങളിൽ പരാജയം ഭവിച്ചിട്ടുണ്ട്. “അതിനു വേറേ ആളെ നോക്ക്” എന്നായിരുന്നു അപ്പോഴൊക്കെ അവളുടെ ലൈൻ!


പക്ഷേ..!!
പ്രണയത്തിനു കണ്ണു കാണില്ല എന്നത് എത്രയോ ശരിയാണ്!. കഴിഞ്ഞ പ്രണയ ദിനത്തിൽ അവളെന്റെ മുന്നിൽ കുടുങ്ങി. നഗരം ചുറ്റിക്കറങ്ങിയിട്ട് പതുക്കെ വരാം എന്ന എന്റെ അഭിപ്രായത്തിന് അവൾ യോജിച്ചില്ല. എങ്കിലും അങ്ങനെ തന്നെ സംഭവിച്ചു. നഗരത്തിൽ ചുറ്റി.. കറങ്ങി.. ചലച്ചിത്രമൊക്കെ കണ്ടു.. പിന്നെ ദാഹം പരവേശം.. ക്ഷീണം.. അല്പം വിശ്രമിച്ചാലോ..? അങ്ങനെയങ്ങനെ..!!
പിന്നീട്ട് നടന്നതൊക്കെ ചിന്തിച്ചാൽ മതി.. എവിടെയും സംഭവിയ്ക്കാവുന്നതൊക്കെ. ഞങ്ങളുടെ…, അല്ല എന്റെ സ്വഭാവ രീതിയനുസരിച്ച് എന്തൊക്കെ സംഭവിയ്ക്കാം.. അതങ്ങട് പരമാവധി ഊഹിച്ചോളൂ.
കാലം കാത്തുനില്ക്കാതെ പായുന്നു. ഋതുചംക്രമണം അതിന്റെ വഴിയ്ക്ക് നടക്കുന്നു. ഗ്രീഷ്‌മം അവസാന ഘട്ടത്തിൽ.. ആകെ ചൂടിലാണ് പ്രകൃതി..
ഇന്നെന്താ പ്രിയേ.. പതിവില്ലാതൊരു പന്തികേട്?! എന്റെ ചോദ്യത്തിന് ആദ്യം നാണവും പിന്നെ അല്പം ഗൗരവവും ഒപ്പം പേടിയുമൊക്കെയുള്ള ഒരു നോട്ടം മാത്രമായിരന്നു അവളുടെ ഉത്തരം!!


എന്താ പ്രിയേ..? വെപ്രാളത്തോടെ എന്റെ ചോദ്യം..!!
“വളച്ചുകെട്ടുന്നില്ല.. തെളിച്ചു തന്നെ ചോദിയ്ക്കാം.. താൻ എന്നെ കെട്ടുമോ?” എന്ന മറുചോദ്യമായിരുന്നു അവളുടെ ഉത്തരം.
രാവിലെ തന്നെ തമാശ പറയുകയാണോ..? അതിനൊന്നും സമയമായില്ലല്ലോ..! ഒരു മഴ പെയ്തു തോർന്നെന്നുവച്ച് പെട്ടെന്ന് ഇതൊക്കെ ചിന്തിയ്ക്കണോ..? മോളേ പ്രാക്ടിക്കലായിട്ട്..
ഞാൻ ഇങ്ങനെയൊന്നും ആയിരുന്നില്ല.. നീയാണ് എന്നെ ഇങ്ങനെയാക്കിയത്.. നിന്റെ രീതികൾ പലതും എനിയ്ക്ക് സ്വീകാര്യമല്ലായിരുന്നു. പക്ഷേ ഇനിയങ്ങനെ പറ്റില്ല.. Don’t be silly… ഗൗരവം നിറച്ച അവളുടെ വാക്കുകൾക്ക് അല്പം മൂർച്ചയുള്ളതുപോലെ തോന്നി. തർക്കങ്ങൾ നീണ്ടു പോയി.


മോളേ.. കുളിർമഞ്ഞ് പൊഴിയും.. തീരും,
ഉഷ്ണം പിറന്നാലും പിന്നെ മാറും,
കാലങ്ങൾ മാറും.. കാലാവസ്ഥകളും.
കാറും കോളും വരും,
കൊടുങ്കാറ്റുകൾ വരും,
ഋതുക്കൾ മാറിമറിയും,
പിന്നെ മാനം തെളിയും,
നാളുകളെത്രയോ നമ്മുടെ മുന്നിൽ.. കുലുങ്ങരുത്.. പിടിച്ചു നില്ക്കണം..
be practical..
അതേടാ.. കാലങ്ങൾ വരും പോകും.. കാലാവസ്ഥകൾ മാറും.. മഞ്ഞൊഴിയും, മഴ മാറും, പുതിയ കതിരുകൾ മുളയ്ക്കും, വളരും.. ഇടയിൽ മുളയ്ക്കുന്ന ‘കള’ എന്ന് കരുതിയിട്ട് എല്ലാം പറിച്ചെറിയാൻ കഴിയില്ല.. മാറ്റിനിർത്താൻ പറ്റാത്ത പലതും മുളന്തണ്ടു പോലെ മുളച്ചു പൊന്തിയാലോ..?


തിരിഞ്ഞു നടന്നുകൊണ്ട് അവൾ പറഞ്ഞു തുടങ്ങി..
എടാ.. ചെക്കാ.. നീ പറയുന്നതു പോലെ ഇനി ഞാനും പ്രാക്ടിയ്ക്കൽ ആകുകയാണ്😭. ഫെബ്രുവരി 14 ന് നമ്മൾ പ്രണയദിനം ആലോഷിച്ചു😂. ഇനി എല്ലാം നമ്മൾ ആഘോഷിയ്ക്കണം. ഞാൻ തയ്യാറാണ്. ജീവിതം ആസ്വദിയ്ക്കാൻ ഉളളതാണെന്ന നിന്റെ വാക്കുകളെ ഞാൻ ഇതൾകോർക്കുന്നു. be practical. ഇനി നവംബർ 14 വരും.. നമ്മൾ അതും ആഘോഷിയ്ക്കണം ഞാനിനി പിന്നോട്ടില്ല.. 😍. നീയും തയ്യാറെടുക്ക്. പോയ്‌വരട്ടേ..
ഗൗരവചിത്തയായിട്ടുള്ള അവളുടെ വാക്കിലും പോക്കിലും എന്തോ പന്തികേടു തോന്നി. എന്തൊക്കെയോ തീരുമാനിച്ച് ഉറച്ചതുപോലെ!! ഏതോക്കെയോ അധികാര പർവ്വങ്ങളിൽ അവളുടെ കടന്നുകയറ്റം.. എന്റെ വാക്കുകളുടെ മുനയൊടിഞ്ഞതു പോലെ.. മൂർച്ച പോകുന്നുവോ…?.🤕😷


“പോകാൻ പറ..🤔 എല്ലാ ആഘോഷങ്ങളും ആസ്വദിയ്ക്കാനുള്ളതാണ്. അതു ആഘോഷിയ്ക്കതന്നെ വേണം. be practical” – മനസ്സ് പറഞ്ഞു😌.
എങ്കിലും കടന്നുപോയ പ്രണയദിനമെണ്ണി അവൾ പറഞ്ഞ നവംബർ 14ലേയ്ക്ക് ഞാനുമൊന്നു മനഃക്കണക്കുകൂട്ടി.. സമയമുണ്ടല്ലോ.. 274 ദിവസങ്ങൾ.. അന്നെന്താണ് പ്രത്യേകത.. ഹോ.. ശിശുദിനം..🙁 അതാണോ അവൾ ഉദ്ദ്യേശിച്ചത് !!☹️
അപ്പോൾ?..🤔
ഒരു കുട്ടി പിറക്കാൻ കുറഞ്ഞത് ഇത്രയും ദിനങ്ങൾ മതിയാകുമല്ലോ!!.😲 ദൈവമേ.. ഇനി അതും ആഘോഷിയ്ക്കേണ്ടി വരുമോ..?!!🤪💀
✍️

By ivayana