രചന : പ്രസീത.കെ ✍️
ഇഷ കണ്ണാടിയിൽ നോക്കി. ക്ഷീണിച്ച മുഖം, തിളക്കമില്ലാത്ത കണ്ണുകൾ ആപരിചിതമായ ഭാവം. ”എനിക്ക് നിന്നെ പരിചയമില്ല”.
കണ്ണാടി പറഞ്ഞു.
ചിരിക്കാൻ ശ്രമിച്ചു, സാധിക്കുന്നില്ല.
കണ്ണുകൾ നിറഞ്ഞൊഴുകി
“വിഷമിക്കേണ്ട, നിനക്ക് മുറിവേറ്റതാണ്. ഏതോ കാലത്ത് കുടിയേറിയ ആധികൾ.
എങ്ങനെയോ എന്നോ അതു ഉണ്ടായിട്ടുണ്ട്. ഭൂതകാലത്തിന്റെ ഗുഹകളിൽ മൃതനിദ്രയിൽ ആയിരുന്ന അക്രമകാരിയായ സൂക്ഷ്മാണുവിനെ പോലെ
ബോധകോശങ്ങളിൽ അവ പടരുകയാണ്. അതിനെ ഉണർത്തുന്ന എന്തോ നീ അറിയാതെ സംഭവിച്ചിട്ടുണ്ട്. നിനക്ക് പോലും അറിയാത്ത ഏതോ സന്ദർഭത്തിൽ, പഴയ നോവുകൾ പുതിയ രൂപത്തിൽ പുതിയ കാലത്തേക്ക്
തിരിച്ചുവരികയാണ്.
പ്രേതരൂപിയായി നിന്നിലത് ആവേശിച്ചിരിക്കുന്നു. തൊട്ടാൽ വേദനിക്കുന്ന ഉടുപ്പണിഞ്ഞ് നിൽക്കുന്നു”.
മുടി ചീകി തുടങ്ങി. തന്നെപ്പോലെ അനുസരണയില്ലാത്ത മുടി. കുളിച്ചില്ലല്ലോ! പെട്ടെന്ന് കുളിമുറിയിലേക്ക് ഓടി നനഞ്ഞ മുടിയും ഉടലുമായി കണ്ണാടിക്ക് മുന്നിൽ വീണ്ടും.
പറയാനും കേൾക്കാനും നീയല്ലാതെ വേറെ ആരും ഇല്ല.
കണ്ണാടിക്ക് സങ്കടം വന്നു. മുടിയിൽ നിന്നും വെള്ളമിറ്റി നിലത്തു പടർന്നു.
ചുവപ്പു സാരിയുടുത്ത് വേഗം ഇറങ്ങി.
ഉള്ളിലെ നിറങ്ങൾ മങ്ങുമ്പോൾ കടും നിറങ്ങൾ ധരിക്കുക ശീലമാണ്. കരഞ്ഞ് തളരുമ്പോഴും പുറമേ ചിരിക്കും. ചിരിയാണ് എളുപ്പം എടുത്തണിയാവുന്ന മുഖംമൂടി .
വണ്ടി പതിവ് വഴികളിലൂടെ സാവകാശം സഞ്ചരിച്ചു. ജംഗ്ഷനിൽ അത് സ്വയം ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് തിരിഞ്ഞു.
അപ്പൊ ഓഫീസിലേക്കല്ലേ !ഇഷ ഉറക്കെ ചോദിച്ചു.
അതൊരു മുരൾച്ചയോടെ മുന്നോട്ടു നീങ്ങി. ഇഷയ്ക്ക് ചിരി വന്നു. തന്നെ ഏറ്റവും നന്നായി അറിയാവുന്നത് വണ്ടിക്കാണ്. പതിനാല് വർഷമായി കൂടെയുണ്ട്. തൻ്റെ സ്വകാര്യങ്ങൾ, സങ്കടങ്ങൾ ,സന്തോഷങ്ങൾ, ഇഷ്ടങ്ങൾ എല്ലാം അറിയാം മനസ്സിൻറെ മറ്റൊരു അറ പോലെയാണത്. ഇവൻ ഒരിക്കലും എന്നെ കരയിച്ചിട്ടില്ല. വഴിയിൽ അനാഥമാക്കിയിട്ടില്ല. അസ്വസ്ഥമാകുമ്പോൾ തന്നെയും കൊണ്ട് പറക്കുന്ന പുഷ്പകാവിമാനമാണ്. സ്റ്റിയറിങ്ങിൽ തലോടിയപ്പോൾ അവൻ നീട്ടി ഹോണടിച്ചു.
നീണ്ട വഴികളിലൂടെ ഞങ്ങളുടെ ഹൃദയം ഒരേ താളത്തിൽ മിടിച്ചു പാഞ്ഞു.
വഴിമാറി പോകുന്നതിന്റെ സ്വസ്ഥതയിൽ ഞാൻ ഉറങ്ങിയോ !
മണിക്കൂറുകൾ കഴിഞ്ഞിട്ടുണ്ട് ഞങ്ങൾക്ക് ദാഹിച്ചു. എവിടെയാണ് !
മുന്നിൽ കരിത്തണ്ടൻ്റെ
ചങ്ങലമരം. ഉള്ളു പിടച്ചു. ചതിയുടെ സ്മാരകം. വഴികാട്ടികളെ കുരിശിലേറ്റിയ കഥയാണ് ചരിത്രത്തിലുടനീളം.
തണുപ്പു പൊതിഞ്ഞ കാറ്റ് ചുരം കയറി എന്നെ പിന്തുടർന്നിട്ടുണ്ട്.
എനിക്ക് വയ്യ ! എന്നെ തൊടാതെ പോ!
ചില സമയത്ത് എല്ലാം വേദനിപ്പിക്കും. ഈ കാറ്റ്, വെറുമൊരു മൂളൽ,
പ്രിയപ്പെട്ട ആളുടെ ചലനങ്ങൾ, സ്വാഭാവികമായ മൗനങ്ങൾ, കാത്തിരിപ്പുകൾ എല്ലാം. ഓരോ വാക്കിലും മുള്ളു തറയ്ക്കും. ഓരോ നോക്കിലും സ്നേഹരാഹിത്യം വായിക്കും.
ചുറ്റുമുള്ളതൊന്നും ശരിയല്ലെന്ന് തോന്നും. കാഴ്ചകൾ വിരസമാകും , സ്നേഹിക്കുന്ന മനുഷ്യരെ സംശയിക്കും, അവരെ പ്രതിചേർത്ത് കുറ്റപത്രങ്ങൾ തയ്യാറാക്കും. ആനന്ദത്തിന്റെ അവസാനതുള്ളിയും വറ്റിയ മരുഭൂമിയാകും മനസ്സ്. സങ്കടങ്ങളുടെ ഉറവ തേടി പരക്കം പായും.
നീറി നീറി ഒരു നാൾ നിങ്ങൾ അറിയും, ഉള്ളിൽ ഏറ്റവും ഉള്ളിൽ, പൊറ്റയടർന്ന്
ദീനമായി ചോര ഇറ്റുന്ന
പുരാതനമായ
മുറിവുണ്ടെന്ന്. ആനന്ദത്തിന്റെസകല ഹോർമോണുകളും ഇറങ്ങിപ്പോയ തലച്ചോറിൽ നല്ല ഓർമ്മകൾ, ചിരി, ചിന്ത, ഒന്നുമുണ്ടാവില്ല.
എന്താണ് ചെയ്യുക മനസ്സിനാണ് മുറിവ്. ശരീരത്തേ പോലെ അതിനും ചികിത്സ വേണം, സ്വാസ്ഥ്യം വേണം.
ഡോക്ടറുണ്ട്, മരുന്നുണ്ട് ലോകം മുഴുവൻ ശരിയാവാൻ കാത്തുനിൽക്കാതെ സ്വയം ശരിയാവുക. മിന്നൽ പോലാണ്
തിരിച്ചറിവുണ്ടാവുക. യുക്തിയുടെ വെളിച്ചം.
ദീർഘമായി ശ്വസിച്ച് ഇഷ ഫോണെടുത്തു.
രണ്ടു തവണ വിളിച്ചപ്പോഴേക്കും അപ്പുറത്ത് സൗമ്യമായി ശബ്ദം.
എന്തു പറ്റി?
വയ്യ ഡോക്ടർ എനിക്കിത്
സഹിക്കാൻ പറ്റുന്നില്ല.
എവിടെയാണിപ്പോൾ ?എനിക്കറിയില്ല, ഇവൻ എങ്ങോട്ടോ കൊണ്ടുപോവുകയാണ്. കാട്ടുപാതയിലൂടെ വണ്ടിയോടിക്കൊണ്ടിരിക്കുകയാണ്.
ഒറ്റയ്ക്കാണോ?
തിരിച്ചുപോരൂ…
ഒറ്റയ്ക്കാണ്. സദാ ആൾക്കൂട്ടത്തിന് നടുക്ക് നിൽക്കുന്ന മനുഷ്യർ വീണുപോവുമ്പോൾ തനിച്ചാവും.
ചുറ്റുമുള്ളവരുടെ ഉള്ളിൽ പഴയ നിങ്ങൾ മരിച്ചു പോയിട്ടുണ്ടാവും. നല്ലതെല്ലാം ചിതയിൽ എളുപ്പം എരിയും. ചീത്ത ഓർമ്മകൾ മാത്രം കനച്ച് കിടക്കും.
ആരും കൂടെയില്ല ഡോക്ടർ, ആർക്കും കൂടെയുണ്ടാവാൻ കഴിയില്ല, ആരും കൂടെയുണ്ടായിട്ട് കാര്യവുമില്ല. തനിച്ചു ചെയ്യേണ്ട യുദ്ധങ്ങൾ ഉണ്ട്. തനിച്ചു മാത്രം നടത്തേണ്ട പലായനങ്ങളുണ്ട്.
തൽക്കാലം മരുന്ന് വാട്സാപ്പിൽ അയച്ചുതരാം. തിരിച്ചുവന്നാലുടൻ നേരിൽ കാണണം. എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ.
മനുഷ്യൻ തന്റെ വിഷാദങ്ങളെ കാല്പനികവൽക്കരിക്കും, സ്വയം സഹതപിക്കും. വീണുപോയ ഗർത്തത്തിൽ നിന്നും കരകയറാനുള്ള വഴി നോക്കാതെ വീണ്ടും വീണ്ടുമതിലേക്ക് ഊർന്നു പോയിക്കൊണ്ടിരിക്കും..
അപൂർവ്വമായി മാത്രം യുക്തിയുണരും.
രണ്ടുദിവസമായി ഭക്ഷണം കഴിച്ചിട്ട് ‘ വിശപ്പില്ല. കാപ്പിയും മരുന്നും കഴിച്ചു. വണ്ടിക്ക് നിൽക്കാൻ തോന്നുന്നില്ല. രാവിലെ ഓടിത്തുടങ്ങിയതാണ്. അഞ്ച് മണിയായി. വളഞ്ഞുപുളഞ്ഞുള്ള വീതി കുറഞ്ഞ റോഡിലൂടെ പതുക്കെ കുന്നുകയുകയാണ്. അമ്പലത്തിലേക്കുള്ള വഴി എന്ന് മനസ്സിലായി.
തിരക്കില്ല. പ്രവർത്തി ദിവസം ആയതുകൊണ്ടാവും.
വണ്ടിയെ തനിച്ചുവിട്ട് മുന്നോട്ട് നടന്നു. മരിച്ചു പോയവരെ തിരിച്ചുവിളിച്ച് ശ്രാദ്ധ മുട്ടുന്ന അമ്പലമാണ്. കല്ലുകൾ അശ്രദ്ധമായി ചേർത്തുവച്ച പുരാതനം ക്ഷേത്രം. പുതുക്കിപ്പണി നടക്കുന്നുണ്ട്. പടികയറി മുകളിലേക്ക് ചെല്ലുമ്പോൾ പിറ്റേന്ന് പുലർച്ചെ ബലിയിടാനുള്ള ആളുകളുടെ ചെറു സംഘങ്ങൾ. ചുറ്റി നടന്നു. പരിചിതഭാവത്തിൽ എല്ലാവരോടും ചിരിച്ചു.
വിളക്കുകൾ തെളിഞ്ഞു. പാപനാശിനിയിലേക്കുള്ള പടിയിറങ്ങി. കാലുകളിലൂടെ അരിച്ച്
തണുപ്പ് ശിരസ്സിലെത്തി
ശാന്തമായ കാറ്റ്, തിമിലയുടെ ശബ്ദം
കാട് കുഞ്ഞിനെപ്പോലെ തന്നെ പുണരുന്നതായി ഇഷയ്ക്ക് തോന്നി.
“ഭയക്കരുത്, ഏത് കാട്ടുതീയിനു ശേഷവും പുതിയ നാമ്പുകൾ ഉണ്ടാവും.
പൂക്കൾ വിടരും .
പോയ കിളികളെല്ലാം
തിരിച്ചുവരും. എന്നേക്കുമായൊരു തോൽവിയില്ല”.
പാപനാശിനി മുഖത്തേക്ക് വെള്ളം തെറിപ്പിച്ചു കൊണ്ട് പറഞ്ഞു.
നാം ചിരിക്കുമ്പോൾ മാത്രം ചിരിക്കുന്ന കണ്ണാടിയാണ് ജീവിതം.
“തിരിച്ചു പോകുന്നില്ലേ? പുഴ ചോദിച്ചു”.
ഇല്ല, മരിച്ചിട്ടും എന്നെ വിട്ടു പോകാത്ത ഒരാത്മാവ് ഉള്ളിലുണ്ട്. അതിന് ശ്രാദ്ധമൂട്ടണം. ആശ്വസിപ്പിച്ച് യാത്രയാക്കണം.
ഇഷയെ മുഴുവൻ നനച്ചുകൊണ്ട് പുഴ ചിരിച്ചു.
