യുദ്ധം ഒരു കവിതയിൽ വരുമോ ?
ഒരു കാവ്യമായാലോ ?
വേണ്ട, കഥയോ നോവലോ ആവട്ടെ !
മഹാഭാരതം പോലെ..
യുദ്ധവും സമാധാനവും (War & Peace) പോലെ..
The Things They Carried..
അങ്ങനെ അങ്ങനെ ..
ഇല്ല,മഷി പുരണ്ട കടലാസുകളിൽ
ചോര മണക്കുന്ന യുദ്ധം
എൻ്റെ തൂലികയിൽ വരില്ല!
ദ്രൗപദിയുടെ, ഗാന്ധാരിയുടെ
കർണ്ണൻ്റെ, അഭിമന്യുവിൻ്റെ
രക്തത്തിൽ എനിക്ക് എഴുതണ്ട!
പിയേറെ ബിസ്‌ക്കവ്വിൻ്റെയോ
ടിം ഓ ബ്രയൻ്റെയോ ഭയാനതകളും
വേദനകളും എനിക്ക് വഴങ്ങില്ല !
മനുഷ്യൻ്റെ യുക്തിചിന്തകളും
മീമാസകളും തിരശ്ശീലയുടെ
പുറകിലേക്ക് മാറി
രാക്ഷസോന്മുഖതയിൽ
താണ്ഡവമാടുന്ന വിരൂപികൾ
എൻ്റെ വരകളിൽ ഒതുങ്ങില്ല !
അതിരുകളില്ലാത്ത
അധികാര മേഖലകളും
സായുധ സേനയുടെ
അധിനിവേശ വേട്ടയും
രാജാവില്ലെങ്കിലും
ഭരിക്കുന്നവർക്ക്
ലഭിക്കുന്ന രാജകീയമായ
പരമോന്നതാധികാരവും
വിറളി പിടിപ്പിക്കുമ്പോൾ
രക്തചൊരിച്ചലുകളും
യുദ്ധവുമുണ്ടാകും,
അഥവാ അത് ഉണ്ടാക്കപ്പെടും.
സമാധാനത്തിന് വേണ്ടിയെന്ന്
ഉൽഘോഷിക്കും.
കൊല്ലപ്പെട്ടവരുടെ എണ്ണം പറഞ്ഞു
വീമ്പിളക്കും !
ജപ്പാനിൽ അണുബോംബിട്ടത് പോലെ
വിയറ്റ്‌നാമിൽ രാസായുധങ്ങളും
ഇറാഖിൽ ബോംബ് മഴകളും
വർഷിച്ചത് പോലെ..
ഹിറ്റ്ലറിൻ്റെ ഹോളോകാസ്റ്റും
ഗ്യാസ് ചേമ്പറുകളും പോലെ..
എല്ലാം “സമാധാനത്തിന് വേണ്ടി”
ആയിരുന്നുവല്ലോ !
യുദ്ധം ആരാണ് ശരി എന്ന് നിശ്ചയിക്കുന്നില്ല.
ആരാണ് അവശേഷിക്കുന്നത് എന്ന് മാത്രമാണ്
യുദ്ധത്തിൻ്റെ ബാക്കിപത്രമാകുന്നതെന്ന്
ബർട്രണ്ട് റസ്സൽ പറഞ്ഞതിൻ്റെ പൊരുൾ
യുദ്ധത്തിൽ സർവ്വ നാശമല്ലാതെ
യാതൊന്നിനും പരിഹാരമാവുന്നില്ലെന്നതാണ് !
മനുഷ്യ ചരിത്രമെടുത്ത് പരിശോധിച്ചാൽ
ഈ വാക്കുകളുടെ അർത്ഥവും വ്യാപ്തിയും
മനസ്സിലാക്കുവാൻ പ്രയാസപ്പെടേണ്ടി വരില്ല.
നാശം വിതക്കുന്ന കരുത്താണ്
മിക്കവാറും ഭരണാധികാരികളെ
യുദ്ധത്തിനായി പ്രേരിപ്പിക്കുന്നത്.
രാജ്യരക്ഷയുടെ പേരിലെന്ന്
മഹത്വവൽക്കരിക്കുമ്പോഴും
അനർത്ഥവും മാരകവുമായ
പ്രത്യാഘാതങ്ങളായിരിക്കാം
പലപ്പോഴും പരിണതഫലമായിത്തീരുന്നത്
ദേശീയവാദത്തേക്കാൾ
തീവ്രദേശീയതാ വാദങ്ങളും
വംശീയവെറികളും
അവസരം പാർത്തിരിക്കുന്ന
കാലഘട്ടത്തിലൂടെ ജീവിക്കുന്ന നമുക്ക്
യുദ്ധ വായനകളും ചരിത്രവും
യഥാവിധി ബോധവൽക്കരിക്കാൻ
അവസരമൊരുക്കേണ്ടതുണ്ട്.
മനുഷ്യ മനസ്സുകളെ
മലീമസമാക്കിക്കൊണ്ടിരിക്കുന്ന
തീവ്ര വലതുപക്ഷ ചിന്താധാരകളെയും
അവയ്ക്ക് വേണ്ടി നിലകൊള്ളുന്ന
ആളുകളെയും പ്രസ്ഥാനങ്ങളെയും
ലോകമെമ്പാടും പ്രതിരോധിക്കേണ്ടത്
സമൂഹത്തിൻ്റെയും ലോകത്തിൻ്റെയും
അതിജീവനത്തിന് അനിവാര്യമായിരിക്കുന്നു
എന്നതിൽ യാതൊരു സംശയവുമില്ല.
ബോംബുകളും മിസൈലുകളും
വർഷിച്ചു കൊള്ളട്ടെ,അപ്പോഴും
കർമ്മനിരതരായ നല്ല മനുഷ്യരുടെ
ശാന്തിഗീതങ്ങൾ വിമോചനത്തിൻ്റെ
നിലക്കാത്ത കാഹളങ്ങളായി
നമ്മുടെയിടയിൽ ഉയർന്നു വരേണ്ടതുണ്ട് !
നമുക്ക് വേണ്ടിയല്ലെങ്കിൽ
വരാനിരിക്കുന്ന തലമുറകൾക്ക്
വേണ്ടിയെങ്കിലും നമുക്ക്
ശബ്‌ദിച്ചു കൊണ്ടേയിരിക്കാം!
അപ്പോൾ ഞാൻ തുടങ്ങിയിടത്ത്
തന്നെ തിരിച്ചു വരാം.
ഞാൻ അശക്തനാണ് എന്നതല്ല
ഇന്നിൻ്റെ മുദ്രാവാക്യമാകേണ്ടത് !
ഒരു ജീവനുള്ള പുൽക്കൊടിക്ക്
തണലാവാനെങ്കിലും എനിക്ക്
സാധിക്കുമെങ്കിൽ അതാണെൻ്റെ
മുഖമുദ്രയെന്ന് തീരുമാനിക്കലാവണം
അതിന് വേണ്ടി
നില കൊള്ളലാവണം !
കവിതയോ കാവ്യങ്ങളോ
കലാരൂപങ്ങളോ മാത്രമായി
പരിമിതപ്പെടുത്തേണ്ടതല്ല
മനുഷ്യകുലത്തെ മുഴുവനും
സംരക്ഷിക്കാനുള്ള ഈ വിപ്ലവ
ആഹ്വാനങ്ങൾ എന്നറിഞ്ഞിരിക്കുക !
ശ്രീ ബുദ്ധൻ്റെ വാക്കുകൾ ഓർക്കുന്നില്ലേ ?
“നിങ്ങളുടെ ചിന്തകളാണ്
ഈ ലോകത്തെ സൃഷ്ടിക്കുന്നത്.”
അതെ,ആ ചിന്തകളെ സംശുദ്ധമാക്കാൻ
നാമോരോരുത്തരും കടപ്പെട്ടവരാണ് !
അപ്രകാരം സംസ്ക്കരിക്കപ്പെട്ട
പുതിയ തലമുറകളിലേക്ക്
ചവിട്ടു പടികളാകാനും !!

വി.സി.അഷ്‌റഫ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *