രചന : അൻവർഷാ ഉമയനല്ലൂർ✍️
ഇരുളിലായ് വെന്തുരുകുന്നതാം കരളുകൾ
ജീവന്റെയവസാന സ്പന്ദനമലരുകൾ;
സന്തതമാർദ്ര ഹൃദയങ്ങൾപ്പിളർക്കുവോർ
നൊന്തുനീറ്റുന്നെത്ര
ജീവിത പുലരികൾ?
കഠിനഹൃദയങ്ങളുയരുന്ന ധരണിയിൽ
കാരുണ്യമറ്റുപോകുന്നതാംകാലമേ,
പ്രാണന്റെയവസാന രംഗമൊരുക്കുന്നു;
അരുമകൾത,ന്നാർദ്ര ഹൃദയം തകർക്കുന്നു.
വിറങ്ങലിക്കുന്നതാം ദയനീയ കാഴ്ചകൾ
നിറംമങ്ങി നിൽക്കുന്ന സഹനാർദ്ര നന്മകൾ
കീറിമുറിച്ചണയുന്നതാമഗ്‌നിയാൽ
ഭഗ്നമാക്കുന്നെത്രയാരമ്യ ചിന്തകൾ ?
ബന്ധുരമെന്നു നിനയ്ക്കുന്ന മനസ്സുകൾ
ആയുധപ്പുരകളായ് നിറയുന്ന സ്മരണകൾ
കരളുകൾക്കുള്ളിലൊളിപ്പിച്ചയിരുളിനാൽ
തമ്മിൽത്തകർക്കുന്നതാം വിഷ ബോംബുകൾ.
വറുതിയാൽ വലയുന്നയെത്രയോ രാജ്യങ്ങൾ
ചിറകറ്റ പക്ഷിയായ് മാറുന്ന ധരണിയിൽ;
കറയാർന്ന ചിന്തകൾക്കുള്ളിൽ വസിക്കുവോർ
മറയുന്ന കാലം വിദൂരമല്ലോർക്കണം.
പ്രാണന്റെയാ, രോദനങ്ങൾ മുഴങ്ങുന്നു;
നിണമണിഞ്ഞാർദ്രമാം മിഴികൾ നിറയുന്നു
പ്രാപ്തിയില്ലാത്തപോൽ മിണ്ടാതെ നിൽക്കുന്ന-
തെന്തേ, സഭാതലം; ഏകോപനഗൃഹം?
ആഗ്രഹിക്കുന്നൂ സമാധാന പുലരികൾ
നിഗ്രഹിക്കാതിരിക്കട്ടെയാ, നന്മകൾ
വിഗ്രഹങ്ങൾപോലെയുള്ളിൽ സൂക്ഷിച്ചവർ
തച്ചുതകർക്കുന്നയുഗ്ര പ്രതീകങ്ങൾ.
യുദ്ധക്കളമാക്കി മാറ്റുവോരിരു ബദ്ധ-
വൈരികളതിബുദ്ധിശാലികൾ വിജ്ഞരും
അരുതെന്നുണർത്തുക ലോകമേ,യിരുളുമായ്
തുടരാതുഷസ്സായുണർത്തുക; നന്മകൾ.
💖🕊️💖🕊️💖🕊️💖

