രചന : ശ്രീജിത്ത് ഇരവിൽ ✍️
പഠിക്കാനാണെന്നും പറഞ്ഞ് മകൻ രാജ്യം വിട്ട് പോയ നാളിൽ തന്നെ താമസം മാറി. ഭർത്താവ് തനിച്ചാണെന്നൊന്നും ചിന്തിച്ചില്ല. തലയിൽ മുഴുവൻ അയാൾ എന്നോട് പറഞ്ഞ ആ വാചകമായിരുന്നു.
‘ഇത്തിരി സമാധാനം തരുമോയെനിക്ക്….?’
ആ ശബ്ദവും പേറിക്കൊണ്ടാണ് കഴിഞ്ഞ രണ്ടര വർഷങ്ങളായി മൗനമായി ജീവിച്ചത്. എന്റെ ഇല്ലായ്മയിൽ അയാൾ സമാധാനമായി ജീവിക്കട്ടെ.
പരസ്പരം പങ്കുവെച്ച പതിനെട്ട് വർഷങ്ങളുടെ തഴമ്പുണ്ട് തലയിൽ. എത്ര സ്നേഹിച്ചിട്ടും അയാൾക്ക് എന്നെ മനസ്സിലാകുന്നില്ലല്ലോയെന്ന് ഓർത്ത് ഞാൻ ഇടയ്ക്ക് ദുഃഖിക്കും. മൂക്കൊലിക്കുന്നത് വരെയുള്ള ദുഃഖമായത് കൊണ്ട് എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ടായെന്ന് ഒടുവിൽ ഉറപ്പിക്കും. ഒരു ബലവും ഇല്ലാത്ത ഉറപ്പ്…!
ഞങ്ങളുടെ ഇടയിൽ എന്താണ് ഉണ്ടായതെന്ന് പറയാം. ഒരിക്കൽ പോലും ആ മനുഷ്യൻ എന്നെ നേരിട്ട് വേദനിപ്പിച്ചിട്ടില്ല. എന്നിട്ടും, എന്തോയൊരു കുറവ് എനിക്ക് അനുഭവപ്പെട്ടു. എന്തായിരിക്കും അതെന്ന് രണ്ട് വർഷത്തോളം ചിന്തിച്ചിരുന്നു. കണ്ടുപിടിക്കാൻ പാകം തല എവിടേയും എത്തിയില്ല.
പ്രഥമ ദൃഷ്ട്ടിയിൽ ഏതൊരു ഭാര്യയും ആഗ്രഹിക്കുന്ന ഭർത്താവ് തന്നെയാണ് അയാൾ. എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി എത്രയോ സമ്മാനങ്ങൾ ആ മനുഷ്യൻ എന്നിലേക്ക് എത്തിച്ചിട്ടുണ്ട്.
മനസ്സ് മതിയെന്ന് പറയുന്നത് വരെ അയാളുടെ രതി എന്നെ സുഖപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും എന്തോയൊരു കുറവ്..!
തമ്മിൽ സംസാരിക്കാനും ഇടപെടാനും നേരം തടസ്സമാകാറില്ല. ജോലിയിൽ ആയിരുന്നാലും എന്റെ വിളിപ്പുറത്ത് അയാൾ എന്നുമുണ്ട്. മോനുമായി പുറത്ത് പോകണമെന്ന് പറഞ്ഞാൽ മറ്റൊന്നും ചിന്തിക്കാതെ ഇറങ്ങി പുറപ്പെടുന്ന മനുഷ്യനാണ്. പക്ഷെ, എനിക്ക് വേണ്ടി ഇനിയും അയാൾ എന്തൊക്കെയോ ചെയ്യാനുണ്ടെന്ന തോന്നൽ ജീവനിൽ പൊതിയുകയാണ്. വെറുതേ വിഷാദഗീതവും മൂളി അലയാൻ തോന്നുന്നു…
എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെയെന്ന് ആലോചിച്ചപ്പോൾ ആ മനുഷ്യനെ ഞാൻ അത്രയ്ക്കും സ്നേഹിക്കുന്നുണ്ടെന്നേ മനസിലായുള്ളൂ. അതുകൊണ്ട് തന്നെ ഇനിയും ഞാൻ ഏറെ സ്നേഹിക്കപ്പെടേണ്ടതുണ്ട്.
‘നിങ്ങളുടെ ജീവിതത്തിൽ എനിക്കൊരു സ്ഥാനവുമില്ല. ഉണ്ടായിരുന്നുവെങ്കിൽ നിങ്ങളെന്നോട് ഇങ്ങനെ കാട്ടില്ലായിരുന്നു…’
കുറച്ച് ദിവസങ്ങളിലേക്ക് മാത്രമായി അമ്മയുടെ കൂടെ താമസിക്കാൻ പോയ ഞാൻ, തിരിച്ചെത്തിയതിന് ശേഷം പറഞ്ഞതാണ്. എന്ത് കാട്ടിയെന്നാണ് നീ പറയുന്നതെന്ന് അയാൾ ചോദിച്ചപ്പോൾ എനിക്ക് കരച്ചിൽ വന്നു.
‘ഒരാഴ്ച്ചയായില്ലേ ഞാൻ പോയിട്ട്.. അത്രയ്ക്കും സ്നേഹമുണ്ടായിരുന്നെങ്കിൽ കൂട്ടാൻ വരുമായിരുന്നില്ലേ..!’
കലങ്ങിയ ശബ്ദത്തോടെയാണ് പറഞ്ഞത്. എന്നെ സമാധാനിപ്പിക്കാൻ അയാൾ ശ്രമിച്ചിരുന്നു. ഞാൻ വഴങ്ങിയില്ല. തുടർന്നുണ്ടായ വഴക്കും മൗനവും താണ്ടിയപ്പോൾ സ്നേഹരാഹിത്യം തന്നെയാണ് പ്രശ്നമെന്ന് ഞാൻ മനസിലാക്കി.
നിങ്ങൾക്ക് എന്നോട് സ്നേഹമേ ഇല്ലായെന്ന് അതിനുശേഷം എത്രയോ വട്ടം ഭർത്താവിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഒടുവിൽ പറഞ്ഞപ്പോഴാണ് ഇത്തിരി സമാധാനം തരുമോ തനിക്കെന്ന് അയാൾ ചോദിച്ചത്.
വിട്ട് വന്നതിന് ശേഷമാണ് തനിയേയുള്ള ജീവിതം എത്രത്തോളം വിഷമകരമാണെന്ന് ബോധ്യമായത്. അതുകൊണ്ട് മാത്രം ഒരുനാൾ ഞാൻ അയാളെ ഫോണിൽ വിളിച്ചു.
‘പറയൂ… എന്താണ് കാര്യം..?’
എന്തുകൊണ്ടോ ആ പെരുമാറ്റം എനിക്ക് ഇഷ്ട്ടപ്പെട്ടില്ല. യാതൊന്നും പറയാതെ ഫോൺ വെക്കുകയായിരുന്നു.
പിന്നീട് എന്നെ നയിച്ചത് വാശിയാണെന്ന് പറഞ്ഞാലും തെറ്റില്ല. എന്നെ വേണ്ടാത്ത ആളെ എനിക്കും വേണ്ടെന്ന് വീണ്ടും വീണ്ടും ഞാൻ ഉറപ്പിച്ചു. അപ്പോഴും എന്തുകൊണ്ടാണ് എന്നെ അയാൾക്ക് വേണ്ടാതായതെന്ന് ചിന്തിച്ചിരുന്നില്ല. അത് തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ മൂന്നെണ്ണം തനിയേ ജീവിച്ച് തീർന്നിരുന്നു.
തെറ്റ് മുഴുവൻ എന്റേതാണെന്ന് തോന്നിയപ്പോൾ വെറുതേ കണ്ണാടിയിൽ നോക്കി കരയാൻ മാത്രമേ സാധിച്ചുള്ളൂ. ആരംഭകാലത്ത് എന്തോയൊരു മാനസിക വിഷമം എനിക്കുണ്ടെന്ന് ഞാൻ പറയുമ്പോൾ ഡോക്റ്ററെ കാണിക്കണമോയെന്ന് അയാൾ എന്നോട് ചോദിച്ചിരുന്നു. അപ്പോഴും നിങ്ങൾക്ക് എന്നോട് സ്നേഹം ഇല്ലായെന്നേ ഞാൻ പറഞ്ഞുള്ളൂ.
ശരിയാണ്. എല്ലാ സൗഭാഗ്യങ്ങളോട് കൂടിയുള്ള ജീവിതം കിട്ടിയപ്പോൾ ഭ്രാന്തായിരുന്നു. ഉള്ളതിനെയൊന്നും ഓർത്തില്ല. എന്നും ഇല്ലാത്തതിനെ ചികഞ്ഞ് നിരാശപ്പെട്ടു. ഇനിയും ഇങ്ങനെ തലപൂഴ്ത്തി ജീവിക്കാൻ വയ്യ. ഒരു സുപ്രഭാതത്തിൽ വന്നത് പോലെ ഞാനെന്റെ ഭർത്താവിന്റെ അടുത്തേക്ക് തന്നെ തിരിച്ചുപോയി. ക്ഷമ പറഞ്ഞ് വീണ്ടും അയാളുമായി ജീവിക്കാൻ ഞാൻ വല്ലാതെ വെമ്പുന്നുണ്ടായിരുന്നു…
അല്ലെങ്കിലും, കുടുംബ ജീവിതങ്ങളിൽ എപ്പോഴും നിർത്താതെ സ്നേഹിക്കുന്ന ഒരാൾ ഉണ്ടാകും. ആ നിർവൃതിയിൽ അവരെ തിരിച്ച് സ്നേഹിക്കുന്നതിനെ കുറിച്ചൊന്നും ആരും ഓർക്കാറില്ല. എല്ലാത്തിനോടുമെന്ന പോലെ മനുഷ്യർക്ക് സ്നേഹിക്കപ്പെടാനും ആർത്തിയാണ്. ഒരു തരി കുറഞ്ഞുവെന്ന് തോന്നിയാൽ പോലും മാറ് ഉടഞ്ഞ് വീണ് പോകും.
ഓർക്കുകയായിരുന്നു. എന്റെ ഭർത്താവിന്റെ മുഴുവൻ സ്നേഹവും ഊറ്റിയെടുക്കുമ്പോൾ, തിരിച്ച് അനുഭവിപ്പിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിരുന്നില്ല. ശ്രമിച്ചതെല്ലാം കൂടുതലായി വന്നുചേർന്ന സന്തോഷങ്ങളെയെല്ലാം മറന്ന് കുറവുകളെ തേടി പോകാനാണ്.
എന്റെ സ്വാർത്ഥമായ തലയിൽ മനസ്സുകൊണ്ട് ഞാനൊന്ന് കൊട്ടി. വേദനിച്ചു. കാഴ്ച്ചകളിലേക്ക് കണ്ണുകൾ നിർത്താതെ ഒഴുകുകയാണ്.
‘അറിയില്ല മോളെ….’
വീട് പൂട്ടിയിരിക്കുന്നത് കണ്ടപ്പോൾ അയൽക്കാരിയായ ചേച്ചിയോട് ചോദിച്ചതായിരുന്നു. അറിയില്ലെന്ന ആ മറുപടിയും കൊണ്ട് അയാളുടെ ഫോണിലേക്ക് ഞാൻ വിളിച്ചു. അങ്ങനെയൊരു നമ്പർ നിലവിലില്ല പോലും! അച്ഛന്റെ പുതിയ നമ്പർ തരുമോയെന്ന് മകനോട് ചോദിക്കാൻ എന്തുകൊണ്ടോ കഴിഞ്ഞില്ല.
ഒടുവിൽ ഭർത്താവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ അന്വേഷിച്ചപ്പോൾ വ്യക്തമായ മറുപടി കിട്ടി. ചോദിച്ച് വാങ്ങിയ ട്രാൻസ്ഫറുമായി അയാൾ രാജ്യം തന്നെ വിട്ട് പോയിരിക്കുന്നു. എത്രത്തോളം ആ മനുഷ്യൻ തകർന്ന് പോയെന്ന് വെറുതേ ഞാൻ ഓർത്തുപോയി.
കൂടുതൽ വിവരങ്ങൾ അറിയുന്ന അയാളുടെ ഒരു സുഹൃത്ത് മറ്റൊരു കാര്യം കൂടി എന്നോട് പറഞ്ഞിരുന്നു. കഴിഞ്ഞ ആറ് മാസമായി ജീവിതം പങ്കിടാൻ അയാളുടെ കൂടെയൊരു സ്ത്രീയുമുണ്ട് പോലും. ലോകം തന്നെ മടുത്ത് പോയ ആ മനുഷ്യനെ ജീവിപ്പിച്ചതും അവൾ ആയിരുന്നുവെന്നും ഭർത്താവിന്റെ സുഹൃത്ത് എന്നോട് പറഞ്ഞു. ഇനിയും അയാളെ ബുദ്ധിമുട്ടിക്കരുതെന്ന് ആ സുഹൃത്ത് പറയാതെ പറയുകയായിരുന്നു.
ഇന്ന്, അതൊക്കെ ഓർക്കുമ്പോൾ നെഞ്ച് കലങ്ങുന്നുണ്ട്. എന്നാലും ഓർത്തല്ലേ പറ്റൂ… ഓമനിക്കാൻ അത്രയേറെ മുഹൂർത്തങ്ങൾ സമ്മാനിച്ച മനുഷ്യനല്ലേ…! മുറുക്കെ പിടിച്ചപ്പോൾ വഴുതിപ്പോയ എന്റെ പുരുഷൻ ആയിരുന്നില്ലേ…!
വിദേശിയായ മരുമകളുടെ കൂടെ മകൻ ഇടയ്ക്കൊക്കെ കാണാൻ വരാറുണ്ട്. കഥകളൊക്കെ അറിയാവുന്നത് കൊണ്ട് അച്ഛനെ കുറിച്ച് എന്നോട് സംസാരിക്കാറേയില്ല. അയാളുടെ അടുത്ത് ഉണ്ടാകുമ്പോൾ എന്നെ കുറിച്ചും മിണ്ടാറുണ്ടാകില്ല. വിട്ട് കളയുന്ന വേഗതയിൽ ബന്ധങ്ങളെ തിരിച്ച് കിട്ടില്ലായെന്ന് ജീവിതം എത്ര മനോഹരമായിട്ടാണ് പറഞ്ഞ് തന്നത്. ആ പാഠം ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോഴെല്ലാം ആയുസ്സിന്റെ നഷ്ടമുഖത്ത് ഒരു നനഞ്ഞ പുഞ്ചിരി വിടരുകയാണ്….!!!

