ഇന്നൊരു കഥ ഞാനുരചെയ്തീടാം
അതുകേട്ടരിശം കൊള്ളുകയരുതേ
കണ്ടത്,കേട്ടത്,നാട്ടിൽനടപ്പതു
അങ്ങിനെപലതുണ്ടെന്നുടെ കഥയിൽ .

നരിയും പുലിയും പഴുതാരകളും
പുഴുവും പലപല നീര്‍ക്കോലികളും,
ഖദറില്‍ തുന്നിയ കുപ്പായങ്ങൾ ‍
വടിപോല്‍ തേച്ചുമിനുക്കി ധരിക്കും
,
എല്ലില്ലാത്തൊരു നാവു വളച്ചവർ
ചൊല്ലും പൊളികളൊരായിരമെണ്ണം.
കണ്ടാലയ്യോ എന്തൊരു പാവം
കൈയ്യിലിരിപ്പോ അമ്പേ കഷ്ടം !

നട്ടെല്ലങ്ങനെ .വളയും വില്ലായ്
ചൊല്ലും കുശലം വിനയത്തോടെ.
ഗാന്ധിത്തലകള്‍ ഉള്ളൊരു നോട്ടുകള്‍
കുപ്പായത്തിലിരുന്നു ചിരിക്കും.

നേതാവാകാൻ പതിനെട്ടടവുകൾ
നേതാവായാൽ പൂഴിക്കടകൻ
മുന്നണി പലതും മാറും കക്ഷികള്‍,
കാലുകള്‍ വാരും കൊടിയും മാറും.

വളരാത്തവരും പിളരും പിന്നെ,
തമ്മില്‍ത്തല്ലും, ഉടുമുണ്ടൂരും.
പിന്നവരൊന്നാണെന്നുരചെയ്യും
സ്തുതിപാഠകരായ് ചാനലുമെത്തും.

മിണ്ടാപ്പാവം ദൈവങ്ങളെയും
കച്ചവടത്തിനിരുത്തും തെരുവിൽ
മതമാണുലകിൽ വലുതെന്നരുളി
മതികെട്ടങ്ങനെയലയും പലരും

വെട്ടിമരിക്കും തെരുവില്‍ നിത്യം
വെട്ടിന്റെണ്ണം വോട്ടായ് മാറ്റും !
വൈരം വിതറിയ നേതാക്കന്മാര്‍
കൂട്ടം ചേര്‍ന്നവര്‍ ആര്‍ത്തു ചിരിക്കും.

ഉയരും പ്രതിമകൾ തെരുവുകൾ തോറും
അനുശോചനമൊരു നാടകമാകും.
ഹര്‍ത്താലൊരുപിടി പിന്നെ നടക്കും.
നാട്ടാരോ ബഹുസന്തോഷത്തിൽ .

വോട്ടുകള്‍ നല്കിയ ജനതയെ നോക്കി
കഴുതകളെന്നു വിളിച്ചു രസിക്കും.
ഇടവഴി പലതും ചാടിനടന്നവർ
ഇന്നു ചലിപ്പതു എ,സി കാറിൽ !
.
നാരദ ,ശകുനി , ദുശ്ശാസനവര്‍ഗ്ഗം
നാടു ഭരിക്കും, നമ്മള്‍ സഹിക്കും.
ഇന്നലെമുണ്ട് മുറുക്കിനടന്നൊരു
നേതാക്കൾ ശതകോടീശ്വരരായ് !!

നട്ടെല്ലെന്നേ പണയം വച്ചൊരു
ജനമോ ഗർവ്വിൽ വാഴുന്നങ്ങനെ
ഇതുകേട്ടരിശം മൂത്തുവരല്ലേ
വന്നാലോടും കട്ടായം ഞാൻ !!!
==================================
ശിവരാജന്‍,കോവിലഴികം

By ivayana