വീതം വെച്ചും, വിറ്റും ,
ജപ്തിചെയ്തും, വലിച്ചെറിഞ്ഞും
ഇല്ലാതായത് ഏക്കറുകളോളം വസ്തുവകകൾ….
തറവാട് പൊളിച്ചുവിൽക്കുകയാണ്
രണ്ടേക്കറോളം ഉണ്ടായിരുന്ന പറമ്പിൽ തറവാടിരിക്കുന്ന ഭാഗം മാത്രം ഇനി ബാക്കി. തറവാടിന്റെ നാലുചുറ്റുമുള്ള നാൽപ്പതു സെന്ററിൽ
കാടുപിടിച്ചു പടർന്നു കിടക്കുന്ന മുൾച്ചെടികളും കമ്മ്യൂണിസ്റ്റ് പച്ചയും
കൂടാതെ അവിടം ആവാസകേന്ദ്രമാക്കിയ കുറെ ഇഴജന്തുക്കളും
നിറയെ വൃക്ഷങ്ങൾ നിറഞ്ഞ പറമ്പിൽ ഇന്ന് ഫലവൃക്ഷങ്ങളോ പച്ചക്കറികൃഷിയോ ഒന്നുമില്ല..
മുറ്റത്തെ പായൽപിടിച്ചു പുല്ലുകൾവളർന്ന തുളസിത്തറ
തെക്കേയറ്റത്തെ വിറകു പുരയും കാടുകേറിയ കാലിത്തൊഴുത്തും വയ്ക്കോൽ പുരയും….
മറ്റൊരു സമ്പന്ന കാലത്തിന്റെ
നനഞ്ഞ ഓർമ്മകളും
അവിടെ തളംകെട്ടിക്കിടക്കുന്ന നൊമ്പരങ്ങളുടെ നിഴലുകളും
മാറി മാറി പ്രതിഫലിക്കുന്നു…!
തറവാടിനുള്ളിലൂടെ
നടന്നു നീങ്ങുമ്പോൾ….
കരച്ചിലിന്റെയും ചിരിയുടെയും കാതടപ്പിക്കുന്ന ഒച്ചകളുടെ പ്രതിധ്വനികൾ കേൾക്കാം…
എവിടെയോ കുറിച്ചിട്ട
വരികളിൽ മഷി പടർന്ന വാക്കുകൾ
നിറഞ്ഞ ഡയറി…
മായ്ക്കാൻ പറ്റാത്ത ഓർമ്മകളുടെ
ഉടഞ്ഞ ചില്ലുകൾ..
കുഞ്ഞുടുപ്പും കൈകാലുകൾ
പൊട്ടിയ പാവകളും
ചരടുപൊട്ടിയ പമ്പരവും
കാറ്റുപോയി ഒട്ടിയ പന്തുകളും
പൊട്ടിയ കുപ്പിവളകളും
ഉണങ്ങിയ കണ്മഷി ടിന്നും തുരുമ്പെടുത്ത മുടിപ്പിന്നുകളും
ഒഴിഞ്ഞ സിന്ദൂരച്ചെപ്പും ഓർത്തെടുക്കാൻ
മടിക്കുന്ന ഇല്ലായ്മയുടെ നൊമ്പരങ്ങളും നിറഞ്ഞ കൗമാരം…
വക്കുകൾ പൊട്ടിയ ചീനച്ചട്ടിയും വറ്റിവരണ്ട ചോറ്റുപാത്രങ്ങളും
കൺപോളകളുടെ കീഴിൽ
കറുത്ത പാടുകൾ പടർന്ന
കണ്ണീർ വറ്റിയ അമ്മയുടെ അടുക്കളപ്പുറത്തെ തേങ്ങലുകൾ..
ഏടുകൾ കീറിയ പുസ്തകങ്ങളായി
സ്കൂൾ കാലങ്ങൾ
ചില്ലുപൊട്ടിയ ഫ്രെയിമുകൾക്കുള്ളിൽ സ്നേഹബന്ധങ്ങളുടെ
ചിതലെടുത്ത ചിത്രങ്ങൾ….
പുറംചട്ട പോയതും താളുകൾ മടങ്ങിയതുമായ വേദപുസ്തകവും
ക്ലാവുപിടിച്ചു മങ്ങിയ നിലവിളക്കും ഉണങ്ങിവറ്റിയ കോളാമ്പിയും…..
കാലിയായ മുറുക്കാൻ ചെല്ലവും വാർദ്ധക്യത്തിന്റെ നിഴലുകൾ വീണ മുത്തശ്ശിയുടെ ഓർമ്മകളും ചിന്നിച്ചിതറിയ
ഉള്ളറകളിൽ നൊമ്പരങ്ങളുടെ തേങ്ങലുകൾ…
വിയർപ്പുവീണു നരച്ച നിശ്വാസങ്ങളേറ്റു തളർന്ന ചാരുകസേരയും
ചില്ലുപൊട്ടിയ കണ്ണടയും വള്ളിപൊട്ടിയ ചെരുപ്പും
അച്ഛന്റെ ഓർമ്മകൾ…
തലമുറകൾ സംഗമിച്ചിരുന്ന
വലിയ നടുമുറ്റം
പിത്തളക്കുമിളകൾ തറച്ചിറങ്ങിയ ഈട്ടിത്തടിയിൽ തീർത്ത വാതായനങ്ങൾ…
കൊത്തുപണിയിൽ തീർത്ത പുറംവാതിലുകൾ…
ഇരുട്ടും നിഗൂഢതകളും
വിതുമ്പലും തേങ്ങലും പൊട്ടിച്ചിരികളും അട്ടഹാസങ്ങളും നിറഞ്ഞ
അകത്തെ മുറികളും
വെളിച്ചം കേറാൻ മടിക്കുന്ന
പേടിക്കുന്ന ഇടനാഴികൾ…..
ഒരിക്കലും നിറയാത്ത
പത്തായവും …ഒരിക്കലും നിറയാത്ത
വിശപ്പ് വറ്റിയ കുറെ വയറുകളുടെ
നിറം മങ്ങിയ ഓർമ്മകൾ…
പ്രാവുകൾ കുറുകുന്ന മച്ചിന്റെ
മേലെതട്ടിൽ പടർന്നു പന്തലിച്ച
മാവിന്റെ ചില്ലകൾ….
കുടുംബപ്രശ്നങ്ങളാൽ ഒറ്റപ്പെട്ടു
കിടക്കുന്ന പഴയ വലിയ
തറവാടുകളും ഇല്ലങ്ങളും
കൊട്ടാരതുല്യമായ വീടുകളുമൊക്കെ
വിലക്ക് വാങ്ങി
സ്വകാര്യമായ സുഖവാസകേന്ദ്രങ്ങളും റിസോർട്ടുകളും ഉണ്ടാക്കുന്ന
ഒരു ഗ്രൂപ്പാണ് വിലപേശി വാങ്ങി പൊളിച്ചുമാറ്റി കൊണ്ടുപോകാൻ വന്നത്.
മേൽക്കൂരകൾ പൊളിക്കാൻ വന്നവരിൽ
കുറച്ചുപേർ ഒരുവശത്തു
നിന്നും പൊളിച്ചു തുടങ്ങി.
കൂട്ടത്തോടെ ചിറകടിച്ചു
പറന്നുയർന്ന പ്രാവുകൾ
ആവാസസ്ഥലത്തെ ആക്രമിക്കുന്ന സംഘത്തോട് പ്രതികരിക്കാനാകാതെ കുറുകിക്കൊണ്ടു അടുത്തുള്ള
മരച്ചില്ലയിൽ പറന്നിരുന്നു.
പൊളിച്ചു മാറ്റുന്ന മേൽക്കൂരയിലെ ദ്രവിക്കാത്ത തടികളും മരങ്ങളും തരംതിരിച്ചെടുക്കുന്ന മറ്റുചിലർ..!
ഓരോ വശങ്ങളും ഇളക്കിമാറ്റുമ്പോൾ
ഇടിച്ചു നിരത്തുമ്പോൾ തകർന്നടിഞ്ഞ
ഒരു വലിയകുടുംബത്തിന്റെ വേരറ്റ ബന്ധങ്ങളുടെ അവസാന തെളിവിന്റെ കാതലായ ആത്മാവിന്റെ അംശങ്ങൾ
അടർന്നു വീഴുന്നു..
ഓരോ ഇടിശബ്ദങ്ങളും ഹൃദയത്തിന്റെ പാളികളിൽ ആഞ്ഞടിക്കുന്നു പോലെ..
ചിതറിയ ആത്മബന്ധങ്ങളുടെ
ഓർമ്മകൾ ഇവിടെ കുഴിച്ചു മൂടിയിരുന്നു !
ആധുനികതയുടെ പിറകെ
പോയി പൈതൃകങ്ങൾ
വിലപേശിവിൽക്കുന്ന കാലം…!സമ്പന്നതയുടെ ഉന്മാദത്തിൽ
പാരമ്പര്യ സ്വത്തുക്കൾ പഴഞ്ചനാകുന്നു !
കുറെ തലമുറകളുടെ
കഷ്ടതകളുടെ കറപുരണ്ട
ജീർണ്ണിച്ച തറവാടിന്റെ
ചിതാഭസ്മവും പേറി യാത്രയായി.
🌷🌷🌷🌷🌷🌷🙏🌷🌷🌷🌷🌷🌷🌷

By ivayana