രചന : റുക്‌സാന ഷമീർ ✍️.
തണലിടമില്ലാത്ത ജീവിത വീഥിയിൽ
കളങ്കമറ്റ ജീവനുകളെ കൊന്നൊടുക്കിക്കൊണ്ട് …..
ശരവേഗത്തിൽ കാലചക്രമുരുളും…!!
വിലാപങ്ങൾ കേൾക്കാതെ
ബധിരനെ പോലെ
പ്രകൃതി കാതുകൾ അടച്ചു വെക്കും …!!
പകലുകൾ മിഴികളടച്ച് ഉറക്കം നടിയ്ക്കും …!!
ഇരവുകൾ ഉടയാട മാറ്റി
രൗദ്രത നിറഞ്ഞ ചായക്കൂട്ടുകളണിഞ്ഞ്
ചതുരംഗക്കളരിയിൽ കരുക്കൾ നീക്കും …!!
സത്യത്തിൻ മുഖം അസത്യത്തിന്റെ
തിരശ്ശീല കൊണ്ടു മറയ്ക്കപ്പെടും ………….!!
ആയുധങ്ങൾ ചോരപ്പുഴയിൽ
മുങ്ങിക്കുളിച്ച് ആർപ്പുവിളി മുഴക്കും …!!
പിടയുന്ന ജീവനുകൾ ആകാശ സീമകളിൽ
ഒരായിരം നക്ഷത്രക്കണ്ണുകൾ ദർശിയ്ക്കും …!!
സത്യവും ആത്മാർത്ഥതയും
കരിമ്പടം പുതച്ച കറുത്തവാവിന്റ
ചുഴിയാഴങ്ങളിലേക്ക് ഊളിയിടും …….!!
അപരാധികൾ വളം കുടിച്ച് തഴച്ചുവളരും….!!
നിരപരാധികൾ കല്ലുമഴയേറ്റ് പിടഞ്ഞൊടുങ്ങും ……!!
നൻമയേയും നീതിയേയും
പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി……
അനീതിയെയും തിൻമയേയും
ചുമലിലേറ്റി ശരവേഗത്തിൽ
പിന്നെയും കാലചക്രമുരുളും…..!!
