വസന്തം വന്നെന്ന ദൂതുമായി
വർണ്ണങ്ങൾ വാരി വിതറി ഭൂമി
കർണ്ണികാരത്തിന്റെ ചേലുമായി
കാലം വന്നെത്തുന്നു മണ്ണിലെങ്ങും.

മേടപ്പെണ്ണെത്തിയുടുത്തൊരുങ്ങി
നാടകെ കണിയായ് കർണ്ണികാരം
വിഷുക്കൈ നീട്ടത്തിനായി മക്കൾ
ഉഷസ്സിലെത്തി പടി തുറന്നു.

കണ്ണന്റെയോടക്കുഴലു പോലെ
തിണ്ണമങ്ങൂതുന്നു പുള്ളിക്കുയിൽ
താരുകൾതോറുമാവൃന്ദ വാദ്യം
താളത്തിൽ പാടുന്നു തത്തമ്മയും.

മഞ്ഞയുടുപ്പിട്ട മഞ്ഞക്കിളി
മഞ്ഞു മാഞ്ഞീടുവാൻ കാത്തുനിന്നും
കുഞ്ഞു മീൻ കൂട്ടത്തെ തിന്നുമോദാൽ
ചാഞ്ഞുറങ്ങീടുന്നു ശാഖികളിൽ.

പാടത്തു പുന്നെല്ലിൻ പൊലികൂടേ
മാടത്ത ചേക്കേറാൻ കൂടുകൂട്ടി
ചേലൊത്ത ചെമ്പരുന്നൊ ന്നുകാട്ടിൽ
കാലത്തേ വന്നേറെ കാത്തിരുന്നു.

വാടികൾ തോറുംപൂവുത്സവമായ്
വാടാ മലരുകൾ മെത്ത തീർത്തു
തോടുകൾ കാടുകൾ പാതകളിൽ
മേടുകൾതോറും ചിരിച്ചു പൂക്കൾ.

മഴയിലുഴുതു ചാലുകീറി
വഴിതുറന്നു പ്രകൃതീ ദേവി
സ്വപ്നലോകം തുറന്നു ഭൂമിയെ
സ്വർണ്ണക്കൊലിസ്സിട്ടു തുള്ളിക്കുന്നു.

തോമസ് കാവാലം

By ivayana