രചന : ജെറി പൂവക്കാല✍
പട്ടി പുല്ലു തിന്നത്തുമില്ല തീറ്റിക്കത്തുമില്ല എന്ന് പറയാറുണ്ടല്ലോ. നമ്മടെ നാട്ടിലെ ചില മനുഷ്യന്മാർ അങ്ങനെയാണ്. അവർ ഒരു മനുഷ്യന് ഗുണം ചെയ്യത്തുമില്ല , ഗുണം ചെയ്യുന്നവരെ കൊണ്ട് ചെയ്യിപ്പിക്കത്തുമില്ല. അതായത് സമൂഹത്തിന് ഗുണം ചെയ്യുന്നവനോടു അസൂയ. ഒന്ന് ഓർത്തു നോക്കിക്കേ ഇങ്ങനുള്ള കൂട്ടരുടെ ഹൃദയം.
അവർ അപവാദം പരത്തി വിടും. നന്മ മരം എന്ന് പറഞ്ഞ് കളിയാക്കും.
ഇവിടെ റിഞ്ചു പി. കോശി എന്നൊരു വൈദികൻ. നല്ല വിദ്യാഭ്യാസമുള്ള ആൾ, phd വരെ എടുത്തിട്ടുണ്ട്.ഇദ്ദേഹം നൂറ് കണക്കിന് പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുക്കുകയാണ്.
അടൂർ മണക്കാല സ്വദേശിയും, കടമ്പനാട് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനുമാണ്.ഞാൻ ഇതു എഴുതുമ്പോൾ അദ്ദേഹം 131 വീടുകൾ സമൂഹത്തിൽ നിർധരായവർക്ക് മതം നോക്കാതെ ജാതി നോക്കാതെ വെച്ച് കൊടുക്കുന്നു . ഇത്രയും പുണ്യ പ്രവർത്തി ചെയ്യുന്ന വൈദികനെ നമ്മുടെ നാട്ടിലെ ചില ദുഷ്ട ഹൃദയമുള്ള പരീശൻമാർ പറയുന്നത് അദ്ദേഹം ഒരു വീടിന് കുറഞ്ഞത് 10000 രൂപ കമ്മീഷനെങ്കിലും മേടിക്കുന്നുണ്ട് എന്ന്. പറയുന്നവൻ ഒരു മനുഷ്യന് പച്ചവെള്ളം കൊണ്ട് പോലും ഉപകാരമില്ലാത്തവൻ. ആ മനുഷ്യന് നല്ല ശമ്പളം ഉണ്ട്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കാര്യം മാത്രം നോക്കി പോയാൽ മതിയായിരുന്നു. പക്ഷേ അദ്ദേഹം ദൈവംപറഞ്ഞതുപോലെ ജീവിക്കാൻ ശ്രമിച്ചു. പാവപ്പെട്ടവന് ഒരു കൂര കൊടുക്കണം എന്ന് പ്രസംഗിക്കുന്നവനല്ല അത് പ്രവർത്തിക്കുന്നവനാണ് ദൈവത്തെ കണ്ടത്. അദ്ദേഹം അത് ചെയ്തു. എന്നാൽ ചില ദുഷ്ടർ അദ്ദേഹത്തെ ആ പ്രവർത്തിയിൽ നിന്ന് പിന്തിരിപ്പിക്കുവാൻ ശ്രമിക്കുകയാണ്.
നമ്മുടെ നാട്ടിൽ ഒരു ഉപകാരവും ചെയ്യാതെ ഉപദ്രവം മാത്രം ചെയ്യുന്ന ധനവാന്മാർ ഉണ്ട്. അവർ നന്മ മുടക്കികളാണ്. വഴി മുടക്കികളാണ്. അവരുടെ അടുക്കള മാത്രം പുകഞ്ഞാൽ മതി എന്നും അവരുടെ വയറ് മാത്രം നിറഞ്ഞാൽ മതി എന്നും ചിന്തിക്കുന്നവർ ഉണ്ട്. അവരുടെ മേശയിൽ നിന്ന് താഴെ പോകുന്ന എച്ചിലിന് പോലും കണക്ക് പറയുന്നവർ. അല്ലെങ്കിൽ നന്നായി സഹായിക്കുന്ന ഒരുവന്റെ വീട്ടിൽ ചെന്ന് അവന്റെ മനസ്സ് മടിപ്പിക്കുന്ന ചിലർ.( ഇതെല്ലാം നിങ്ങളുടെ നാട്ടിൽ വീടിനു അടുത്ത് നടക്കുന്നുണ്ട് എന്നുളളതാണ് സത്യം) .മലയാളികളാണ് ഇതിൽ നമ്പർ 1. അസൂയയുടെ കണക്കിൽ നമ്മളുടെ ആളുകൾക്ക് നമ്പർ 1 കിട്ടും. സ്വന്തം കൂടപ്പിറപ്പുകളോട് പോലും അസൂയ ഉള്ള നാടാണ്. മന്ത്രവാദവും അഭിചാരവും ഒക്കെ ചെയ്ത് സ്വന്തം കൂടപ്പിറപ്പുകളെ നശിപ്പിക്കുവാൻ നോക്കുന്നവർ പോലും ഉണ്ട്.
പിതാമഹന്റെ പേരിൽ നിൽക്കുന്ന 5 സെന്റ് ഭൂമിക്കായി, സഹോദരൻ സഹോദരനെ വധിക്കാനുതന്നെ ശ്രമിക്കുന്ന സംഭവങ്ങൾ നാം കാണുന്നുണ്ട്.
ഞാൻ റിഞ്ചു അച്ഛനെ മനസിലാക്കിയപ്പോൾ അദ്ദേഹം സാക്ഷാൽ വചനത്തിൽ ജീവിക്കുകയാണ്. പല പുരോഹിതന്മാരേയും പാവങ്ങൾക്ക് കാണുവാൻ കൂടെ പറ്റില്ല. ഉയർന്ന കുടുംബത്തിൽ അല്ലെങ്കിൽ അപ്പോയ്ന്റ്മെന്റ് കിട്ടില്ല. അങ്ങനെയുള്ള സമൂഹത്തിൽ റിഞ്ചു അച്ഛനെ പോലെ ഉള്ളവരെ നാം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
ഒരു കാര്യം തുറന്നു പറയട്ടെ. ഈ ലോകത്തിലെ ഏറ്റവും വലിയ ശാപങ്ങളിൽ ഒന്ന് ഒരുത്തന്റെ വഴി മുടക്കുക എന്നുള്ളതാണ്. നിന്റെ നാല് തലമുറയുടെ വഴികൾ മുടങ്ങുന്ന ശാപമാണ് അത്. ഇപ്പം നീ മാനത്തു ആയിരിക്കാം ഇരിക്കുന്നത്. ഒരു സെക്കന്റ് വേണ്ട നിന്റെ അവസ്ഥ മാറാൻ. ഈ ശാപ പണി നിർത്തൂ. കള്ളങ്ങൾ പരത്താതെ ഇരിക്കൂ. എല്ലാവരും നന്നാവട്ടെ , എല്ലാവർക്കും വീട് ലഭിക്കട്ടെ, എല്ലാവരുടെയും വിശപ്പ് മാറട്ടെ, എല്ലാവരും വണ്ടി മേടിക്കട്ടെ, എല്ലാവരുടെയും മക്കൾ അനുഗ്രഹിക്കപ്പെടട്ടെ.
പ്രിയപെട്ട സഹോദരങ്ങളെ ഒരു വ്യക്തിക്ക് നമ്മൾക്ക് ഗുണം ചെയ്യുവാൻ കഴിഞ്ഞില്ലെങ്കിലും ദോഷം ചെയ്യരുത്. നന്മ ചെയ്യുവാൻ കഴിവുള്ളപ്പോൾ നന്മ ചെയ്യാതിരിക്കുന്നത് പാപമാണ്. നന്മ മുടക്കുന്നത് കൊടും പാപവുമാണ്
ഒരു റിഞ്ചുവിന് കരി വാരി തേക്കുമ്പോൾ ആയിരം റിഞ്ചു മാരെയാണ് നിങ്ങൾ ഇല്ലാതാക്കുന്നത്.