ഹരിതഗ്രാമീണ സ്മരണകൾ നിറയുമാ,
ശാലീനബാല്യമൊന്നോർത്തുണർന്നീടുക!
ഉന്മേഷപുലരികളേകിയ ഗ്രാമാർദ്ര-
കളകൂജനങ്ങൾ സ്മരിച്ചുവന്ദിക്കുക!

സുഖരമ്യകാലങ്ങളേകിയ പ്രകൃതിതൻ
സുകൃതമാമോർമ്മകൾ നിത്യം നനയ്ക്കുക;
ഹരിതഗ്രാമങ്ങൾതൻ ലാവണ്യമനുദിനം
തഴുകിയുണർത്തുമരുവിപോലാവുക.

പാരിന്റെയനുപമാനന്ദമാം പുഴകൾതൻ
ഹൃദയസംഗീതം നുകർന്നുവസിച്ചനാം
ഗ്രാമീണതയ്ക്കുയിരേകും പുലരി പോ-
ലാസ്വദിച്ചഴകാർന്നയെത്ര തൃസന്ധ്യകൾ.

മർത്യതേ, ഹൃത്തുണർത്തീടുക! ലളിതാർദ്ര
പ്രകൃതിയിലേക്കു മടങ്ങാനൊരുങ്ങുക!
സൗന്ദര്യശാസ്ത്ര മുഖവുരയാംഹരിത-
ഗ്രാമ്യപരിസ്ഥിതീസൗഹൃദം തുടരുക!

ഈ നവലാവണ്യബോധത്തെയിനിയുമീ-
മാനവഹൃദയങ്ങളിൽത്തളിർപ്പിക്കുക;
പാരിസ്ഥിതിക ദുരന്തത്തിന്നിരകളായ്
മാറുന്നതിൻഹേതു; എന്തെന്നറിയുക.

സുഖരമ്യസൂര്യോദയങ്ങളാൽ കൈരളി,
തളിരണിഞ്ഞുന്മേഷപൂർവ്വമുണർന്നിടാൻ
ഹരിതാഭഹൃത്തുലയ്ക്കാതെയാ,നന്മകം;
കരുണാർദ്രമായി നാം കാത്തുസൂക്ഷിക്കുക!

പ്രകൃതിയിൽനിന്യമാകും മനുജർതൻ
ക്രൂരകൃത്യങ്ങളാ, ഹൃദയംതളർത്തുന്നു
ജീവന്റെയേകസങ്കേതമാം ധരണിതൻ
നിലനിൽപ്പുമിന്നാർദ്ര ചോദ്യമായീടുന്നു.

ആരണ്യകങ്ങൾ നശിപ്പിച്ചുണർവ്വിന്റെ
കാരുണ്യമാകെത്തകർക്കാതിരിക്കുക;
നിത്യപ്രതിരോധമേകും കരുത്തുമായ്
പരിസ്ഥിതിക്കനുകൂലമായി വർത്തിക്കുക.

സഹനാർദ്ര ലോകമേ, നിന്നെയോർത്തീവിധം
നവഹരിതബോധം പകർന്നുനൽകീടിലും
ചലനാത്മകപ്രതീകങ്ങളാം പ്രകൃതിയെ-
പ്പാടേ നശിപ്പിച്ചിടുന്നിവിടെയെത്രപേർ ?

മാനവലോകമേ, ഹരിതാർദ്രചിന്തയാ-
യുണരുക! മഹിതഗ്രാമങ്ങളുണർത്തുക;
ഉന്മേഷദായകയാമീ,പ്രപഞ്ചത്തിൽ
സ്വസ്ഥരാ,യാനന്ദചിത്തരായ്ത്തുടരുക…!!🌾

By ivayana