രചന : സെറ എലിസബത്ത് ✍️
മരണം മുന്നിൽനിന്ന് ചിരിക്കുന്നൊരാളുടെ
ഡയറിക്കുറിപ്പുകൾ
എന്റെ എഴുത്തുമേശയിൽ—
ഒന്നാം ദിവസം
മരണത്തിന്റെ പേരിൽ
ഡോക്ടറുടെ വാക്കുകൾ
കാതുകളിൽ വീണു.
എന്നാൽ ഹൃദയം വിറച്ചില്ല —
പക്ഷേ ഒരു മൗനം
വിറങ്ങലിച്ചു നിന്നു
ജീവിതത്തിന്റെ മുഴുവൻ ദൃശ്യങ്ങൾ
ഒരു തിരശ്ശീലയിൽ പതിച്ചു —
വേദനകളുടെ ഇടവേളകളിൽ
ഏതോ പ്രകാശം ഉള്ളിൽ നിറഞ്ഞു
മൂന്നാം ദിവസം
ഇനി എന്താണ് ഞാൻ ആഗ്രഹിക്കുന്നത്?
ഒരു വലിയ വീടോ,
പണത്തിന്റെയോ അധികാരത്തിന്റെയോ
ചിഹ്നങ്ങളോ അല്ല
എനിക്ക് വേണമെന്നുള്ളത് —
മകളുടെ ചെറുചിരി
വീണ്ടും കേൾക്കുക,
അമ്മയുടെ കൈ പിടിച്ച്
ഒരു പ്രാവശ്യം കൂടി ഉറങ്ങുക,
പ്രിയപ്പെട്ടവളുടെ കണ്ണുകളിൽനോക്കി
“നന്ദി” പറയുക.
ജീവിതം എത്ര ലളിതമാണ്,
എന്നാൽ നമ്മൾ അതിനെ
എത്ര സങ്കീർണ്ണമാക്കി
ഒരു ചോദ്യം മാത്രം
വീണ്ടും വീണ്ടും ഹൃദയം തൊടുന്നു —
ഞാൻ എങ്ങനെയാണ് ജീവിച്ചത്?
അഞ്ചാം ദിവസം
ഇന്ന് മഴ പെയ്തു.
ഞാൻ ജനലരികിലിരുന്ന്
മഴത്തുള്ളികൾ മുഖത്ത് പതിയുന്നത് ആസ്വദിച്ചു
അത് അനർവചനീയമായിരുന്നു
എത്ര വർഷങ്ങളായി മഴ കണ്ടിരുന്നു,
പക്ഷേ ഇന്നാണ് അതിൽ
പൂർണമായി ലയിച്ചത്
ഒന്നുമാത്രം ഉറപ്പായി —
ജീവിതം വലിയ നേട്ടങ്ങളാൽ അല്ല,
ചെറിയ അനുഭവങ്ങളാലാണ് മനോഹരമാകുന്നത്
പത്താം ദിവസം
ഇനി കുറച്ച് സമയം മാത്രം.
ഭയം വിട്ടുപോയി.
കണ്ണുകൾ അടയ്ക്കുമ്പോൾ
ചുറ്റും നിറയുന്നത് സ്നേഹിച്ച മുഖങ്ങളാണ്
ഞാൻ പോകുമ്പോൾ ലോകത്തിന്
ഒന്നും നഷ്ടപ്പെടില്ല
പക്ഷേ, എന്റെ ഉള്ളിൽ നിന്നു
പുറത്തേക്കു വിരിഞ്ഞ സ്നേഹം
അവർക്ക് ഒരുനാൾ സൂര്യപ്രകാശമായി,
മഴയായി, കാറ്റായി മടങ്ങിവരുമെന്ന്
ഞാൻ വിശ്വസിക്കുന്നു
അവസാന കുറിപ്പ്
ജീവിതം —
നാളെയ്ക്ക് വേണ്ടി കാത്തിരിക്കേണ്ട
ഒരു ദൂരം അല്ല
ഇന്ന്,
ഈ ഒരു നിമിഷം
മുഴുവനായും സ്നേഹിച്ച്
മുഴുവനായും അനുഭവിച്ച്
മുഴുവനായും ജീവിക്കുന്നതാണ്
ജീവിതത്തിന്റെ പരിപൂർണ്ണ അർത്ഥം.