രചന : കെ.ആർ.സുരേന്ദ്രൻ ✍️
സായാഹ്നത്തിന്റെ നഗരം
സ്വർണ്ണപ്പട്ടുടയാട ചുറ്റി,
കൊലുസ്സിട്ട് നവോഢയായി,
സുന്ദരിയായി
ചുവടുകൾ വെച്ചതും,
മൂവന്തി കണ്ണഞ്ചിക്കും
ചെമ്പട്ട് ചുറ്റി മനോഹാരിണിയായി,
പശ്ചിമദിക്കിൽ കടലിൽ ചായും
ചുവന്ന സൂര്യനെ തോണ്ടിയെടുത്ത്
നെറ്റിയിൽ തിലകം ചാർത്തിയതും,
നഗരത്തിൽ രാവണഞ്ഞു,
നിലാവണഞ്ഞു,
പാൽപ്പുഞ്ചിരിയുടെ കണ്ണുകൾ തുറന്നു.
കടൽ നിലാവിൽ നക്ഷത്രങ്ങൾ
വാരിയണിഞ്ഞ നിശാനർത്തകിയായി.
ചിലങ്കകൾ ചാർത്തി ഹർഷോന്മാദിനിയായി,
താളത്തിൽ, മേളത്തിൽ ചുവടുകൾ വെച്ച്,
ദുർഗ്ഗയായി പരിണമിച്ച്
രൗദ്രയായി താണ്ഡവനൃത്തമാടി.
ആഞ്ഞടിക്കും കടൽക്കാറ്റിൽ
ഉന്മത്തരായി കാണികളും.
പാതിരാവിലും താണ്ഡവമാടിയ
ദുർഗ്ഗയെ തനിച്ചാക്കി
ഒടുവിലത്തെ കാണിയും യാത്രയായി.
ആടിത്തളർന്ന നിശാനർത്തകി,
ചിലങ്കയൂരിയെറിഞ്ഞ് വീണ് തേങ്ങി.
സാക്ഷ്യം വഹിക്കാൻ
കാണികളുണ്ടായില്ല പക്ഷെ.
നിദ്രയുടെയാഴങ്ങളിൾ
അവളുടെ കിനാവിൽ
സൂര്യൻ പുഞ്ചിരിച്ചു…..
