രചന : അൻവർ ഷാ ഉമയനല്ലൂർ.✍
ഇരുൾ പരത്തീടും മനസ്സായിടാതെ,നാം
നിത്യമൊരു കരുണാർദ്ര താരമായ്ത്തുടരുക;
സംസ്കാര സമ്പന്നരാക; സ്തുത്യർഹമാം
കരളിലായുദയനാളത്തെ ദർശിക്കുക.
വഞ്ചനാ,വൈകൃത ചിന്തകൾ പെരുകുകിൽ
നെഞ്ചിലായെങ്ങും പരന്നുപോം കരിനിഴൽ
ഞാനെന്ന ഭാവമ,ല്ലതി ഹൃദ്യമുണരുവാൻ
കഴിയുന്നതാം സ്നേഹദീപമായ് മാറണം.
ഉള്ളിലന്നാർദ്രത നശിച്ച യൂദാസിനാൽ
തള്ളിവീഴ്ത്തിക്കെടുത്തീടാൻ ശ്രമിച്ചതിൻ
വെള്ളിക്കിലുക്കം, വെറുത്ത സ്വപ്നങ്ങളായ്
തീക്കനൽത്തുള്ളിപോൽ പൊള്ളിച്ചിടുന്നകം.
ചേർത്തെഴുതീടുക, പ്രിയമോടൊരേവിധം
സഹനതയാലുർപ്പിൻ രമ്യ കവിതയും
നേർത്തുപോകുന്നുദയാർദ്രമാം വാക്കുകൾ
തെളിക്ക,നീയഭയമേ, നിൻ കാവ്യപുലരികൾ
താഴ്ന്നുപോകാതെയെന്നും കൃപാനാളമായ്
തെളിഞ്ഞു നിൽക്കട്ടെ നിൻ മഹനീയ ജീവിതം
തിരി താഴ്ത്തിടില്ലുദയ താരകം; തിരു വരം
കാത്തിരിക്കുന്നു സ്നേഹാർദ്രമാം പാരിടം.
നേരിൻ ചെരാതായി നിൽക്കാം മനസ്സുകൾ
തെളിച്ചമോടുണരാൻ കൊതിക്കാം പരസ്പരം
താരാഗണംപോൽ തിളങ്ങട്ടെ സ്മരണകൾ
പുലർവെളിച്ചം പരന്നുണരട്ടെ യുവതകൾ.
മൊഴിവിളക്കണയുകിൽ ചുറ്റുമിരുളിനാൽ
തീരേയറിയാതെ പോയിടാം തിരുമുഖം
സഹനാർദ്രമോരോ വിചാരവും; കരളിനാൽ
കാൽക്കലർപ്പിച്ചിടാമുപരി സ്നേഹാദരം.
മഹിതാർദ്ര വചനങ്ങളോരോന്നനുദിനം
പാരാതെ വായിച്ചുണർത്തിടാം; പാരിടം
നേരറിയിക്കുന്നുയിർപ്പിനാലാദിത്യ-
ഹൃത്തടം പകരമേകീടുന്നു സാദരം.
