രചന : അൻവർ ഷാ ഉമയനല്ലൂർ ✍
പതിയെ,യീ മഹിത മലയാളവും കദനമാം
പതനത്തിലേക്കുപോയ് മറയാതെ കാത്തിടാം
പറഞ്ഞുണർത്തേണ്ടതാ,ണിവിടെയും യുവതകൾ
പതഞ്ഞുപൊങ്ങുന്നൂ; തകർക്കുന്ന ലഹരിയാൽ.
പുതിയ ദിശാബോധമേകണം കരളിലായ്
പുത്തൻ പ്രതീക്ഷതൻ പ്രഭാതമേകീടണം.
പരമ നാശം വിതയ്ക്കുന്നതാണോർക്ക,നാം;
പഴയ കാലത്തിന്റെ ചരമ കോളങ്ങളും
പ്രിയതര സ്മരണകൾ സാക്ഷാത്കരിക്കുവാൻ
പ്രയത്നിച്ചുദയമായ് മാറേണ്ട ജീവിതം;
പടികടന്നെത്തുന്ന വിഷലിപ്ത ചിന്തയാൽ
പാതാളമാക്കുന്നുണരാത്ത യൗവ്വനം.
പിടിവിട്ടുപോകരുത് മഹനീയ കേരളം;
പ്രത്യയശാസ്ത്രമുണർത്തുന്ന ഭൂതലം.
പ്രദീപമായ് നിൽപ്പുദയ നന്മകൾ നിശ്ചയം
പ്രത്യാശ പകരുന്നു,മാ പുലർചിത്രകം.
പിന്മാറിനിൽക്കാതുണർന്നിടാം,
ഗ്രാമീണ പൊൻതിളക്കത്തിൽ നിൽക്കട്ടെ,യീ നന്മലർ;
പ്രിയമെന്മലയാളദേശപ്രകാശമേ,
പാരാതെ, കരളാലുണർത്തുന്നു ഞങ്ങളും.
പക്ഷഭേദത്താൽ തിരുത്താതിരിക്കുകിൽ
പങ്കിലമാകുമീ മണ്ണിൻ വിശുദ്ധിയും
പട്ടുപോലുള്ളതാം ബാല്യകാലത്തെയും
പെട്ടെന്നു കാർന്നിടാം ദുർമനം നിർണ്ണയം.
പകർച്ച വ്യാധിപോലാണിതിൻ തുടർച്ചകൾ
പാതിരാവാക്കുന്നുപരി, ദുർചിന്തകൾ
പതിയെത്തകർന്നു തുടങ്ങുന്നു കരളുകൾ
പടരുന്ന കലഹമായ് മാറ്റുന്നിരവുകൾ
പുനർചിന്തനം പ്രതീക്ഷിക്കുന്നു കാവ്യകം;
പുലർച്ചെരാതായിത്തെളിക്കുന്നു ചിന്തകം
പ്രദോഷമായ് മാറ്റരുതുദയാർദ്ര മാനസം;
പിതൃവിലാപങ്ങൾ നിലയ്ക്കില്ലനന്തരം.
