രചന : സെഹ്റാൻ ✍
തുടർച്ചകളുടെ തീരാ ഇടനാഴികൾക്കും
അപ്പുറത്ത് അലസതയുടെ
വളർത്തുമീനുകളുടെ ഇരുണ്ട കുളം.
ഏകാന്തതയുടെ
ഭിത്തികൾക്കിടയിലെ
വിള്ളലുകളിലൂടെ
ക്രമരഹിതം സഞ്ചരിക്കുന്ന
വാലൻമൂട്ടകൾ.
അടച്ചിട്ട ഗേറ്റിൻ്റെ ഓടാമ്പലിൽ
കുന്നിൻചെരിവിലെ കാട്ടരുവിയുടെ
കാലടിപ്പാടുകൾ.
കെട്ടുപോയ മിഴികളിൽ
മുറിഞ്ഞുപോയ തിരകളുടെ
ഗിരിപ്രഭാഷണം.
സ്റ്റേഷനിൽ ഇനി എത്തിച്ചേരാനുള്ളത്
*ട്രാൻക്വിലൈസർ എന്ന്
രേഖപ്പെടുത്തിയ തീവണ്ടി.
അതിനും മുൻപേ ഒരു
മഴപെയ്തേക്കാം.
മണ്ണിൽ നിന്നും മാനത്തേക്ക്!
പാതയിലാകെ അന്നേരം
മേഘക്കെട്ടുകൾ വന്നുനിറഞ്ഞേക്കാം.
ശ്രമകരവും, അലോസരമാർന്നതുമായ
ഒരു പ്രവർത്തിയാണ് അവയെ
വകഞ്ഞുമാറ്റി നീങ്ങുകയെന്നത്.
ആയതിനാൽ ഇരുണ്ട കുളത്തിൽ
വളർത്തുമീനുകൾക്കൊപ്പം
നീന്തിത്തുടിക്കുകയെന്നതിൽ
സ്വസ്ഥനാകുന്നു.
പായൽ മൂടിയ കവിതകളുടെ
മേൽവിലാസങ്ങൾ തുറവിയിൽ
രേഖപ്പെടുത്തി വെയ്ക്കുന്നു.
⚫
