ഞാനും മാഗ്നസ് കാൾസനും ഒരു കൊലയാളി സംഘത്തിൻ്റെ പിടിയിലാണ്.
നേതാവ് ഞങ്ങളോട് രണ്ടു പേരോടുമായി പറഞ്ഞു:
“നിങ്ങൾക്കിടയിലെ ചെസ്സുകളിയിൽ തോൽക്കുന്നയാളെ ഞങ്ങൾ കൊല്ലും. ജയിക്കുന്നയാളിനെ സ്വതന്ത്രനാക്കും. “
കാൾസൻ സഹാനുഭൂതിയോടെ എന്നെ നോക്കി. കളി തുടങ്ങും മുമ്പ് എൻ്റെ വിധി തീർച്ചയായിരിക്കുന്നു.
കാൾസൻ എന്നോട് പറഞ്ഞു:
“തലയുരുളാതെ തന്നെ തലയുരുളുന്ന കളിയെ ഈ മനുഷ്യർ അതിൻ്റെ മഹത്വത്തിൽ നിന്ന് തരംതാഴ്ത്തിയിരിക്കുന്നു.
ചതുരംഗത്തിൽ തോൽക്കുന്നവർ അടിമയാവുകയോ നാടുകടത്തപ്പെടുകയോ ചെയ്യുന്ന, ആ കളിയോട് നീതി പുലർത്താത്ത
ചരിത്ര സന്ദർഭം നേരത്തെയും ഉണ്ടായിട്ടുണ്ട്. ഇത് അങ്ങേയറ്റമാണ്.
കൂട്ടുകാരാ. വിശ്രാന്തിയിലിരുന്നുമടരാടാവുന്ന ദ്വന്ദ്വയുദ്ധം, ചെസ്സ്.
കാപ്പി കുടിക്കുകയോ കുടിക്കാതിരിക്കുകയോ ചെയ്യാം.
പട തുടങ്ങും മുമ്പും കഴിഞ്ഞും മാത്രംഎതിരാളികൾക്കിടയിൽ
മേൽതൊട്ടുകളി.
യുദ്ധത്തിൽ തോറ്റു മരിച്ചവനും ഹസ്തദാനം ചെയ്യാവുന്ന രണമത്.
ഓരോ പോരാളിയും ചിന്തകർ. യുദ്ധത്തേക്കാൾ സന്നാഹ നിശബ്ദ നിശ്ചല നിമിഷങ്ങൾ. ഗാഢമായി, ശ്വാസത്തിൽപ്പോലും സമയത്തെ അനുഭവപ്പെടുത്തുന്ന യുദ്ധം. ചെസ്സിലെന്നതുപോലെ കാലം വിളംബ താളത്തിൽ പ്രേക്ഷകനായിരിക്കുന്ന മറ്റൊരു കളിയില്ല. മരിച്ചു വീഴുന്ന പോരാളികളെ എതിരാളിതന്നെ സ്ട്രക്ചറിൽ യുദ്ധഭൂമിയിൽ നിന്നും നീക്കം ചെയ്യുന്നു. ചോര വാർന്ന ഉടലുകളോ കബന്ധങ്ങളോ ഒന്നുമില്ല. കൊല നടന്നതിൻ്റ തെളിവുകളില്ല.
വിഗ്രഹാരാധനയെ ഇകഴ്ത്തുന്നവർ എന്തു പറയും ചെസ്സിനെക്കുറിച്ച്? അർത്ഥമെന്നത് ഭാഷയിലെന്നപോലെ ചെസ്സിലും ആരോപിതമാണ്. മന്ത്രി മന്ത്രിയായിരിക്കുന്നത് അത് മന്ത്രിയായതുകൊണ്ടല്ല. ആ അർത്ഥം സർവ്വസമ്മതത്തോടെ അതിൽ നിക്ഷേപിച്ചതുകൊണ്ടാണ്. ചെസ്സ്, ഭൂമിയിലെ ഏറ്റവും മനോഹരമായ ഭാഷകളിൽ ഒന്ന്.
അർത്ഥമവിടെ നീട്ടിവെക്കപ്പെടുകയല്ല, കരുക്കൾക്കു മീതെ മുനിഞ്ഞു മുഴുകിയുറച്ച് നിൽക്കുകയാണ്. കുതിര ഒരിക്കലും ആനയെപ്പോലെ പെരുമാറുന്നില്ല, മന്ത്രി രാജാവിനെ അട്ടിമറിച്ച് ചക്രവർത്തിയാകുന്നില്ല. പ്രതീകങ്ങൾ വെറും പ്രതീകങ്ങളല്ല. ആ കരു ചക്രവർത്തിയെ പ്രതിനിധാനം ചെയ്യുക മാത്രമല്ല, അതുതന്നെ ചക്രവർത്തി !
എതിർ രാജ്യത്തിൻ്റെ അതിർത്തി പിന്നിടാൻ കഴിഞ്ഞാൽ മാത്രം കാലാളുകൾക്ക് ചക്രവർത്തിയൊഴിച്ച് എന്തുമായിത്തീരാം.
സാദാ പൗരന് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയുമാകാമെന്ന പ്രത്യാശയുടെ മോട്ടിവേഷണൽ പാഠം പുസ്തകമാണ് ചെസ്സ്. “
അതു പറഞ്ഞു നിർത്തിയപ്പോൾ കാൾസൻ്റ കണ്ണുകൾ നിറഞ്ഞു.
എനിക്കെൻ്റെ പഴയൊരു ചെസ്സ് എഴുത്ത് ഓർമ്മ വന്നു :
“സൈഗാൾ ഡോണിന്റെ സ്വീഡനിലെ ശിശിരകാല വസതിയാണ്.
ഓരോ പെഗ് വിസ്കിയും കഴിച്ച് ഞാനും ഡോണും ചെസു കളിച്ചു തുടങ്ങി. ഡോൺ ചെസ്സിൽ അസാധ്യ നാണ്. രണ്ട് കാലാളുകളെ അബദ്ധത്തിലെന്ന നാട്യത്തിൽ ബലി കൊടുത്ത് എൻ്റെ കുതിരകളിലൊന്നിനെ ഡോൺ നിഷ്ഠൂരമായി വധിച്ചു.
ഡോൺ പറഞ്ഞു:
64 കളങ്ങൾ .
32 കഥാപാത്രങ്ങൾ .
ആയിരക്കണക്കിനു
നീക്കങ്ങളുടെ സാധ്യതകൾ.
മനുഷ്യവംശത്തിന്റെ ഉദയം മുതൽക്കു കോടാനുകോടി മനുഷ്യർ അനുഭവിച്ച രണവികാരങ്ങളത്രയും ഒരു കളിയിലൂടെ വെളിച്ചപ്പെടാനുള്ള സാധ്യതകൾ .
പ്രതീകങ്ങൾ.
ചെസ്സിൽ പ്രതീകങ്ങളാണ്. പ്രതീകങ്ങളുടെ വിളയാട്ടം. കളിയാട്ടം .
പ്രതീകലീലകൾ.
ചെസ്സ് റിയലുമാണ്.
യുദ്ധമാണെന്നു പറയാം.
അല്ലെന്നും പറയാം.
നേർപ്പിച്ച യുദ്ധമെന്നും രക്തം ചീന്താത്ത യുദ്ധമെന്നും പറയാം.
കൊലയുണ്ട്, മരിക്കുന്നുണ്ട്,
പക്ഷേ മരിക്കുന്നില്ല.
പ്രതീതിയുദ്ധം.
പ്രതീതിയാഥാർത്ഥ്യം കേവലം പ്രതീതിയാണെന്ന് എങ്ങനെ വാദിക്കും.
പ്രതീതി, ഉള്ള ഒന്നിൻ്റെ തോന്നൽ അല്ലേ? തോന്നലുകൾക്ക് ഉൺമയില്ലേ?
സിനിമയിലെ ഡ്രാക്കുള കഴുത്തിൽ നിശ്വാസച്ചുഴിയുണ്ടാക്കുമ്പോൾ ഭയഹോർമോണുകൾ ചെണ്ട മേളം വായിക്കുന്നില്ലേ ?
ഹൃദയമിടിപ്പ് ഉയരുന്നില്ലേ ?
ചലച്ചിത്രത്തിലെ ഡ്രാക്കുള യഥാർത്ഥ ഡ്രാക്കുളയല്ലെന്ന് ശഠിക്കുന്നയാൾ യഥാർത്ഥ ഡ്രാക്കുളയുണ്ടെന്നല്ലേ കരുതുന്നത് ? യഥാർത്ഥ ഡ്രാക്കുള ഉണ്ടോ ?
യഥാർത്ഥ സാമ്പാർ ഉണ്ടോ ? യാഥാർത്ഥ്യം ഒരു വ്യാവസായിക നിർമിതിയല്ലേ ?
ഡോൺ തുടർന്നു :
ചിത്രത്തിലെ കുതിര കുതിരയാണെന്നും അല്ലെന്നും പറയാമെന്ന് ശങ്കുകൻ ആചാര്യൻ നിരീക്ഷിച്ചിട്ടുണ്ട്.
ചെസ് ബോർഡിലെ കുതിരയുടെ പാച്ചിൽ യുദ്ധഭൂമിയിലെ കുതിരയുടെ പടയോട്ടമാണോ?
ചെസ് ബോർഡിലെ കുതിര മുതിര കഴിക്കുന്നില്ലല്ലോ? മുതിര കഴിക്കുന്നില്ലെന്നത് കൊണ്ട്, ഇണ ചേരുന്നില്ലെന്നതു കൊണ്ട് ചെസ്സിലെ കുതിര കുതിരയല്ലന്നു പറയാൻ കഴിയുമോ ?
ഇല്ല. കുതിരയാവാൻ കുതിരയാവണമെന്നില്ല. എന്തെങ്കിലും ആവാൻ അതാവണമെന്നില്ല.
അതാണ് എന്നതുകൊണ്ട് പോലും അതാവണമെന്നില്ല.
അതില്ല.
പിന്നെങ്ങനെ അതിന്
അതാവാൻ കഴിയും ?
ചെസ്സ് യുദ്ധമല്ല.
ശരി തന്നെ. അതിന് യുദ്ധം യുദ്ധമാണോ?
ആളുകൾ നിരന്തരമുച്ചരിച്ചുണ്ടായ അമൂർത്തമായ ഒരു സങ്കൽപ്പം മാത്രമല്ലേ യുദ്ധം ?
ചെസ്സ് പോസിബിലിറ്റിയുടെ ആഖ്യാനമാണ്. സംഭവ്യതകളുടെ ഖനി. കളിക്കുകയല്ല, കുഴിക്കുകയാണ് !
അതാണ്. നമ്മൾ വ്യക്തതയാർജിച്ചു കഴിഞ്ഞു.
ഏതു നാടകങ്ങളിൽ ഉണ്ട് ഇത്രയും സാധ്യതകൾ ! “
യുദ്ധനിയമങ്ങൾ സമ്പൂർണ്ണമായി പാലിക്കുന്ന ഒരേയൊരു യുദ്ധം, ചെസ്.
ആവിഷ്കാരശേഷിയില്ലാത്ത അധികാര ശബ്ദത്തിൽ ലോകരാജ്യങ്ങളുടെ സംഘടനയ്ക്ക് സാധാരണക്കാരെയും കുഞ്ഞുങ്ങളെയും ബോംബിട്ടു കൊല്ലുന്നതിനെ വിലാപസ്വരത്തിൽ ചോദ്യം ചെയ്യേണ്ടി വരില്ല.
വ്യവസ്ഥയുടെ സൗന്ദര്യം എന്നു ചെസ്സിനെ വിളിക്കാം. നിയമങ്ങൾ കവിതകളാകുന്ന സന്ദർഭം.വയലൻസിൻ്റെ ആർട്ട്. അത് മാർക്കോ ചെവി കടിച്ചു പറിക്കൽ അല്ല.
ഹിംസയുടെ ഗുണീഭൂതവ്യംഗ്യം. ധ്യാനിപ്പിൻ്റെ രോഗമുള്ള വായനക്കാരനു മാത്രം കാണാവുന്ന രക്തപ്പുഴ.
കാൾസനും എനിക്കുമിടയിലെ മരണക്കളി ആരംഭിച്ചു. രാജാവിൻ്റെ മുമ്പിലെ പോണി നെ രണ്ട് ചുവട് നീക്കി ഞാൻ ആരംഭിച്ചു.
കൊലയാളി സംഘം ഞങ്ങൾക്ക് ചുറ്റിലും നിന്ന് അട്ടഹസിച്ചു. എതിരാളികളിൽ ഒരാൾ നിശ്ചയമായും തോറ്റുപോകാവുന്ന ആത്രയും ദുർബലനാണെന്നത് ആ ഇരപിടിയൻമാരുടെ ഉൻമാദം വർധിപ്പിച്ചു.
ഇരമുൻകൂട്ടി ഉറപ്പിക്കപ്പെട്ടു കഴിഞ്ഞു.
വിശന്ന സിംഹങ്ങളോട് ഏറ്റുമുട്ടി മരിക്കാൻ വിധിക്കപ്പെട്ട ഗ്ലാഡിയേറ്ററായി ഞാൻ മാറിയിരിക്കുന്നു. നിഷ്ഠൂരമായ കൊലയുടെ ആ പ്രാചീന ഗെയിമിൽ നിന്നും ചെസ് ആർജിച്ചെടുത്ത പ്രതീകഹിംസയുടെ എയ്സ്തറ്റിക്സിനെ ഈ കണ്ണിൽച്ചോരയില്ലാത്തവൻമാർ അട്ടിമറിച്ചിരിക്കുന്നു.
കാൾസൻ എന്നോട് പറഞ്ഞു:
“ജയിച്ചയാൾ സ്വതന്ത്രൻ.
തോറ്റവൻ കൊല്ലപ്പെടും.
കൂട്ടുകാരാ, ചെസ്സിൽ സമനിലയെന്ന സാധ്യതയുണ്ട്. മനുഷ്യർ തോൽക്കാതെയും ജയിക്കാതെയുമിരിക്കുന്ന മനോഹരമായ സാധ്യത. വിജയപരാജയ ബൈനറികളെ മായ്ച്ച് കളയുന്ന തത്വചിന്താപരമായ
കരുനീക്കമാണ് സമനില്ല. നമ്മൾ ഈ കളി സമനിലയിൽ അവസാനിപ്പിക്കും. “
കളി സമനിലയിൽ അവസാനിച്ചു.
കാൾസൻ കൊലയാളി നേതാവിനോട് പറഞ്ഞു:
“ഞങ്ങൾ രണ്ടു പേരും തോറ്റില്ല, അഥവാ രണ്ടു പേരും വിജയിച്ചു എന്നും പറയാം.
ഞങ്ങളെ സ്വതന്ത്രരാക്കൂ.”
നേതാവ് മൃദുവായ സ്വരത്തിൽ പറഞ്ഞു:
“തോറ്റവന് വധശിക്ഷ.
ജയിച്ചവന് സ്വാതന്ത്ര്യം.
വധശിക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും ഇടയിലുള്ള ശിക്ഷാനില നിങ്ങൾ മറന്നുപോയോ? ജീവപര്യന്തം തടവ്. “
സ്വപ്നത്തിലെ ഞാനും കാൾസനും ഇപ്പോഴും അവരുടെ തടവിലാകും.
കാൾസനോട് നന്ദി പറയണ്ടതുണ്ട്.
എൻ്റെ ജീവൻ രക്ഷിച്ചതിന്.
ഒരു മെയിൽ അയക്കാം അല്ലേ?

By ivayana

Leave a Reply

Your email address will not be published. Required fields are marked *