തിരക്കുള്ള നേരം നോക്കിയാണ് ബീരാൻഭായിയുടെ പീടികയിലേക്ക് പരിപ്പ് വാങ്ങാൻ പോകുന്നത്. തിക്കിത്തിരക്കി മുന്നിലേക്കെത്തി. കാൽക്കിലൊ പരിപ്പെന്നും പറഞ്ഞ് ലഡ്ഡു ഭരണിയുടെ മുകളിൽ നൂറ് രൂപ വെച്ചിട്ടും ഭായി എന്നെ കണ്ടതായി ഭാവില്ല.
‘ഭായി, കാൽക്കിലൊ പരിപ്പും രണ്ട് കെട്ട് പപ്പടവും.’
ഞാൻ വീണ്ടും പറഞ്ഞു.
‘നിക്ക് രഘൂ… നിനക്ക് മുന്നേ വന്നവരല്ലേ ഞങ്ങൾ.. നമുക്കും സാധനങ്ങൾ തന്നെയാണ് വേണ്ടത്. അത്യാവശ്യം എല്ലാർക്കുമുണ്ട്…’
എന്നും പറഞ്ഞ് ചിറയത്ത് വീട്ടിലെ ഗോവിന്ദൻ എന്നെയൊന്ന് തുറിച്ച്‌ നോക്കി.
ആ നേരം ബാലവാടിയിലെ ബാലമണി ടീച്ചർക്ക് വേണ്ടി പഞ്ചസാര തൂക്കുകയായിരുന്നു ബീരാൻഭായി. ശേഷം സാധനങ്ങളിലെല്ലാം തൊട്ട് തൊട്ട് ബില്ല് എഴുതി. കാൽക്കുലേറ്ററിൽ കുത്തിയെടുത്ത കണക്ക് തുണ്ട് കടലാസിൽ എഴുതി ശൂന്ന് വരക്കുന്നതാണ് ഭായിയുടെ ബില്ല്.

‘ഭായി.. കാൽക്കിലൊ പരിപ്പും, രണ്ടുകെട്ട് പപ്പടവും…’
അൽപ്പം പതിയേയാണ് ഞാൻ പറഞ്ഞത്. ബാക്കി പണവും വാങ്ങി ബാലാമണി പോയപ്പോൾ ഗോവിന്ദൻ തന്റെ ലിസ്റ്റ് നീട്ടി. ഭായ് അത് വാങ്ങുകയും ചെയ്തു. ലഡ്ഡു ഭരണിയുടെ മുകളിൽ നിന്ന് ഇളകുന്ന എന്റെ നൂറ് രൂപയെ ബീരാൻഭായ് അപ്പോഴും കണ്ടതായി ഭാവിച്ചില്ല. എന്നിട്ടും, എനിക്കുള്ള പരിപ്പും പപ്പടവും തന്നെ ആ മനുഷ്യൻ ആദ്യം കെട്ടിയെടുത്തു.
‘അതെന്ത് ഏർപ്പാടാണ് ബീരാനെ.. നമ്മളൊക്കെ പിന്നെയെന്ത് തേങ്ങയ്ക്കാണ് ഈട നിക്കുന്നേ…?’
ശബ്ദം ഗോവിന്ദന്റേതാണ്. ഞാൻ അയാളോട് ഇളിച്ചു. മറ്റുള്ളവരും എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ അതൊന്നും കാര്യമാക്കിയില്ല. എന്തായാലും കാര്യം നടന്നല്ലോ…
‘എന്റെ ഗോവിന്ദാ…. രഘൂനെ നിനക്ക് അറിയുന്നതല്ലേ… സ്വര്യം തരില്ല. ഒരു സമതാളവുമില്ലാത്ത മുശടനാണ് ഓൻ…’

സാധനങ്ങളുമായി കടയിൽ നിന്ന് ഇറങ്ങിയിട്ടും ബീരാൻഭായിയുടെ ആ ശബ്ദം കാതുകളിൽ എത്തിയിരുന്നു. ഇടയ്ക്ക് ചില തത്വം പറയുമെന്നത് ഒഴിച്ചാൽ പുള്ളി ആള് ഡീസന്റാണ്. എന്നെയൊക്കെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ അല്ലെങ്കിൽ പിന്നെ എങ്ങനെയാണല്ലേ…!
ആദ്യം വന്നതാണെന്നും, എല്ലാവർക്കും അത്യാവശ്യമാണെന്നും, പറയാൻ കൊള്ളാമെന്നല്ലാതെ നടക്കുന്ന വിഷയമൊന്നുമല്ല. ജീവിതത്തിന്റെ ഏതെങ്കിലും ആവിശ്യങ്ങളുടെ നിരത്തിൽ വരിയെന്ന് വന്നാൽ ഏറ്റവും പിറകിലാകാൻ എനിക്ക് പറ്റില്ല. അതിപ്പോൾ, ആശുപത്രിയായാലും, അന്നദാനമായാലും ആർക്ക് വേണ്ടിയും കാത്തിരിക്കാൻ വയ്യ. വരുന്നയിടത്ത് വെച്ച് കാണാമെന്ന ധൈര്യത്തിൽ വരിയുടെ മുന്നിലേക്ക് നടക്കും. ആദ്യത്തെ ആൾ പ്രശ്നമുണ്ടാക്കിയാൽ അയാളുടെ പിറകിലായി നിൽക്കും. അപ്പോഴും പ്രശ്നമായാൽ ഉന്തും തള്ളുമായി മുൻപന്തിയുടെ ഇടയിൽ തന്നെ നിൽക്കാനുള്ള സൂത്രമൊക്കെ എനിക്ക് അറിയാം.

പിറ്റേന്ന്, അങ്കം റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം നീളമൊന്നും കണ്ടില്ല. മുന്നിലേക്ക് പോയ എന്നെ രണ്ടാമതായി നിന്നയാൾ വരിയിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. വലിയ ലഹള തന്നെ നടന്നു. റെയിൽവേ പോലീസിനെ വിളിക്കാനും, എന്നെ തല്ലാനും ആരൊക്കെയോ വിളിച്ച് പറയുന്നുണ്ട്. പത്ത് നിമിഷത്തോളം ടിക്കറ്റ് വിതരണം തന്നെ തടസ്സപ്പെട്ടു. ഒടുവിൽ എന്നെ തള്ളിയിട്ട ആളുടെ പിറകിലായി നിന്ന പ്രായമായ സ്ത്രീ അവരുടെ മുന്നിലുള്ള ഇടം എനിക്ക് തരുകയായിരുന്നു…
‘ഹേയ്.. അതെങ്ങനെ ശരിയാകും… പറ്റില്ല… പറ്റില്ല… ‘
അങ്ങനെ പറഞ്ഞവരോടെല്ലാം ക്ഷമിക്കാൻ ആ സ്ത്രീ തന്നെ കൈകൂപ്പി പറഞ്ഞു. മംഗലാപുരത്തേക്ക് പോകാനുള്ള ട്രെയിനിൽ പോകേണ്ടതാണെന്നും, അതിപ്പോൾ എത്തുമെന്നും അവർ ചേർത്തു. അവരുടെ ധൃതി ആ കുഴിഞ്ഞ കണ്ണുകളിൽ വ്യക്തമായിരുന്നു.

ടിക്കറ്റ് വിതരണം തുടരട്ടേയെന്ന ആഗ്രഹമുള്ളത് കൊണ്ട് എല്ലാവരും ക്ഷമിച്ചു. അൽപ്പം വിയർത്തെങ്കിലും നൂറോളം ആൾക്കാർ നിൽക്കുന്ന വരിയുടെ മുൻപന്തിയിൽ തന്നെ ഇടം കിട്ടിയല്ലോയെന്ന സന്തോഷത്തോടെ ഞാനൊന്ന് ദീർഘമായി നിശ്വസിക്കുകയായിരുന്നു.
‘യാത്രക്കാർ ദയവായി ശ്രദ്ധിക്കുക. ട്രെയിൻ നമ്പർ നൂറ്റിയറുപത്തിയാറ് പൂജ്യം മൂന്ന്, തിരുവനന്തപുരത്തിൽ നിന്നും ആലപ്പുഴ, ഷൊർണ്ണൂർ വഴി മംഗലാപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ്സ്‌ ആലുവ സ്റ്റേഷൻ, മൂന്നാമത്തെ ഫ്ലാറ്റ്ഫോമിൽ നിൽക്കുന്നു…’
ധൃതിയിൽ ടിക്കറ്റ് വാങ്ങി ആറാമത്തെ ഫ്ലാറ്റ്ഫോമിലേക്ക് ലക്ഷ്യം വെച്ചു. വരിയിൽ നിന്ന് വിട്ട് പലരും എനിക്ക് മുമ്പേ അങ്ങോട്ടേക്ക് ഓടാൻ തുടങ്ങിയിരുന്നു. പോകേണ്ട ട്രെയിൻ നിർത്തിയ ഫ്ലാറ്റ്ഫോമിലേക്കുള്ള പടികൾ ഇറങ്ങുമ്പോഴേക്കും താൻ മംഗലാപുരത്തേക്ക് പോകുകയാണെന്ന അർത്ഥത്തിൽ വണ്ടി ചൂളമടിച്ചു. ഏസി കമ്പാർട്മെന്റും, സ്ലീപ്പർ കോച്ചുകളും അരികിലൂടെ ചലിക്കുകയാണ്…

അൽപ്പം ധൃതിയോടെ ആണെങ്കിലും പിറകിലെ ജനറലിൽ തന്നെ എനിക്ക് കയറാൻ സാധിച്ചു. ഡോറിൽ പിടിച്ച് തിരിഞ്ഞ് നിന്നപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത്. ഒരു സ്ത്രീ ട്രെയിനിന് പുറകിലൂടെ ഓടുകയാണ്. ടിക്കറ്റ് കൗണ്ടറിൽ നിന്നുണ്ടായ പ്രശ്നത്തിൽ എനിക്ക് ഇടം തന്ന അതേ സ്ത്രീയായിരുന്നുവത്.
വണ്ടിയുടെ വേഗത കൂടി. എത്ര വേഗതയിൽ ഓടിയാലും ആ സ്ത്രീക്ക് അകത്തേക്ക് പ്രവേശിക്കാൻ സാധിക്കില്ല. ഫ്ലാറ്റ്ഫോമിൽ നിൽക്കുന്ന പലരും അവരോട് വേണ്ടായെന്ന് പറയുന്നുണ്ട്. രണ്ട് റെയിൽവേ പോലീസുകാർ തടയാനെന്നോണം പിന്തുടരുന്നുമുണ്ട്. അതൊന്നും കേൾക്കാതെ കുഴഞ്ഞ് വീഴുന്നത് വരെ ആ സ്ത്രീ ഓടുകയായിരുന്നു. ആ നേരം അവരുടെ കൈയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചി പാളത്തിലേക്ക് വീഴുന്ന ആ കാഴ്ച്ച ഇന്നും കണ്ണുകളിലുണ്ട്.

ജീവിതത്തിൽ ആദ്യമായി തലയിലേക്ക് കുറ്റബോധം പ്രവേശിച്ച നിമിഷമായിരുന്നുവത്. പരസ്പരം മത്സരിക്കാനുള്ളതാണ് ലോകമെന്ന് കരുതി പായുന്നവരുടെ മുഖമാണ് എനിക്കെന്ന് തോന്നിപ്പോകുന്നു. അങ്ങനെ ഓടുമ്പോൾ തട്ടിയവരിൽ ആരെല്ലാം വീഴുന്നുണ്ടെന്നോ, വീണവരിൽ ആരൊക്കെ ജീവിച്ചിരിപ്പുണ്ടെന്നോ, എന്നൊന്നും ആരും അന്വേഷിക്കാറില്ല.
വ്യക്തമാണ്. എവിടെയും, തന്റെ ആവിശ്യങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്ത് ഉന്തിത്തള്ളി കയറുന്നവരുടെ പ്രതിനിധിയായിരുന്നു ഞാൻ. സാധാരണക്കാർക്ക് തട്ടി വീഴാൻ ധാരാളമെന്ന പോലേയൊരു തടസ്സമായിട്ടാണ് ഞാൻ നിലനിൽക്കുന്നത്. അങ്ങനെ തോന്നിയപ്പോൾ, യാതൊരു സമതാളവും ഇല്ലാത്ത മുശടനാണ് ഞാനെന്ന ബീരാൻഭായിയുടെ ശബ്ദം കാതുകളിലേക്ക് പ്രവേശിക്കുകയായിരുന്നു…!!!

ശ്രീജിത്ത് ഇരവിൽ

By ivayana