രചന : സുനി ഷാജി ✍️
തമ്പുരാൻ
“എനിക്കീ…കല്യാണത്തിന് സമ്മതമല്ല…”
കുടുംബ സദസ്സിൽവച്ചുള്ള, ഗായത്രിയുടെ അറുത്തുമുറിച്ചുള്ള മറുപടി… എല്ലാവരും ഒരു ഞെട്ടലോടെയാണ് കേട്ടത്.
ഒന്നാമത്… കാരണവന്മാരുടെ മുമ്പില്, തറവാട്ടിലെ പെൺകുട്ടികൾ ശബ്ദമുയർത്തി സംസാരിക്കാറില്ല.
രണ്ടാമത്…
ആരും കൊതിക്കുന്ന സൗന്ദര്യവും, സ്വഭാവ മഹിമയുമുള്ള… പോരാത്തതിന്, റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായ
കോയിക്കൽ തറവാട്ടിലെ വിശ്വനാഥൻ തമ്പുരാന്റെ ആലോചന നിരസിച്ചതിലുള്ള അമ്പരപ്പും…!!!
ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന ഗായത്രി, വിഷുവിന്റെ അവധിക്ക് എത്തിയതാണ് തറവാട്ടിൽ.
പടികടന്നെത്തിയ ഐശ്വര്യദേവതയായിട്ടാണ് ആ കല്യാണാലോചനയെ എല്ലാവരും കണ്ടത്.
“അതെന്താ… നിനക്ക് മറ്റാരെങ്കിലുമായി പ്രണയമുണ്ടോ…???”
ദേഷ്യം കലർന്നിരുന്നു ചെറിയമ്മാവന്റെ ആ ചോദ്യത്തിൽ.
“ഇല്ലാ… എനിക്ക് ആരുമായും പ്രണയമില്ല…
എനിക്കിപ്പൊ കല്യാണം വേണ്ട അത്രതന്നെ…”
ഇത്തിരി ധാഷ്ട്യം കലർന്നിരുന്നു, ആ സ്വരത്തിൽ… അതുകൊണ്ടുതന്നെ അതുവരെ മിണ്ടാതിരുന്ന അവളുടെ അമ്മ പറഞ്ഞു.
“ഈ തറവാട്ടിലെ പെൺകുട്ടികളെല്ലാം ഇരുപതു വയസാകുമ്പോഴേത്തേക്കു വിവാഹം കഴിപ്പിച്ച് അയക്കാറാണ് പതിവ്… നിന്റെ പഠനം മുടങ്ങാതിരിക്കാനാണ് ഇത്രനാളും ഞങ്ങൾ ക്ഷമിച്ചത്…വയസ്സ് ഇരുപത്തിയഞ്ച് ആകാൻ പോകുന്നു… എന്താ… നിന്റെ ഭാവം…!!!??? “
ഉത്തരം തറവാട്ട് കാരണവരായ വലിയമ്മാവന്റെ ആജ്ഞ ആയിരുന്നു…!
“ഇനി, ആരും… ഒന്നും പറയേണ്ട. ഗായത്രിയുടെ മനസ്സിൽ മറ്റാരും ഇല്ലാത്ത സ്ഥിതിക്ക് ഈ കല്യാണം എത്രയും പെട്ടെന്ന് നടന്നിരിക്കും. !!!”
ഗായത്രിയുടെ മുഖത്തേക്ക് നോക്കി കൊണ്ടായിരുന്നു അദ്ദേഹം ബാക്കി പറഞ്ഞത്…
“നീ… വിവാഹജീവിതത്തിനായ് മാനസികമായി തയ്യാറെടുത്തു കൊള്ളുക, ബാക്കിയൊക്കെ ഞങ്ങൾ തീരുമാനിക്കും.”
‘തിരുവായ്ക്ക് എതിർവായ’ ഇല്ല..!
അതാണ് തറവാട്ടിലെ ശീലം.എല്ലാവരും അവരവരുടെ മുറികളിലേയ്ക്ക് മടങ്ങി.
തന്റെ മുറിയിൽ… ഉറക്കം വരാതെ, വെരുകിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടപ്പാണ് ഗായത്രി.
എങ്ങനെ ഈ പ്രശ്നം കൈകാര്യം ചെയ്യണം എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.
തന്റെ മനസ്സിലുള്ളത് ആരും അറിയുകയും ചെയ്യരുത്, ഈ കല്യാണം മുടങ്ങുകയും വേണം…
അവസാനം…
അവളാ തീരുമാനം എടുത്തു.
വിശ്വനാഥനോട് നേരിട്ട് സംസാരിച്ചു, ഇതിൽ നിന്നും പിന്മാറാൻ പറയുക.
അങ്ങനെ…
പിറ്റേന്ന്, അനിയൻ ഹരിയുടെ സഹായത്തോടെ വിശ്വനാഥന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിച്ചപ്പോൾ, അദ്ദേഹം ജോലി തിരക്കിലാണെന്നും വിഷുവിന്റെയന്ന് ക്ഷേത്രത്തിൽ തൊഴാൻ, എത്തുമ്പോൾ കാണാമെന്നും ഉറപ്പുകൊടുത്തു.
വിഷുവിന്റെ തലേന്ന് സമാധാനത്തോടെ കിടന്നുറങ്ങാൻ ഗായത്രി എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല.
ബഹറിനിൽ ജനിച്ചുവളർന്ന ഗായത്രിയും, ഹരിയും അച്ഛന്റ ആകസ്മികമായ വേർപാട് മൂലം, അമ്മയ്ക്കൊപ്പം തറവാട്ടിൽ താമസമാക്കിയിട്ട്, അഞ്ചാറു വർഷമേ ആയിട്ടുള്ളൂ…
അതിനിടയിൽ ഇടയ്ക്ക് നാലഞ്ചു പ്രാവശ്യം വിശ്വനാഥനെ അവൾ കണ്ടിട്ടുണ്ട്, ക്ഷേത്രത്തിൽ വച്ച്.
ക്ഷേത്രത്തിന്റെ ഉത്സവത്തിന്,
ഏഴാം ദിവസം… ആറാട്ട് കഴിഞ്ഞെത്തുന്ന ദേവനെ പുനഃപ്രതിഷ്ഠിക്കുന്ന ചടങ്ങ് കോയിയ്ക്കൽ തറവാടിന്റ അവകാശമാണ്… കാരണം, മുൻപ് അത് അവരുടെ
കുടുംബക്ഷേത്രമായിരുന്നു.
വലിയതമ്പുരാന്റെ ദേഹവിയോഗത്തെതുടർന്ന്, ആ സ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷമായി വിശ്വനാഥനാണ് നിൽക്കുന്നത്.
ആചാര മഹിമയോടെ… തന്ത്രികൾക്കൊപ്പം അദ്ദേഹത്തെ കാണുമ്പോൾ… കണ്ണെടുക്കാതെ നോക്കി നിന്നിട്ടുമുണ്ട്. പക്ഷേ……ഈ കല്യാണം നടക്കാൻ പാടില്ല…ചിന്തകൽക്കൊടുവില് എപ്പോഴോ അവൾ മയങ്ങിപ്പോയി.
വിഷുവിന്…പുലർച്ചെ കുളിച്ചൊരുങ്ങി ക്ഷേത്രത്തിലേക്ക് തൊഴാനായി അവൾ എത്തിയെങ്കിലും.. തമ്പുരാൻ എത്തുമെന്ന് പറഞ്ഞ സമയംകഴിഞ്ഞിട്ടും, അദ്ദേഹം എത്തിയില്ല.
ഏറെ സമയം കഴിഞ്ഞതിനാൽ അവൾ മടങ്ങാൻ തീരുമാനിച്ചു.
ഉത്കണ്ഠ നിറഞ്ഞ മിഴികളുമായി ഒരിക്കൽക്കൂടി അവൾ പരതി…
തിരിഞ്ഞു നടക്കുന്നതിനിടയിൽ കൽവിളക്കിന് മുൻപിൽ തൊഴുതു തിരിഞ്ഞതും…
‘വിശ്വനാഥൻ….’
മുമ്പില്
ഒപ്പം നടന്ന്, ആൽത്തറക്ക് അടുത്തെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു…
“ഞാനും… ഗായത്രിയെ ഒന്ന് കാണാൻ ഇരിക്കുകയായിരുന്നു…”
അവൾ ഒന്ന് ഞെട്ടിത്തിരിഞ്ഞു നോക്കികൊണ്ട് ചോദിച്ചു…
“എന്തിന്…??? “
“അതൊക്കെ പറയാം…ഇപ്പോൾ ആദ്യം, ഗായത്രി പറയൂ…എന്തിനാണ്… എന്നെ കാണണമെന്ന് പറഞ്ഞത്..? “
“അത്…തമ്പുരാനെ എനിക്കീ വിവാഹത്തിന് സമ്മതമല്ല…തമ്പുരാൻ ഇതിൽ നിന്നും പിന്മാറണം.”വളച്ചുകെട്ടില്ലാതെ
അവൾ കാര്യം വെട്ടിത്തുറന്നങ്ങ് പറഞ്ഞു.
“ഇക്കാരണത്താൽ, തന്നെയാണ് ഞാനും തന്നെ കാണാൻ ഇരുന്നത്…
തന്റെ വലിയമ്മാവൻ എന്നെ വിളിച്ചിരുന്നു… തനിക്ക്, വിവാഹത്തിനു സമ്മതം അല്ലെന്നും ഞാൻ തന്നോട് ഒന്നു നേരിട്ട് സംസാരിക്കണമെന്നും പറഞ്ഞ്…”
വിശ്വാസം വരാതെ… അവൾ ആ മുഖത്തേക്ക് നോക്കി.
“സാധാരണ… പെൺകുട്ടികൾ വിവാഹം വേണ്ടായെന്ന് പറയുന്നത്,
മനസ്സിൽ മറ്റൊരു പ്രണയം ഉള്ളപ്പോഴാണ്.
അതിപ്പോൾ, വീട്ടുകാരോട് തുറന്നു പറയാൻ ആവാത്ത ഒരു അന്യമതസ്ഥനുമായിട്ടാണെങ്കിൽ പോലും…താൻ ധൈര്യമായി എന്നോട് തുറന്നു പറഞ്ഞോളൂ… ഞാൻ ഉണ്ടാവും മുമ്പിൽ നിന്ന് അത് നടത്തിത്തരാൻ.”
അപ്പോൾ, ആ മുഖത്ത് വിരിഞ്ഞ മനോഹരമായ പുഞ്ചിരി ആത്മാർത്ഥതയുടെതായിരുന്നു.
ഗായത്രിയാവട്ടെ, അദ്ദേഹത്തോട് എങ്ങനെ മനസ്സ് തുറക്കുമെന്ന ആശങ്കയിലായിരുന്നതിനാൽ തിരിച്ചൊരു പുഞ്ചിരി കൊടുക്കാൻ അവൾക്കായില്ല…ആ മുഖം വലിഞ്ഞുമുറുകിയിരുന്നു.
അവസാനം… ധൈര്യം സംഭരിച്ച് അവൾ ആ സത്യം വെളിപ്പെടുത്തി.
“തമ്പുരാൻ…. ഞാനിത് ആഗ്രഹിച്ചു തിരഞ്ഞെടുത്ത ഫീൽഡാണ്.
വളരെ ചെറുപ്പം മുതൽ തന്നെ മനസ്സിൽ രൂപംകൊണ്ടയൊരു ആഗ്രഹമായിരുന്നു അത്.
എന്റെ ആഗ്രഹത്തിന് കൂടെ പഠിച്ച നാലഞ്ചു കൂട്ടുകാരുടെ സപ്പോർട്ട് കൂടി ആയപ്പോൾ ഞാൻ ആ തീരുമാനത്തിൽ ഉറച്ചു നില്ക്കാൻ തീരുമാനിച്ചു.
‘വിവാഹ ജീവിതം’ മാറ്റിവച്ചുകൊണ്ട്… പൂർണ്ണമായും സേവനത്തിന്റെ പാത തെരഞ്ഞെടുക്കാൻ…”
“രണ്ടുമാസത്തിനുള്ളിൽ ഞാൻ ഈ രാജ്യം വിടും.വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ ഭാഗമായ റെഡ് ക്രോസ്സ് ഡോക്ടർസ് ടീമിൽ ഞാൻ ജോയിൻ ചെയ്തു കഴിഞ്ഞു.”
തമ്പുരാൻ വീണ്ടും ഒന്നു പുഞ്ചിരിച്ചു…
“ഓ…അപ്പോൾ അതാണ് കാര്യമല്ലേ…ഞാൻ തന്നെ വെറുതെ തെറ്റിദ്ധരിച്ചു…
തന്റെയീ നല്ല മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു…
പക്ഷെ…!!! ജനസേവനത്തിനായ് ഈ രാജ്യം വിടുന്നത്തിനോട് യോജിപ്പില്ല.
തന്റെ സേവനം വേണ്ടത് ഈ രാജ്യത്തെ ജനങ്ങൾക്കാണ്…. ഈ നാട്ടിലെ ജനങ്ങൾക്കാണ്…
ഇവിടെ നമ്മുടെ, അടുത്തുതന്നെയുള്ള പാവങ്ങളെ…
പണം ഇല്ലാത്തവരെ…. ചികിത്സിക്കാൻ കഴിവില്ലാത്തവരെ.. ആഹാരത്തിനു വകയില്ലാത്തവരെ…ഒക്കെ താൻ കാണുന്നില്ലേ…ആദ്യം അവരെ സേവിക്ക് എന്നിട്ട് മതി വിദേശത്തുള്ളവരെ സഹായിക്കാൻ പോവുന്നത്….. “
“ഞാൻ കാണുന്നുണ്ട് എല്ലാം… പക്ഷെ, ഇവിടെ നിന്നുകൊണ്ട് ചെയ്യാൻ പറ്റുന്നതിന് എനിക്ക് ഒരു പരിധിയുണ്ട് തമ്പുരാനേ…
സർവോപരി വീട്ടുകാരുടെ അല്ലെങ്കിൽ എന്റെ ഭർത്താവ് ആകാൻ പോകുന്ന ആളുടെ പിന്തുണ എനിക്ക് കിട്ടില്ലല്ലോ…അതാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. “
“ഗായത്രി….എനിക്ക് അതിന് ആവുമെങ്കിലോ….
എന്റെ ഇന്നത്തെ നിലയും പിടിപാടും വെച്ച് തനിക്കായി ഒരു ഹോസ്പിറ്റൽ ഇവിടെ തുടങ്ങാൻ എനിക്കാവും… വേണമെങ്കിൽ ഗവൺമെന്റ് സഹായത്തോടെ നമുക്കത് ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആക്കാനും സാധിക്കും. അവിടെ പാവങ്ങളെ മാത്രമല്ല…എല്ലാ തട്ടിലുമുള്ള മനുഷ്യരെയും ചികിത്സിക്കണം. പണമുള്ളവർക്ക് മിതമായ ഫീസ് ഈടാക്കി കൊണ്ടും, പാവങ്ങളെ സൗജന്യമായും…അങ്ങനെ ഈ സമൂഹത്തെയാണ് താൻ സേവിക്കേണ്ടത് . അതിനു ഞാൻ ഉണ്ടാവും തന്റെ കൂടെ.”
അന്തംവിട്ട് ആ മുഖത്തേയ്ക്ക് നോക്കി നിന്ന അവളോട് അദ്ദേഹം പറഞ്ഞു…
“തനിക്ക് ഇതൊന്നും വിശ്വാസം വരുന്നില്ല, അല്ലേ…???
തന്റെയീ മുഖം മാത്രമല്ലടോ, ഈ മനസ്സും എനിക്ക് ഒരുപാട് ഇഷ്ടമായി… താൻ പേടിക്കണ്ട… ഹോസ്പിറ്റലിന്റെ ഉദ്ഘാടനം കഴിഞ്ഞ്, താക്കോല് തന്റെ കയ്യിൽ തന്നു കഴിഞ്ഞേ ഞാനീ കഴുത്തിൽ താലികെട്ടൂ…”
ശരിക്കും… ആ വിഷുദിനത്തിൽ ശ്രീകോവിലിൽ നിന്നും ദേവൻ ഇറങ്ങിവന്ന് തനിക്കൊരു സമ്മാനം തന്നതായിട്ടാണ് അവൾക്കപ്പോൾ തോന്നിയത്.
ആ സന്തോഷാധിക്യത്താൽ…തമ്പുരാനെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു ഉമ്മ കൊടുക്കണമെന്നും, തുള്ളിച്ചാടണമെന്നും അവൾക്കു തോന്നിയെങ്കിലും…. ക്ഷേത്രസന്നിധിയായതിനാൽ സ്വയം നിയന്ത്രിച്ചു…
“എന്നാൽ ശരി…താൻ ഇപ്പോൾ പൊയ്ക്കോളൂ, എത്രയും പെട്ടെന്ന് തന്നെ വേണ്ട പേപ്പറുകൾ ഒക്കെ ഞാൻ നീക്കി തുടങ്ങാം….”
ആ വാക്കുകൾ തന്ന ആശ്വാസത്താൽ, സന്തോഷത്തോടെ തിരിഞ്ഞു നടന്നു തുടങ്ങിയ ഗായത്രിയെ പുറകിൽ നിന്ന് തമ്പുരാൻ വിളിച്ചു…
“ഡോക്ടർ സാർ അവിടെ ഒന്ന് നിന്നേ…” എന്താണെന്നഭാവത്തിൽ അവൾ തിരിഞ്ഞു നോക്കിയപ്പോൾ….
“അത്….എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട് തന്നോട്… “
“തമ്പുരാന് എന്നോട് റിക്വസ്റ്റോ…!!? ആജ്ഞാപിച്ചാൽ മതി ഞാൻ അനുസരിച്ചു കൊള്ളാം…”
തന്റെ സ്വതസിദ്ധമായ സ്റ്റൈലിൽ മീശ മുകളിലേക്ക് മെല്ലെ തടവി, ഒരു കള്ളച്ചിരിയോടെ തമ്പുരാൻ പറഞ്ഞു.
“തന്നോട് സംസാരിച്ചതിൽ നിന്നും, തന്നെക്കുറിച്ച് ഒരു ഏകദേശരൂപം പിടി കിട്ടിയതുകൊണ്ട് പറയുകയാണ്….
കല്യാണത്തിന്റെയന്ന്, മുഹൂർത്ത സമയത്ത്… സ്ഥലത്ത് ഉണ്ടാവണം ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞു മുങ്ങരുത്.!”
.

