രചന : സിദ്ദിഖ് പാട്ട .✍
രാമൻ, അതിരാവിലെ എഴുന്നേറ്റ് കുളിച്ച് കുറി തൊട്ട് അഞ്ചു മണിയോടെ അങ്ങാടിയിൽ കുരിശുപള്ളിക്ക് മുമ്പിൽ ചായ കച്ചവടം നടത്തുന്ന മുഹമ്മദിന്റെ കടയിൽ വരും..
ചായ കുടിക്കാനൊന്നുമല്ല, ലോട്ടറി വിൽക്കാൻ..
രാവിലെ ജോലിക്ക് പോകുന്ന അതിഥി തൊഴിലാളികളായ തമിഴന്മാരും ഹിന്ദിക്കാരുമാണ് ലക്ഷ്യം..
ഏകദേശം അഞ്ചു മണിയോടുകൂടി തന്നെ അവരും ഓരോരുത്തരായി എത്തിത്തുടങ്ങും..
ആറുമണിയോട് കൂടി മറ്റ് രണ്ട് ലോട്ടറി കച്ചവടക്കാരും എത്തും, ഖാദറും വേലായുധേട്ടനും..
ഒരു ദിവസം 60 ടിക്കറ്റ് വേലായുധേട്ടനും,110 ടിക്കറ്റ് രാമനും, കാദർ ഇവിടെ ഒരു ഏജൻസിയിൽ നിന്ന് എടുക്കുന്നതുകൊണ്ട് ഒരു 25, 30 ടിക്കറ്റ് അവനും വിൽക്കാനായുണ്ടാകും..
വേലായുധേട്ടൻ മുഹമ്മദിന്റെ ചായക്കടയിൽ എത്തിയാൽ ഉടൻ തന്നെ രാമൻ, ഏതൊരു കച്ചവടക്കാരനുമെന്ന പോലെ അവന്റെ സ്ഥിരം കസ്റ്റമറെയൊക്കെ കണ്ട്, ടിക്കറ്റ് വേണ്ടവർക്ക് ടിക്കറ്റ് കൊടുത്ത്, അവിടുത്തെ കച്ചവടം നിർത്തി, എന്റെ അടുത്ത്, എന്റെ കടയിൽ വരും..
ഞാനും നാലേ മുക്കാൽ അഞ്ച് മണിയോടുകൂടി കട തുറക്കും. എന്റെ കടയിലും രാവിലെ അതിഥി തൊഴിലാളികളുടെയും മറ്റും തിരക്കുണ്ടാവും..
കടയിലെത്തിയ ഉടൻ അവൻ പറയും,
“ഞമ്മക്കൊന്ന് പോരട്ടെ”..
അവന് പഞ്ചസാര പറ്റില്ല, ഷുഗറും അതുമായി ബന്ധപ്പെട്ട പലതരം രോഗങ്ങളുമുണ്ട്..
ഞാനൊരു കാലിക്കാപ്പി കൊടുക്കും..
ഞാൻ കാപ്പി എടുക്കുന്ന സമയവും അവൻ കുടിച്ചു കൊണ്ടിരിക്കുമ്പോഴും അവന്റെ കച്ചവടം നടക്കുന്നുണ്ടാകും..
ആറര ആറെമുക്കാൽ ആകുമ്പോഴേക്കും മുഹമ്മദിന്റെ ചായക്കടയിലും പരിസരത്തുമുള്ള തന്റെ കസ്റ്റമറെയോക്കെ കണ്ട്, ടിക്കറ്റ് വേണ്ടവർക്ക് ടിക്കറ്റ് കൊടുത്ത് വേലായുധേട്ടനും എന്റെ അടുത്തേക്ക് വരും..
അദ്ദേഹവും കുടിക്കും ഒരു കാപ്പി..
രാമനും വേലായുധേട്ടനും പരസ്പരം കുശലം പറഞ്ഞും സ്നേഹാന്വേഷണം നടത്തിയും രാമൻ പള്ളി താഴെയുള്ള ചായക്കടയിലേക്ക് പോകും. അവിടെയും രാവിലെ ജോലിക്ക് പോകുന്നവരുടെ തിരക്കുണ്ടാവും..
ഒരേ സമയം രണ്ടുപേരും ഒരിടത്ത് കച്ചവടം ചെയ്താൽ ശരിയാവില്ല എന്ന അവരുടെ ആരോഗ്യകരമായ ഒരു തീരുമാനത്തിനാലാണത്..
എല്ലാദിവസവും ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. അതിന്റെ മുമ്പ് ടിക്കറ്റ് വിറ്റ് തീർക്കണം. മൂന്നുമണിക്ക് ശേഷം അടുത്ത ദിവസം നറുക്കെടുക്കുന്ന ടിക്കറ്റുമായി അവർ വീണ്ടും കച്ചവടം തുടങ്ങും…
ഖാദർ ഒരു ചൂടനാണ്. ടിക്കറ്റ് എടുത്തില്ലെങ്കിൽ തമിഴന്മാരോടും ബംഗാളികളോടുമൊക്കെ ചൂടാവും. ആള് ഒരു ശുദ്ധ പാവമാണ്. ബുദ്ധിമുട്ടും ദാരിദ്ര്യവും തന്നെ കാരണം..
എന്റെ കടയിലുള്ള കച്ചവടം കൂടിയാകുമ്പോൾ വേലായുധേട്ടന്റെ ടിക്കറ്റ് തീർന്നിരിക്കും. 60 ടിക്കറ്റ് വിറ്റാൽ 300 രൂപ കിട്ടും. ഇനി മൂന്നു മണിക്ക് പോയിട്ട് വേണം അടുത്ത ദിവസം വിൽക്കാനുള്ള ടിക്കറ്റെടുക്കാൻ..
കൂലി തൊഴിലാളിയായിരുന്ന വേലായുധേട്ടൻ , ജോലിയെടുത്ത് കുടുംബം പോറ്റി, മക്കളെയൊക്കെ നോക്കി വലുതാക്കി, വയസ്സായി, ജോലിയെടുക്കാൻ കഴിയാത്തതുകൊണ്ട് മറ്റുള്ളവരെ ( മക്കളെ) ആശ്രയിക്കാതെ തന്റെയും തന്റെ ഭാര്യയുടെയും ചെലവിനും മറ്റവശ്യങ്ങൾക്കും വേണ്ടിയാണ് ലോട്ടറി കച്ചവടം ചെയ്യുന്നത്..
ഏഴര എട്ടുമണിയോടുകൂടി ജോലിക്കാരെല്ലാം ജോലിക്ക് പോകും. ഇന്ന് ജോലി ഉണ്ടാകുമോ ആരെങ്കിലും വന്ന് ജോലിക്ക് വിളിക്കുമോ എന്നൊക്കെ കരുതിയിരുന്നവർ ഇല്ല എന്നു മനസ്സിലാക്കി സ്വന്തം വീടുകളിലേക്ക് മടങ്ങി പോകും..
അങ്ങാടി ശാന്തമായി തുടങ്ങും..
രാമൻ പള്ളി താഴെയെല്ലാം ചുറ്റിക്കറങ്ങി കച്ചവടം ചെയ്ത് വീണ്ടും എന്റെ അടുത്തെത്തും..
തലേ ദിവസം മൂന്നുമണിക്ക് ശേഷം കച്ചവടം ചെയ്ത പൈസയും രാവിലെ കച്ചവടം ചെയ്ത പൈസയും ചേർത്ത് എനിക്ക് തരുന്നത് അപ്പോഴാണ്..
ആയിരമോ 1500 ഓ അവന്റെ അടുത്ത് ഉള്ളത് എത്രയാണോ അത് എനിക്ക് തരും..
രാവിലെ 10 മണിക്ക് വരുന്ന മിൽമയുടെ പാലിനും പാലുൽപന്നങ്ങൾക്കും കൊടുക്കുന്ന കാശില്‍ ഭൂരിഭാഗം ദിവസങ്ങളിലും രാമന്റെ പൈസയും ഉണ്ടാകും..
100 തവണയോ 200 തവണയോ 300 തവണയോ അല്ലെങ്കിൽ അതിൽ കൂടുതലോ തവണ ഞാൻ രാമനോട് കാശ് വാങ്ങിയിട്ടുണ്ട്..
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പായി തിരിച്ച് കൊടുത്താൽ മതി..
അവനോടുള്ള എന്റെ കടപ്പാട് എങ്ങനെ തീർക്കും എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്..
ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്ന ഞാൻ കച്ചവടം ചെയ്ത് കിട്ടുന്ന പൈസകൊണ്ട് ഓരോരോ കടങ്ങൾ വീട്ടുന്നതുകൊണ്ട് ഒരു 2000മോ 3000മോ ദിവസവും ആരോടെങ്കിലും തിരുമറി ചെയ്യണം..
ആദ്യത്തിലൊക്കെ ഞാൻ കടം ചോദിച്ചിരുന്നുവെങ്കിലും പിന്നീട് പിന്നീട് ഞാൻ ചോദിക്കാതെ തന്നെ അവന്റെ കയ്യിലുള്ള കാശ് അവൻ എനിക്ക് തരും..
പ്രത്യുപകാരം എന്ന നിലയിൽ അവൻ കുടിക്കുന്ന കാപ്പിയുടെ കാശ് (അങ്ങിനെ പലതും) വേണ്ട എന്ന് ഞാൻ പല ആവർത്തി പറഞ്ഞിരുണുവെങ്കിലും ഒരിക്കൽ പോലും കാശ് തരാതെ അവൻ കാപ്പി കുടിച്ചിരുന്നില്ല..
പിന്നീടുള്ള അവന്റെ കച്ചവടം ബീവറേജ് ഔട്ട്ലെറ്റിന്റെ പരിസരത്താണ്..
അത് തുറക്കണമെങ്കിൽ പത്ത് മണിയാകും..
എന്നോട് സംസാരിക്കാനും എന്റെ സംസാരം കേൾക്കാനും ഇഷ്ടപ്പെട്ടിരുന്നത് കൊണ്ട് ബീവറേജ് തുറക്കുന്നത് വരെ എന്റെ കടയിലും പരിസരത്തുമായി അവൻ ഉണ്ടാകും..
മുട്ടിപ്പണിക്കും (മരം) കരിങ്കല്ലിന്റെ പണിക്കും ഒക്കെ പോയിരുന്ന രാമന് എഴുത്തും വായനയും അറിയില്ല..
കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ് എന്ന് ചോദിച്ചാൽ ചിലപ്പോൾ അവൻ പറയും പിണറായി വിജയൻ എന്ന്, ഒന്നും കൂടെ കനപ്പിച്ച് ചോദിച്ചാൽ അല്ല, അച്യുതാനന്ദൻ ആണ് അല്ലേ? എന്നായിരിക്കും പറയുക..
അച്യുതാനന്ദൻ മരിച്ചതൊന്നും ആ പാവത്തിന് ഓർമ്മയുണ്ടാകില്ല..
ചെറുപ്പം മുതലേ മദ്യപിക്കുമായിരുന്നു..
നാവില് മദ്യം ആയോ, പിന്നെ എവിടെയെങ്കിലും ഫ്ലാറ്റാവുന്നത് വരെ അല്ലെങ്കിൽ ഉറങ്ങുന്നത് വരെ അവൻ മദ്യം കഴിച്ചിരുന്നു..
ജോലിയും കൂലിയുമൊക്കെ ഉണ്ടെങ്കിലും ദാരിദ്ര്യം കൂടപ്പിറപ്പായിരുന്നു..
കല്യാണം കഴിഞ്ഞു. കുട്ടികളായി. അവര് വലുതായി. അവർക്ക് കല്യാണ പ്രായമായി. എന്നിട്ടും അവന്റെ മദ്യപാനത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല..
ഈയടുത്ത ദിവസം എന്തോ അസുഖത്തിനെ പറ്റി പറഞ്ഞതിന്റെ കൂട്ടത്തിൽ, അവന്റെ ഭാര്യയുടെ അസുഖത്തെ പറ്റി പറഞ്ഞു..
ഗർഭപാത്രത്തിൽ മുഴകൾ ഉണ്ടാകുകയും അതു വളർന്ന് ഗുരുതരാവസ്ഥയിൽ എത്തുകയും ഒരു സ്വകാര്യ ആശുപത്രിയിൽ കാണിക്കുകയും അവിടെനിന്ന് സീരിയസാണ് എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ഓപ്പറേഷൻ ചെയ്യണം എന്ന് പറയുകയും മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ഓപ്പറേഷൻ ചെയ്ത് സുഖപ്പെടുകയും ചെയ്തു..
ഇതിലെ തമാശ എന്താ എന്നുവച്ചാൽ, മാസങ്ങളോ വർഷങ്ങളോ മുമ്പ് തുടങ്ങിയ അവന്റെ ഭാര്യയുടെ അസുഖം, തുടർച്ചയായി ഉള്ള ബ്ലീഡിങ്ങും വേദനയും സഹിച്ച്, ആ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലെത്തി തലകറങ്ങി വീണ് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ഓപ്പറേഷൻ ചെയ്ത്, നേഴ്സോ ഡോക്ടറോ ഓപ്പറേഷൻ ചെയ്തു മാറ്റിയ ശരീര ഭാഗങ്ങൾ, യൂട്രസും ഓവറിയും വലിയ ഒരു മുഴയും മുന്തിരിക്കുല പോലെയുള്ള ചെറിയ ചെറിയ മുഴകളും ഒരു ഭരണിയിലിട്ട് കാണിച്ചുകൊടുത്തപ്പോഴാണ്, അവൻ അവന്റെ ഭാര്യക്ക് ഇങ്ങനെയൊരു രോഗമുണ്ടായിരുന്നു എന്ന് അറിയുന്നത്..
അത്രയ്ക്ക് ദൃഢമായിരുന്നു അവരുടെ ദാമ്പത്യം?..
പെട്ടെന്നൊരു സ്ട്രോക്ക് വരുന്നു, ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോകുന്നു..
തളർന്ന ഭാഗങ്ങൾ പതുക്കെ പതുക്കെ ശരിയായികൊണ്ടിരിക്കുന്നു..
മറ്റ് ജോലികൾക്കൊന്നും പോകാൻ കഴിയാത്തത് കൊണ്ട് കഴിഞ്ഞ നാലഞ്ച് വർഷമായി ലോട്ടറി കച്ചവടം നടത്തുന്നു..
രാവിലെ എട്ടുമണി വരെ വിറ്റതിന്റെ ബാക്കി അൻപതോ അറുപതോ ടിക്കറ്റും കൊണ്ടാണ് ബ്രാണ്ടി ഷോപ്പിലും പരിസരത്തുമായി പിന്നീടുള്ള കച്ചവടം..
അഞ്ചും പത്തും പതിനഞ്ചുമൊക്കെ ടിക്കറ്റുകൾ ചില ദിവസങ്ങളിൽ വിൽക്കാൻ കഴിയാതെ ബാക്കിയാവും. പിന്നെ പ്രതീക്ഷ, ബാക്കിയുള്ള ടിക്കറ്റിൽ സമ്മാനം വല്ലതും ഉണ്ടാകുമോ എന്നാണ്..
നറുക്കെടുപ്പ് കഴിഞ്ഞ് ബാക്കിയായ ടിക്കറ്റിൽ പ്രൈസ് ഒന്നുമില്ലെങ്കിൽ, എന്നെ കാണുമ്പോൾ സങ്കടത്തോടെ പറയും “ഇന്ന് പണിക്കൂലിയുമില്ല, ഒരു ഒലക്കയും ഇല്ല”, എന്ന്..
തന്റെ നല്ല സമയത്ത് കള്ളുകുടിച്ചും കഞ്ചാവ് വലിച്ചും ലക്ഷ്യബോധമില്ലാതെ ജീവിതം നയിച്ചതും സ്ട്രോക്ക് വന്ന് ശരീരഭാഗം തളർന്നതും അതുമായുണ്ടായ പ്രശ്നങ്ങളും, നിരാശയോടും സങ്കടപ്പെട്ടും ഇടയ്ക്കിടയ്ക്ക് അവൻ എന്നോട് പറയാറുണ്ട്…
മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ,
“രാമാ, ഊർവ്വശി ശാപം അനുഗ്രഹമായി എന്നു പറഞ്ഞതുപോലെ, നിനക്ക് സ്ട്രോക്ക് വന്നതും അതുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളും അനുഗ്രഹമായിട്ടാണ് വന്നിരിക്കുന്നത്”..
“അങ്ങനെ സംഭവിച്ചിരുന്നില്ലെങ്കിൽ, നീ ഇപ്പോഴും കള്ളുകുടിയും കഞ്ചാവ് വലിയുമൊക്കെയായി നിന്റെ സന്തോഷത്തിനും ഇഷ്ടത്തിനും വേണ്ടി മാത്രം ജീവിച്ച്, ബന്ധുക്കളാലും സ്വന്തക്കാരാലും നാട്ടുകാരാലും വെറുക്കപ്പെട്ട് സ്വയം വെറുത്ത് നരകതുല്യമായി ജീവിച്ചു തീർക്കുമായിരുന്നു നിന്റെ ശിഷ്ട ജീവിതം”..
“ഇപ്പോൾ നീ എല്ലാ ദുശീലങ്ങളും ഒഴിവാക്കി, രാവിലെ കുളിച്ചൊരുങ്ങി കുറി തൊട്ട് ഐശ്വര്യത്തോടെ കച്ചവടത്തിന് ഇറങ്ങുന്നു. തിരിച്ചറിയാതെ പോയ നിന്റെ ഭാര്യയുടെയും മക്കളുടെയും സ്നേഹം, അവരുടെ കുഞ്ഞുകുഞ്ഞ് ആവശ്യങ്ങൾ എല്ലാം നീ മനസ്സിലാക്കിയിരിക്കുന്നു. ഉള്ള വരുമാനം കൊണ്ട് സന്തോഷത്തോടും സമാധാനത്തോടും, ഭാര്യയോടും മക്കളോടും ചിരിയും കളിയും തമാശയുമായി സ്വർഗ്ഗതുല്യമായ ജീവിതം നയിക്കുന്നു”..
“നീ ഇപ്പോൾ പഴയ രാമനിൽ നിന്നും ശ്രീരാമനായി മാറിയിരിക്കുന്നു”..
എന്റെ അത്യാദി വർത്തമാനം കേട്ട് സങ്കടവും നിരാശയും പമ്പകടന്ന് വളരെ ഊർജ്ജസ്സ്വലനായി അവൻ അവന്റെ അടുത്ത ഇരയെയും തേടി പോകും..

