രചന : സഫി അലി താഹ ✍
കഴുത്തിലേക്ക് ചുണ്ട് നീട്ടി കെട്ടിപ്പുണർന്നു നിൽക്കുന്നപോലെ രണ്ട് കുട്ടികൾ!!
അങ്ങോട്ട് നോക്കെടീ എന്ന് കൂടെയുള്ളവൾ പറഞ്ഞത് കേട്ടിട്ടാണ് ബസ്സ്റ്റോപ്പിന്റെ കാബിന്റെ മൂലയിലേക്ക് കണ്ണ് നീട്ടിയത്.പെൺകുട്ടി, ആൺകുട്ടിയുടെ ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊടുക്കുന്നുണ്ട്, കൈയിൽ മുറുകെ പിടിക്കുന്നുണ്ട്, രണ്ടാളും ഉമ്മ വെക്കുന്നുണ്ട്. ഞാനും കൂട്ടുകാരിയും അതുനോക്കി, ഞങ്ങൾ നോക്കുന്നത് കണ്ടിട്ടും അവർ മൈൻഡ് ആക്കിയില്ല എന്നത് വേറെ കാര്യം.അടുത്ത് നിൽക്കുന്ന മനുഷ്യരെയും അവർ നോക്കുന്നേയില്ല.
അപ്പോഴാണ് അടുത്ത കാബിന്റെ ഇടയിലേക്ക് അടുത്തുള്ള ഹൈ സ്കൂളിലെ യൂണിഫോം ധരിച്ച ഒരു പെൺകുട്ടിയും ആൺകുട്ടിയും കയറി പോയത്. ഞങ്ങൾ ഇരുന്നിടത്ത് നേരെ കാഴ്ചയെത്തുന്നില്ല, ഞാൻ പിന്നെയും കഴുത്ത് നീട്ടി നോക്കി…..അവിടെയും അത് തന്നെ അവസ്ഥ.
നമുക്ക് നോക്കാതിരുന്നാലോ,? ഞാൻ ചോദിച്ചു. നോക്കണം, അങ്ങനെങ്കിലും അവർ അത് നിർത്തി പോയാലോ എന്ന് കൂട്ടുകാരി പറഞ്ഞു.അവർ അത് തുടരുമ്പോൾ കുട്ടികളുടെ ഇപ്പോഴത്തെ രീതികളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു.
കുട്ടികളെ കുറച്ചൂടെ സ്ട്രിക്ട് ആയി വളർത്തണം എന്നാൽ കുറച്ച് സ്വാതന്ത്ര്യം കൊടുക്കുകയും വേണം, അവൾ പറഞ്ഞു.
മക്കളുടെ ആണും പെണ്ണുമായ സൗഹൃദങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായ അറിവുണ്ട്. അവരുടെ മൊബൈൽ നമ്പർ, വീട്ടുകാരുടെ നമ്പർ ഒക്കെയും ഞാൻ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. അവരുടെ വീടുകളിൽ വിസിറ്റ് ചെയ്യാറുണ്ട്.അതവർക്ക് വളരെ സന്തോഷം നൽകും.
ഈ അടുത്ത് മോൻ നാട്ടിൽ വന്നപ്പോൾ അവന്റെ സുഹൃത്തായ പെൺകുട്ടിയെ കാണുവാൻ ഞാനാണ് ടൗണിൽ കൊണ്ടുവിട്ടത്. കുറെ നേരം അവർ സംസാരിച്ചുകഴിഞ്ഞപ്പോൾ അവൾ വന്നെന്നോട് സംസാരിച്ചു,ഞാനൊരു ചോക്ലേറ്റ് വാങ്ങികൊടുത്തു, അവൾ തിരികെ പോയി…..ഞാൻ മറുപടി പറഞ്ഞു.
സംസാരിച്ചു കഴിഞ്ഞപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്, തൊട്ടടുത്ത് നിന്ന മറ്റൊരു പയ്യൻ ഈ രണ്ട് സെറ്റ് കുട്ടികളെയും മൊബൈലിൽ പകർത്തുന്നുണ്ട്. സ്വഭാവികമായ ഒരു ദേഷ്യം ഞങ്ങളിൽ ഇരച്ചുകയറി. ബസിൽനിന്നും ഇറങ്ങി പോയി പിടിച്ചുവാങ്ങി ചവിട്ടി പൊട്ടിച്ചാലോ എന്നൊക്കെയോർത്തു. പെൺകുട്ടികൾ ഇതൊന്നും അറിയാതെ ഏതോ ലഹരിയിൽ അവിടെ…..എന്നാൽ അവൻ വീഡിയോ പിടിക്കുന്നത് ബസിലിരിക്കുന്ന ഞങ്ങൾക്ക് കാണാൻ കഴിയും, ഇടയ്ക്കിടെ ആൺകുട്ടികൾ അവനെ നോക്കുന്നപോലെ….. അവരെങ്കിലും അറിഞ്ഞെങ്കിൽ!ഞാൻ ആഗ്രഹിച്ചു.
“ബസ് ഇപ്പോൾ പോകുമോ?. “
അവിടെനിന്നും മറ്റൊരു ബസ് ഇല്ലാത്ത ഞങ്ങൾ ധർമ്മസങ്കടത്തിലായി,കണ്ടക്ടർ പറഞ്ഞു “ഇതിലൊന്നും ഇടപെടേണ്ട, മുൻപൊക്കെ വല്ലാതെ സങ്കടവും ദേഷ്യവും വന്ന് ഇതിലൊക്കെ ഇടപെട്ടിരുന്നു. നമ്മൾ എന്തേലും പറഞ്ഞാൽ അവർ എന്താണ് വിളിച്ചു കൂവുന്നത് എന്നറിയില്ല. എല്ലാവരുടെ കയ്യിലും മൊബൈൽ ഉള്ളതിനാൽ നാട് ഒക്കെയും അതാകും അറിയുക. സത്യം ഇപ്പോൾ ആർക്ക് വേണം!! ആ ശബ്ദത്തിൽ ഞങ്ങൾക്ക് ആഴത്തിലുള്ള വേദന തിരിച്ചറിയാൻ കഴിഞ്ഞു.
“ഇതൊക്കെ ഇപ്പോൾ സർവ്വസാധാരണമായതുകൊണ്ട് ഞങ്ങളാരും ഇടപെടാറില്ല.ഞങ്ങൾ അമ്മാവൻ വൈബ്, ഫാദർ വൈബ് ഒക്കെയാകും, എന്തിനാ വെറുതെ “കിളിയും പറഞ്ഞു.
അപ്പോഴേക്കും പെൺകുട്ടികൾ മറ്റൊരു ബസിൽ കയറിപ്പോയി. താത്കാലികമായി പിരിയുന്നതിന്റെ സങ്കടം അവർക്കുണ്ടായിരുന്നു. ബസ് കടന്നുപോകുന്നത് വരെ അവർ ആ ആൺകുട്ടികളെ നോക്കുന്നുണ്ടായിരുന്നു, ശേഷം അവർ ഫോണെടുത്ത് സംസാരിച്ചുതുടങ്ങി, ആൺകുട്ടികളും.
അവർ ചെയ്യുന്നതിൽ ഉപദേശിക്കാൻ വീട്ടുകാർക്കുപോലും അവകാശമുണ്ടോ എന്ന് ചില കുട്ടികളെ വെച്ചുനോക്കുമ്പോൾ സംശയമാണ്,അപ്പോൾ നമ്മൾ ഉപദേശിക്കാൻ ചെന്നാലോ!!മറ്റവൻ വീഡിയോ എടുക്കുന്നതാണ് ഞങ്ങളെ കൂടുതൽ അസ്വസ്ഥരാക്കിയത്!!
ബസ് സ്റ്റേഷന്റെ ഗേറ്റ് കടന്നു,അപ്പോൾ ഇറങ്ങിപ്പോയ ബൈക്കിൽ ആർത്തുല്ലസിച്ചു പോകുന്ന ആ രണ്ടാൺകുട്ടികളുടെ പിറകിൽ വീഡിയോ എടുത്ത മൂന്നാമനെ കണ്ടപ്പോൾ ഞങ്ങളുടെ സങ്കടം ഞെട്ടലായി മാറി…..പെൺകുട്ടികൾ വരുന്നതിന് മുൻപേ അവർ പ്ലാൻ ചെയ്തിരുന്നതാണ് എന്ന തിരിച്ചറിവ് വല്ലാത്തതായിരുന്നു.
ആ വീഡിയോയ്ക്ക് ഇനി ഭീഷണിയുടെയും കണ്ണുനീരിന്റെയും പേടിയുടെയും ആധിയുടെയും അനുസരണയുടെയും തീച്ചിറകുകൾ മുളയ്ക്കും,അവരതിന്റെ ചൂടിൽ ഉരുകി വീഴാതിരിക്കട്ടെ.
