രചന : ബിന്ദു അരുവിപ്പുറം.✍
എന്നിലെയെന്നെ ഞാൻ തേടിയലയവേ
അക്ഷരപ്പൂമരച്ചോട്ടിലെത്തി.
ചിന്തകൾ ഭ്രാന്തമായ് പൂത്തുലഞ്ഞീടവേ
വാക്കുകൾ തേന്മഴയായ് ചൊരിഞ്ഞു.
കനകച്ചിലങ്കയണിഞ്ഞവൾ സുന്ദരി
ആനന്ദനർത്തനമാടി നിന്നു.
അനുരാഗമോടിങ്ങു നീന്തിത്തുടിച്ചു ഞാൻ
സ്വരരാഗഗംഗാപ്രവാഹമായി.
മായാപ്രപഞ്ചത്തിൻ മാസ്മരഭാവങ്ങൾ
മാറിൽ മയങ്ങിക്കുളിരുപ്പെയ്യേ
ചന്തം ചമയ്ക്കും കവിതക്കുറിച്ചു ഞാ-
നെല്ലാംമറന്നു ലയിച്ചിരിയ്ക്കും.
ഇടനെഞ്ചിനുള്ളിൽ തുളുമ്പുന്ന സ്നേഹമാ-
യെന്നിലെയെന്നിലലിഞ്ഞതല്ലേ!
മാനസമാകെ തുളുമ്പി നീ ശുദ്ധമാം
നീലാംബരിയായൊഴുകിടുന്നോ!
