രചന : സുരേഷ് S ബാബു ശബരിഗിരി ലക്ഷ്മി മഠം.✍
എറിയുവാനൊരു
കല്ലുണ്ട് കൈയ്യിൽ
ലക്ഷ്യമെന്റെ കണ്ണിൽ
തെളിയുന്നില്ല, കണ്ണി-
ലിരുട്ടു പടരുന്ന,രുമയാ –
കിളികൾ കൊക്കുരുമ്മുന്നു.
ആഞ്ഞുപിടിക്കുന്ന
ചൂണ്ടു വിരലിൽ നിന്നും
ഹൃദയത്തിലേയ്ക്കേറു –
കൊള്ളുവാനെത്ര ദൂരം
സ്നേഹ പരവശതയിൽ
ചിറകുകൾ പങ്കുവെയ്ക്കുന്ന
കിളികളിനിന്നാര് പിരിയു-
മമ്പുകൊണ്ടാരു പിടയും..
രക്തം കണ്ടാർത്തു ചിരിക്കാൻ
എന്നുള്ളിലെ കാട്ടാളൻ
ഉണർന്നുഴറുന്നു, ചിതൽ
പൂറ്റുകലടർന്നു വീഴാതെ
ഇന്നുമിരുട്ട് പടർന്ന
രാമായണങ്ങൾ വാ തുറക്കാതെ
എന്നുള്ളിലെരിയുന്നു.
ദശരധനും ഞാൻ തന്നെ
ശ്രീ രാമനും ഞാൻ തന്നെ
കാട്ടിലയച്ചതും ഞാൻ തന്നെ
കാട്ടിലലഞ്ഞതും ഞാൻ തന്നെ
വേട്ടുകൊണ്ട് വന്ന പെങ്കൊടിയെ
കാട്ടിലാനയിപ്പതും ഞാൻ തന്നെ
കലിയുഗ കണ്മഷം കരളിൽ
കലങ്ങവേ കരുണ വറ്റിയ ഭ്രാന്ത്
കണ്ണിലിന്നും രാവ് മായാത്ത
രാമായണങ്ങൾ ഇരുട്ടിൽ തനിയെ….
