fb ൽ ജെട്ടി മുതൽ സി.ബി ഐ വരെ അഴിഞ്ഞാടുന്ന സ്ഥിതിക്ക് ഇങ്ങോട്ടു കേറണ്ട എന്നു കരുതിയിരിക്കയായിരുന്നു. അപ്പോഴാണ് ഇറോട്ടിക് കവിത എന്ന പേരിൽ ആരുടെയോ ഒരു പെർവെർട്ടഡ് കവിത ഇൻബോക്സിലേയ്ക്ക് ധിമി ധിമിച്ച് വന്നത്. ഇതൊക്കെ അയയ്ക്കുന്നവരും കൊണ്ടാടുന്നവരും കരുതുന്നത് ഇറോട്ടിക് കവിത എന്നാൽ പുതിയൊരു ഴോണർ ഇറക്കുമതി ചെയ്തു എന്നാണ്. പൊന്നുമക്കളെ കവിത അപ്പാടെ ഇറോട്ടിക്ക് ആണ് . അത് എക്കാലത്തും അങ്ങനാണ്.
പതിനാലാം നൂറ്റാണ്ടിലെ ഒരു ഐറ്റം ഇതാ…
” ഉദയതി ശശിബിംബം കാന്തമന്തിച്ചുവപ്പിൽ
പരമപി രവി ബിംബം ചെന്റിതസ്തo പ്രയാതി
ഉഭയമിദമുരുമ്മിക്കൂടുകിൽ കുങ്കുമാർദ്രം
കുചയുഗമുപമിക്കാം നൂനമച്ചീ സുതായാ ” ചെറിയച്ചി – അജ്ഞാതൻ രചിച്ചത്.
ഇനീം
” പുൽകിക്കൊണ്ടാളുറക്കെ പുനരപി മണിവാ നൽകിനാൾ മെല്ലെ മെല്ലെ
കാമക്കൂത്തിന്നണഞ്ഞാൾ മദനപരവശാ
കാന്ത കൈമെയ് മറന്നാൾ
വീർത്താളൊട്ടേ വിയർത്താൾ വിവശ മരുതെടാ എന്നെ വീയെന്നിരന്നാൾ
എൻ നെഞ്ചിൽ പോന്നു വീണാ പുരികുഴലകമേ മാഴ്കിനാളുണ്ണി നങ്ക.”
ഉത്തമ മണിപ്രവാളത്തിന്റെ ഉദാഹരണമായി ലീലാതിലകത്തിൽ ചേർത്തിട്ടുള്ളതാണ്. ലീലാതിലകം തന്നെ ആരെഴുതി എന്നറിയില്ല. ഈ ശ്ലോകവും അതുപോലെ തന്നെ അജ്ഞാതന്റെയാണ്.
ഇതൊക്കെ പഠിക്കയും പഠിപ്പിക്കയും ചെയ്യുന്നവർക്ക് ഈ ധിമിധിമിക്കലൊക്കെ വെറും പെർവെർട്ടഡ് ഐറ്റംസ് ആണ് . ഇതിൽ ഒന്നാമത്തേ ഉദാഹരണത്തിൽ ധിമി ധിമിക്കാരൻ പറഞ്ഞ വലിപ്പവ്യത്യാസ നിരീക്ഷണം ഉണ്ട് . പക്ഷേ എത്ര സുന്ദരമായാണു അതു പറഞ്ഞു വെച്ചിരിക്കുന്നത്.
ഇനിയും ഒത്തിരി പുറകോട്ടു പോകുന്നത് എന്തിന്? വയലാറിന്റെ സിനിമ പാട്ടിന്റത്ര പോലും ഇറോട്ടിക്കാവാൻ നവകാല പെർവെർട്ടുകൾ പലജന്മം കടക്കണം. ഒരു ചെറിയ ഐറ്റം ഇതാ….
” ഇവിടെയോരോ ജീവതരംഗവും
ഇതളിട്ടുണരും രാവിൽ
നാണത്തിൽ മുങ്ങിയ കായലിൽ കവിളിൽ
നഖചിത്രമെഴുതും നിലാവിൽ
നീയും ഞാനും നമ്മുടെ പ്രേമവും
കൈമാറാത്ത വികാരമുണ്ടോ…
ഇവിടെ ഓരോ മാംസപുഷ്പവും
ഇണയെത്തേടും രാവിൽ
നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാൻ
ഉടയാട നെയ്യും നിലാവിൽ
നീയും ഞാനും നമ്മുടെ ദാഹവും
കൈമാറാത്ത രഹസ്യമുണ്ടോ…”
ഇതുപോലെ എത്രയെണ്ണം വേണം !
പഴയ പെർവെർട്ടുകൾ പോലും സൗന്ദര്യബോധം ഉള്ളവരായിരുന്നു. സാമാന്യബോധം വെടിഞ്ഞ ആ എഴുത്ത് കാലാകാലങ്ങളിൽ തെറി കേട്ടിട്ടുമുണ്ട്. അതിനും ഒരൊറ്റ ഉദാഹരണം മാത്രം തരാം
” സൗവർണ്ണ കിങ്ങിണി കിലുങ്ങെ കമിഴ്ന്നു വീണാ
ആരോമലമ്പൊടു ചിരിച്ചുചിരിച്ചകാണ്ഡേ
മേലിൽ തിരണ്ടു പുരുഷായിത സൂത്രധാരാ
ശ്രീമദ് പ്രവേശമിവ കോമളഗാത്ര വല്ലീ .”
കമിഴ്ന്നു കിടന്നു ചിരിക്കുന്ന ആറുമാസം പ്രായമായ കുഞ്ഞിനെ നോക്കി ഇമ്മാതിരി വിലയിരുത്തൽ നടത്തിയ അജ്ഞാതനായ അക്കവി എക്കാലവും തെറികളാൽ പൂജിതനാണു താനും.
ഇവിടെ ഞാൻ ഉദാഹരിച്ച ശ്ലോകങ്ങൾ എല്ലാം മണിപ്രവാളമാണ്. മണിപ്രവാള കൃതികൾ മതനിരപേക്ഷ രചനകളാണ്.നായികമാർ നാട്ടുകാരായ മനുഷ്യ സ്ത്രീകളാണ്. അതുകൊണ്ട് ധൈര്യമായി എടുത്തു വീശാം. ആരുടെയും വികാരം വ്രണപ്പെടില്ല.
മണിപ്രവാളത്തെ തെറിപറയാൻ ഉത്തരാധുനികരും അനന്തര തലമുറകളും മുൻപന്തിയിലുണ്ട്. എന്നാൽ കവനകലയിൽ അവരുടെ ഏഴയലത്ത് എത്താൻ ഇവർക്ക് ആവുന്നുമില്ല. ഈ പുതുകാല ജല്പനങ്ങൾ കവിതയുടെ അപഭ്രംശം പോലുമല്ല. വെറും പെർവെർഷൻ മാത്രം.

By ivayana