അമ്മയ്ക്കേറെ
അടുപ്പം
അടുക്കളയോടാണത്രെ,
കൂട്ടിവെച്ച മൂന്ന് മുഴക്കല്ലിൽ
ആണ് അമ്മയുടെ സുപ്രഭാതങ്ങൾ തുടങ്ങുന്നത്,
തിളച്ചു പൊന്തുന്ന
പാലരിക്കു ചട്ടിയിലാണ്
അമ്മ നാമകീർത്തനങ്ങൾ
ഉരുവിടുന്നത്,
പാതി തിളച്ച കഞ്ഞിക്കലത്തിലാണ്
അമ്മയിലെ
ആവലാതികൾ
വേവുന്നത്,
നിരത്തി വെച്ച വിഭവങ്ങളുടെ
എണ്ണത്തിലാണ്
അമ്മ സ്നേഹത്തിൻ്റെ
അനിർവചനീയ പദം വിളമ്പുന്നത്,
ഉപ്പുകല്ലു പാത്രം മുതൽ
ഊറ്റാൻ കല്ലു വരെ
അമ്മയുടെ വർത്തമാനത്തിൽ ചേരും,
കടുകു പാത്രം മുതൽ
മെഴുക്കുപുരട്ടി വരെ
അമ്മയുടെ വെപ്രാളത്തെ
ഭയക്കും,
മധുരമേറെയുള്ള പഞ്ചാരക്കും,
കൊത്തിയരിഞ്ഞ കയ്പക്കും
ഒരേ ഇടം കൊടുക്കുന്ന
അടുക്കളയിൽ
എരിവേറെയുള്ള അച്ചാറു കുപ്പിയും,
പുളിപ്പേറെയുള്ള മോരിൻ കലവും,
അമ്മ കൈയ്യില് ചാഞ്ചാടി
കൊണ്ടേയിരിക്കും,
അമ്മയുടെ സൊറ പറച്ചിലുകാരായി
സാമ്പാറും ,അവിയലും
നിരന്തരമെത്തും,
താമ്പൂലം മാറുന്ന പോലെ
അയലോക്കത്തേയ്ക്കും
അടുക്കള സ്വയം നടക്കും,
നീ ഉണ്ടോ,
വയറു നിറഞ്ഞോ,
ഇത്തിരി കൂടെ വിളമ്പട്ടെയെന്നു,
എന്നും അടുക്കള അശരീരികൾ
മുഴക്കും,
പ്രാതലും, ഉച്ചയൂണും, അത്താഴവും,
കഴിഞ്ഞ് ഇത്തിരി നേരം
അമ്മ ഉറങ്ങുമ്പോൾ
അടുക്കളയും ഉറങ്ങും,
അമ്മയില്ലാത്ത അടുക്കളയുള്ള
വീട്ടിലെ കുഞ്ഞിൻ്റെ
വിശപ്പ് മാറുന്നേയില്ല,
തെരുവിൽ ഉപേക്ഷിക്കുന്ന
കുഞ്ഞ്,
അമ്മയും,
അടുക്കളയും,
സ്വാദും
എന്തെന്നറിയാതെ പോവുന്നു,
അടുക്കളയിലൊരാണ് കേറുമ്പോൾ
അടുക്കള വല്ലാതെ കലപിലയാവും
എന്തെന്നാൽ
പെണ്ണിരിക്കേണ്ടിടത്ത് ഒരിക്കലും
ഒരാണും,
ആണിരിക്കേണ്ടയിടത്ത്
ഒരു പെണ്ണും
സ്ഥാനം മാറരുത്….
അടുക്കള കരയുംമ്പോലെ
അകത്തളങ്ങളും
കരയും ചിലപ്പോൾ..

പ്രസീദ.എം.എൻ ദേവു

By ivayana

Leave a Reply

Your email address will not be published. Required fields are marked *