തകർക്കുന്നതില്ലേയവനിയിൽപ്പലവിധം
നിറമറ്റയോർമ്മതൻ ജാലകങ്ങൾ സ്ഥിരം
ശക്തമല്ലായ്കിലും ചിതറുന്ന ചില്ലുകൾ;
വ്യർത്ഥമായ് മാറ്റുമാ, സൗരഭ്യമാനസം.

ചിത്താനുവർത്തനം സാധ്യമായെങ്കിലേ,
ഹൃത്തുണർന്നുദയമായ്പ്പകരൂ ശുഭസ്മിതം
ചിത്രപതംഗമായ് പാറുന്നൊരോർമ്മയായ്
നിത്യം തിളങ്ങിത്തെളിയട്ടെ നന്മകം.

കരുതൽച്ചിറകുമായെത്തുന്ന കരുണതൻ
കരതലങ്ങൾനീട്ടി നിൽക്കുന്നു വാനിടം;
ചിറകറ്റുപോയെത്രയാനന്ദ സുസ്മിതം;
നുകരാതെയാകുന്നുമതിരമ്യ ജീവിതം.

നിന്ദയാൽ തകരാതിരിക്കു കാ,പ്പുലരിപോൽ
സ്പന്ദിച്ചുണർത്തുകാനന്ദമാം ചിന്തകം;
നന്മനസ്സണയാതെ,യുടയാതെയനുദിനം
ചന്തമേകീടാൻ കൊതിപ്പിതാ, ഗ്രാമ്യകം.

താളം തകരുന്ന യോരോ വിചാരവും
ദൂരേയ്ക്കകറ്റാൻ കഴിയില്ല, സന്തതം,
നെഞ്ചിൻ നെരിപ്പോടുണർത്താ,തനന്തരം
ഹൃദ് സ്മിതമണയാതുയർത്തട്ടെ ജീവിതം.

നേർത്ത രൂപത്തിലിന്നുണരുന്ന സ്നേഹകം
ചേർത്തുനിർത്തുന്നില്ലയാരമ്യമാം വിധം;
ആർത്തിയോടെല്ലാം ലഭിക്കുവാൻ മാത്രമായ്
ഓർത്തണയ്ക്കുന്നിവർ, മാതൃ മുഖാംബുജം.

പാടേ തകർന്ന മനസ്സുമായോർമ്മതൻ
കൂരയിൽത്തന്നെയൊതുങ്ങുവാൻ മാത്രമായ്
നിവർത്താതിരുന്നില്ലെ,യന്നുനിന്നാർദ്രകം;
ചില്ലുപാത്രംപോൽ ത്തകർന്നില്ലെ തായ്മനം..?

അൻവർ ഷാ ഉമയനല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *