രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
♦️♦️💖♦️💖♦️♦️
ഉണർവ്വായുദയമായാരമ്യ മുകുളമാ-
യോരോ വിചാരമായുണരുന്നു തിരുഹിതം
മറവിനാ,ലൊരു ചെറു നാമ്പായ് മുളയ്ക്കുവാൻ
കഴിയാതെയൊന്നായ് കൊതിക്കുന്ന ഹൃത്തിനും
സ്വപ്ന സാക്ഷാത്ക്കാര മേകുവോനാകയാൽ
കഠിനതയ്ക്കിടയിലൂടുണർത്തുന്നു ജീവിതം.
സൃഷ്ടി,സംഹാര,സാക്ഷാത്ക്കാര ഭൂവിതിൻ
ദൃഷ്ടിയാലറിയില്ലതിൻ ശ്രേഷ്ഠയുറവിടം
കരളിലായിരുളകറ്റുംമഹാജ്ഞാനിതൻ
കരുണാർദ്ര കരതലത്താലെഴുതുന്നതിൻ;
കമനീയരൂപമാ, യാ,കൃപാവല്ലഭൻ
കാരിരുമ്പിൽനിന്നുയർത്തുന്ന നാദവും,
കരിമ്പാറയിൽനിന്നുണർവ്വിൻ സലിലവും
ജീവന്റെയുൾത്തുടിപ്പും രമ്യ നന്മയും
കവിതപോലുണരുന്നയോരോ പ്രഭാതവും,
കമനീയമായൊഴുകുന്നതാമരുവിയും.
കരളിനാലറിയേണമിരുളിൻ കുളിർമ്മയാ-
യുണരുന്നയോരോ മലരിൻ മഹാസ്മിതം
കനകനൂൽക്കൊണ്ടുദയ ഹൃദയങ്ങൾചേർക്കുന്ന-
യലിവിൻ കിരണമായുണരുന്ന നന്മകം;
കാരുണ്യമേ,നിന്റെയോരോ സ്മരണയാ-
യുണരുന്നു സ്പന്ദനമായുള്ളിലാ,സ്വരം
ഹൃദയാർദ്രമായലിഞ്ഞൊഴുകുന്നു കവിതയായ്,
കാണുന്നതാം ദിവ്യചൈതന്യമാം വരം.
നിറവിലൂടുണരും പ്രഭാതമായ്, സാന്ധ്യമാ-
യാനന്ദജാലമായുണരുന്ന സുസ്മിതം
അത്യത്ഭുതങ്ങൾതൻ നിത്യാർദ്ര ഭംഗിയാ-
ലെത്ര വസന്തങ്ങൾ സൃഷ്ടിപ്പു സന്തതം;
നമിക്കുന്നുദയമേ,യൊടുവിലാ, കാൽക്കലായ്
സായന്തനത്താലറിവായുണർന്ന നീ.
ഊഷരഭൂവിൽ നിന്നുറവയുണർത്തുവോ,നാർദ്രമാം
ഭാഷയാലേകീന്ദ്രജാലവും
വ്യതിരിക്തമെല്ലാമതിരമ്യ സൃഷ്ടികൾ
ശ്രേഷ്ഠതയോടേകിയാർദ്രമാം ദൃഷ്ടികൾ…
