ഇറ്റുവീഴും മഴ തുള്ളിയുള്ളിൽ
പേറ്റുനോവാകുന്നു കാഴ്ചകൾക്ക്
കാറ്റുവന്നാകെയും തട്ടിയെന്നിൽ
പൂറ്റുകൾ തീർക്കുന്നു പൊൻകുളിരിൻ.

കൈനീട്ടിനിൽക്കുന്ന മാമരങ്ങൾ
കൈതകൾ ചേലുള്ള പൂമരങ്ങൾ
കണ്ണുനീർ തോൽക്കുന്ന നീർച്ചോലകൾ
മണ്ണിന്റെ സായൂജ്യമായിടുന്നു.

തളിരിട്ടു നിൽക്കും ചെമ്പകത്തിൽ
അതിർവിട്ടു പൂത്ത ശാഖികളിൽ
കൊതിയോടെ നോക്കും കുഞ്ഞുങ്ങളും
മതിപോലുല്ലസിച്ചാറാടുന്നു.

തായമ്പകത്തിന്റെ മേളം പോലെ
താളം തുള്ളീടുന്നു തുള്ളി മണ്ണിൽ
താരാട്ടു പാടുന്നപോലെയല്ലല്ലോ
താഴത്തെത്തോട്ടിലെ വെട്ടിൽ വൃന്ദം
മണ്ണട്ട മണ്ണിന്റെയുള്ളിൽ നിന്നും
തിണ്ണം തുടിക്കുന്നു ജീവനായി
മണ്ണിട്ടു മൂടിയ പാടങ്ങളിൽ
കന്നുകൾ പൂട്ടുന്നു മണ്ണിളക്കി.

കുന്നിന്റെ മേലാപ്പിനുള്ളിൽ നിന്നും
മന്ദമൊഴുകുന്ന നീരുറവ
കന്ദരമെത്തുകിൽ സാരണിയായ്
സുന്ദര ദൃശ്യമായ് തീർന്നീടുന്നു.

കാടുകൾ മേടുകൾ തോടുകളും
കാടകത്തുള്ളതാം ചോലകളും
പക്ഷികൾ വൃക്ഷലതാദികളും
മോക്ഷം ലഭിച്ചപോലാടി കേളി.

മച്ചിന്റെ മോളിലായ് വീഴും മഴ
ഉച്ചനീചത്വമില്ലാതെ വാഴും
അച്ചാരം വാങ്ങാതെയാർക്കുമായി
തേച്ചുമിനുക്കുന്നു വീഥികളെ.

മേഘങ്ങൾ നീഹാരതുള്ളികളാൽ
മണ്ണിലെകാവ്യങ്ങൾ തീർത്തിടുമ്പോൾ
വാതിൽ തുറക്കുന്ന കാറ്റുപോലെ
ഹൃത്തു തുറക്കുന്നു ചാറ്റൽമഴ
മങ്കു വിളയുന്ന ഭൂമികയെ
പൂങ്കാവനങ്ങളായ് മറ്റും മഴ
ചങ്കുകൾ കല്ലുകളാണെങ്കിലും
തങ്ക മനസ്സുകളാക്കിടുന്നു.

തോമസ് കാവാലം

By ivayana

Leave a Reply

Your email address will not be published. Required fields are marked *