രചന : പ്രസീദ ദേവു ✍️
പട്ടണം ചുറ്റി നടക്കുവാൻ
ഞാനെൻ്റെ
പട്ടുപാവാടയും വിറ്റു,
പട്ടിണിയില്ലെന്ന്
ചൊല്ലുവാൻ ഞാനെൻ്റെ
കൊയ്ത്തുപാടങ്ങളും വിറ്റു,
നല്ല ശീലങ്ങൾക്കു വളമിട്ടു
തന്നൊരു മുത്തശ്ശിയമ്മയെ വിറ്റു,
നല്ലതു മാത്രം പറഞ്ഞു ശീലിപ്പിച്ച
നാടിനെ ഞാനിന്നു വിറ്റു,
നല്ലത് ചൊല്ലി ഉണർത്തിയ കിളികളെ
കൂട്ടിലാക്കി ഞാനിന്നു വിറ്റു,
നല്ലത് പോലെ ചിരിക്കുന്ന പൂവിനെ
മുറ്റമില്ലാതെയാക്കി ഞാൻ വിറ്റു,
നല്ല കനിപഴങ്ങൾ തരുന്നൊരു
മരങ്ങളെ പോലും വേരോടെ വിറ്റു,
നല്ലതു കാട്ടി തന്നൊരാ ഗ്രാമത്തെ
കണ്ണടച്ചങ്ങു ഞാൻ വിറ്റു,
അമ്മയെ ,അച്ഛനെ,
ബന്ധുമിത്രാദികളെ
അറിയാത്ത പോലെ ഞാൻ വിറ്റു,
അങ്ങേലെ കോലായിൽ നിന്നെന്നെ
വിളിക്കുന്ന കുശലവാക്കുകൾ
ഞാനിന്നു വിറ്റു,
നേരമിരുട്ടിയാൽ ചൂട്ടും പിടിച്ച്
വരുന്നൊരാ നാട്ടുകാരൻ്റെ
കരുതലെ ഞാനിന്നു വിറ്റു,
എൻ്റെ ചിരികളിലൊത്തു ചേരാറുളള
നാട്ടിടവഴികളും ഞാനിന്നു വിറ്റു,
സന്ധ്യയാവുമ്പോൾ എന്നും
ചൊല്ലാറുമുള്ള
നാമജപങ്ങൾ വിറ്റു,
അന്തിക്ക് വായിച്ച പുസ്തകത്താളിലെ
അക്ഷര ജ്ഞാനം വിറ്റു,
വിറ്റിട്ടും വിറ്റിട്ടും തീരാതെ
ഞാനെൻ്റെ
വീടിനെ നോക്കി കരഞ്ഞു,
വിട്ടു പോകല്ലെ ചക്കരെയെന്നവൾ
കാതോരമായി മൊഴിഞ്ഞു,
നാട്ടിൻപുറത്തുള്ള
കുട്ടിയായ് ഞാനിന്നു വാശി പിടിച്ചു
കരഞ്ഞു,
നാടു മുഴുക്കെ കൂടെ കരഞ്ഞെൻ്റെ
തോളോടു തോളിലായ്
ചേർന്നു,
പെരുമഴക്കാലത്ത്
പെറ്റെഴുന്നേൽക്കുന്ന
ഈയാംപാറ്റ കണക്കല്ലോ നമ്മൾ,
വാങ്ങി കൊടുക്കുക
ജീവിതത്തിനായ് നാം
വിറ്റിട്ടു പോയവ എല്ലാം,
നേടി കൊടുക്കുക
ഭൂമിയ്ക്കു വേണ്ടി നാം
നല്ലതു മാത്രമായ് എന്നും,
