ഐ വായനയുടെ എല്ലാ നല്ലവരായ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ !

രണ്ടുപേരിൽ
ഒരാൾ പിരിഞ്ഞതിൻ ശേഷം
അപരനെങ്ങനെ ജീവിക്കുമെന്ന്
നാമൊരിക്കലും
ചിന്തിച്ചിട്ടില്ലല്ലോ—
തനിയെ ഉതിരുന്ന ശ്വാസങ്ങൾ
സ്വയം ഭാരമായി മാറിയേക്കാം
നിശ്ശബ്ദ രാത്രികൾ
തുഴയറ്റ വഞ്ചികൾ പോലെ
കാറ്റിലുലഞ്ഞേക്കാം
വാക്കുകൾ
വെയിലേറ്റ പൂവിന്റെ
വാസനപോലെ
മങ്ങിയൊഴിഞ്ഞേക്കാം
കണ്ണുകൾ
നിശ്ചലമായ തടാകങ്ങൾ പോലെ
ഓർമ്മകളെ കുടിപ്പിച്ച്,
ചോദിക്കാത്ത ചോദ്യങ്ങൾ
കണ്ണുനീർ മണലിൽ അടക്കി,
ഉറങ്ങാതിരുന്നേക്കാം —
ശരണമറ്റൊരു ഹൃദയം
പകുതി താളത്തിൽ മാത്രം
മിടിച്ചേക്കാം —
പിരിയുക എന്നത്
ഒരാൾക്കുള്ള യാത്രയല്ല,
രണ്ടുപേരുടെയും
ഒരു അസ്തമയമാണ് —
ഒരാൾക്ക്
ശരീരത്തിന്റെ നിശ്ശബ്ദ മരണം,
മറ്റേയാൾക്ക്
ആത്മാവിലും —
എങ്കിലും
ആരാദ്യമെന്നൊരു ചോദ്യം
വെറുതെ പോലും
നാം പരസ്പരമിതുവരെ
ചോദിച്ചിട്ടില്ലല്ലോ_

സെറ എലിസബത്ത്

By ivayana