രചന : ബിന്ദു അരുവിപ്പുറം ✍️
പൂത്തമാങ്കൊമ്പിലായൂഞ്ഞലാടിക്കൊണ്ട്
പൂങ്കുയിൽ പാടിരസിയ്ക്കയല്ലോ.
സ്നേഹത്തിൻ തുള്ളികളിറ്റുവീഴുന്നേരം
അറിയാതെയുള്ളിൽ കുളിരുതിർന്നു.
പൂഞ്ചോല ചുറ്റിവന്നെത്തുന്ന തത്തമ്മ-
പ്പെണ്ണിന്റെ ചുണ്ടിലെയീണം കേൾക്കേ
കുഞ്ഞിക്കിളികളൊരായിരം വന്നെത്തി
പാട്ടുപടിച്ചതറിഞ്ഞോ നിങ്ങൾ?…
കൂട്ടിലിരിയ്ക്കുമാ കുഞ്ഞിക്കിളികളും
തെന്നലിന്നൊപ്പമായ് മൂളുന്നുണ്ടേ.
മഴമേഘപ്രാവുകൾ കുറുകുന്ന നേരത്ത്
പ്രണയരാഗം മൂളി കാർമുകിലും!
അത്തിമരത്തിന്റെ ചോട്ടിൽ കുരുവികൾ
ഇഷ്ടമായ് നല്ല വിരുന്നൊരുക്കി
പുത്തൻ പുലരിയ്ക്കു സ്വാഗതമോതുവാൻ
ഭക്തിയോടെ നല്ലൊരീണമിട്ടു.
പാട്ടിന്റെ പാലാഴി തീർക്കാൻ കുയിലുകൾ
കനവിന്റെ തീരത്തു വന്നിരുന്നു.
കുളിരെഴും ചെറുകാറ്റു വന്നുതലോടവേ
മലരിൻ സുഗന്ധമൊഴുകിയെത്തി.
