ചില സ്നേഹങ്ങൾ
കത്തിന്റെ മേൽവിലാസം
തെറ്റിയതുപോലെയാണ്—
ശരിയായ ഹൃദയം തേടി
ജീവിതം മുഴുവൻ
തപാൽക്കാരനായി അലയും.
ഞാൻ വിരിച്ച കൈകൾ
ഒരു പാലമായിരുന്നു;
അവർ കടന്നുപോയി,
പാലത്തിന്റെ പേരുപോലും
ഓർത്തില്ല.
എന്റെ നെഞ്ചിൽ അവർ
എത്രയോ
മഴക്കാലം കഴിച്ചു.
വേനൽ വന്നപ്പോൾ
എന്റെ തണൽ മാത്രം
അനാഥമായി നിന്നു.
ഞാൻ നൽകിയ വിശ്വാസം
കിണറിന്റെ വെള്ളം പോലെ
ആഴമുള്ളതായിരുന്നു.
അവർക്ക് വേണ്ടിയിരുന്നത്
ദാഹം തീരുവോളം കുടിക്കുക മാത്രം—
കിണറിന്റെ ആഴം
ആരും അളന്നില്ല.
എന്റെ വാക്കുകൾ
ചില്ലകളിൽ കൂടുകൂട്ടിയ
കിളികളായിരുന്നു.
അവർ കേട്ടത്
പാട്ട് മാത്രം.
കൂടുകെട്ടാൻ
എത്ര ഇലകൾ കൊഴിഞ്ഞുവെന്ന്
ആരും ചോദിച്ചില്ല.
ഒടുവിൽ
ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം—
സ്നേഹത്തെ
വലിച്ചുനീട്ടി
ആരുടെയും വാതിലിൽ
ഉണക്കാനിടരുത്.
മഴയ്ക്ക്
ആകാശം മതി.
പൂവിന്
കാറ്റ് മതി.
നദിക്ക്
കടൽ മതി.
പക്ഷേ—
ഹൃദയത്തിന്
ഒരു മനുഷ്യൻ വേണം..
ആ മനുഷ്യൻ
നിന്റെ സ്നേഹത്തെ
ഭാരമായി കാണുന്നുവെങ്കിൽ,
അവിടെനിന്ന്
നിശ്ശബ്ദമായി
തിരിഞ്ഞുനടക്കുക.
കാരണം,
ചവിട്ടിമെതിച്ച പൂവിന്റെ
സുഗന്ധം പോലും
ഭൂമിയെ വെറുക്കാറില്ല—
പക്ഷേ,
അത് വീണ്ടും
അതേ കാലടിക്കീഴിൽ
വിരിയാറുമില്ല.💚

By ivayana

Leave a Reply

Your email address will not be published. Required fields are marked *