എന്റെ സ്വപ്നസങ്കല്പത്തിന്റെ ഭാണ്ഡം
ഞാൻ അഴിക്കുകയാണ്.
ആരോരും ആലംബംമില്ലാത്ത നാളിൽ
സഖേ, നീയെന്റെ അരികത്ത് വന്നില്ലേ?
എന്റെ ആത്മസംഘർഷങ്ങളിൽ
മധുരമാം വാക്കുകൾ ചൊരിഞ്ഞില്ലേ?
ദുഃഖങ്ങളിൽ സാന്ത്വനമേകുവാൻ
ഇടറി വീഴുമെനിക്കായി….
നീ തോളുകൾ കാട്ടിത്തന്നില്ലേ?
ചുട്ടുപഴുത്തോരൻ ചങ്കിൽ
ശിശിരമാസക്കുളിരായി
അങ്ങോളം ഒപ്പമുണ്ടാകുമെന്ന്
ഉറപ്പേകി നീ….
നിന്റെ സ്നേഹാലിംഗനങ്ങളിൽ
എന്റെ ഹൃദന്തത്തിൽ
ദുഃഖം കുമിളകളായ് പൊട്ടി…
നീ ചേർത്തുപിടിച്ചു ലാളിച്ചപ്പോൾ
സഖേ, എന്റെ നൊമ്പരങ്ങൾ
ആറിത്തണുത്തുപോയി.
പൗർണ്ണമിരാവിൽ,
ഒഴുകി പരക്കുന്ന പൂനിലാവിൽ
നാമൊന്നായലിഞ്ഞുചേർന്നു.
എത്രയോ വൈശാഖപൗർണ്ണമികൾ
ഇനിയും നമുക്കുവേണ്ടി
കാത്തിരിക്കുന്നുണ്ടാവാം…
കണ്ടുമുട്ടിയനേരത്തു
ഞാൻ നിന്റെ വിരിമാറിൽ
തലചായ്ച്ചു വിതുമ്പി കരയവേ
നിന്റെ നിശബ്ദമാം തലോടലിൽ
ഞാൻ ആശ്വാസം കാണ്ടു.
പിന്നെ ആനന്ദനിർവൃതിയിലാണ്ടുപോയി.
ആകുലചിത്തയായി
ഉറങ്ങാത്തരാത്രികൾ
എത്രയോ കടന്നുപോയത്
നീയറിഞ്ഞതേയില്ല.
വ്യഥകളുടെ അന്ധകാരം
എന്നെ വിഴുങ്ങുന്ന വേളയിൽ
നീയെന്നിൽ തൂവെളിച്ചം തൂകിയെത്തി…
എന്റെ മോഹങ്ങൾക്ക്
നീ മഴവിൽവർണ്ണങ്ങളേകി.
നിന്നിൽ ഞാൻ കണ്ടതെന്നും
നൈർമല്യമുള്ളൊരു മാനസം മാത്രം.
പ്രപഞ്ചമേ,
നിന്നോടുള്ള പ്രണയത്തിലൂടെ
ഞാൻ പുനർജനിക്കുകയായിരുന്നു.
നീ എന്റെ ജീവനിൽ മധു പകർന്നു…
ജീവന്റെ ജീവനും
പ്രാണന്റെ പ്രാണനും നീ തന്നെ…
മുമ്പ് നാം കണ്ട സ്വപ്നങ്ങളത്രയും
വൈകിയാണെങ്കിലും പൂവണിഞ്ഞല്ലോ!

By ivayana

Leave a Reply

Your email address will not be published. Required fields are marked *