നീതിസാരങ്ങളാലിരുചിറ വരച്ചിട്ട
നിയതവഴി നിലവറയ്ക്കുള്ളിൽ
ശബ്ദം വിഴുങ്ങി വിഴുങ്ങിയ കൂനയാൽ
ഒരു മൗനവല്മീകമടയിരുത്തി
അരുതു കേട്ടരുതു കേട്ടഴിവിധിക്കുള്ളിൽ
അവൾ അവളെ നേദിച്ച ഹവിസ്സിൽ
എരിയും കിനാക്കളിലുയരും പുകച്ചുരുൾ
എഴുതീ അവൾക്കൊരു പേര്
ധർമ പത്നി… ഇവൾ ധർമപത്നി
പാതിമെയ്യായവൾ പതിതമെയ്യായവൾ
പ്രണയത്തിനീശ്വരപുരാണമായോൾ
തുടു ചോര അവനൊരു രതിപുഷ്പമാക്കുവാൻ
പിടയുന്ന ശ്വാസം തടുത്തുനിർത്തീ
കുലമഹിമയനുസരണ ചിതൽ തിന്നു പോകാതെ
കുരുതിക്കു കരുതിക്കഴുത്തു വച്ചൂ
ചിതറിത്തെറിച്ചൊരാ ചെഞ്ചോര
തൊട്ടെടുത്തെഴുതീ അവൾക്കൊരു പേര്
ധർമപത്നി… ഇവൾ ധർമപത്നി
എണ്ണയില്ലാത്തൊരാ യന്ത്രത്തുരുമ്പിൻ
പൊടിച്ചീളു കൂട്ടി വച്ചവളൊരുക്കി
കൊടുചുഴലിയിളകും ഞരക്കം മറയ്ക്കുവാൻ
മോഹങ്ങൾ ഗർഭത്തലുരുകിദ്രവിയ്ക്കുവാൻ
പൊട്ടിയകരൾ വെന്തു കല്ലായി മാറുവാൻ
ശിഷ്ടമുള്ളിഷ്ടവും ദാനം കൊടുത്തവൾ
വ്യർത്ഥയാനങ്ങളിൽ പുഞ്ചിരിച്ചൂ
ആ കരി വെയിൽ പൂക്കൾ കൊണ്ടെഴുതീ
അവൾക്കൊരു പേര്
ധർമ പത്നി…. ഇവൾ കുല ധർമപത്നി

By ivayana

Leave a Reply

Your email address will not be published. Required fields are marked *